സര്‍വസ്വീകാര്യമായി റോട്ടയുടെ സേവനങ്ങള്‍
text_fieldsദോഹ: ഖത്തര്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റോട്ട (റീച്ച് ഒൗട്ട് ടു ഏഷ്യ) ഖത്തറിലുടനീളം നടത്തിവരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നു. ‘റീച്ച് ഇന്‍ ടു ഖത്തര്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോവുകയാണ് റോട്ട. സോഷ്യല്‍ സ്പോര്‍ട്ട് ആക്ടിവിറ്റീസ് ഫണ്ടിന്‍െറ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി സമൂഹത്തില്‍ റോട്ടയുടെ സ്ഥാനം ഉയര്‍ത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പദ്ധതിയുമായി റോട്ട മുമ്പോട്ടുവന്നത്. ഗള്‍ഫ് കോണ്‍ട്രാക്ടിങ് കമ്പനി, സോഷ്യല്‍ ഡവലപ്മെന്‍റ് സെന്‍റര്‍ തുടങ്ങിയ പങ്കാളികളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന റീച്ച് ഇന്‍ ടു ഖത്തര്‍ പദ്ധതിയില്‍ വീടുകളുടെ ഇന്‍റീരിയര്‍, എക്സ്റ്റീരിയര്‍ നവീകരണ ജോലികളും കൂടാതെ പെയിന്‍റിങ്, പൊതുനവീകരണ അറ്റകുറ്റ പണികള്‍, പുതിയ ഫര്‍ണിച്ചറുകള്‍ സ്ഥാപിക്കല്‍, വൈദ്യുതീകരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ആവശ്യക്കാരെ കണ്ടത്തെി, റോട്ടയുടെ കര്‍മ്മസജ്ജരായ വളണ്ടിയര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രാദേശിക ജനതയുടെ ആവശ്യപ്രകാരം മുന്‍ഗണനയനുസരിച്ച് റോട്ട നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വാധീനമാണ് ജനങ്ങള്‍ക്കിടയിലുള്ളതെന്ന് റോട്ട എക്സിക്യുട്ടീവ് ഡയറക്ടര്‍ ഈസ അല്‍ മന്നാഇ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനുമായി സമൂഹത്തിലെ മുഴുവനാളുകള്‍ക്കും ആവശ്യമായ വിദ്യാഭ്യാസവും ഊര്‍ജവും നല്‍കുകയാണ് ഇത്തരമൊരു സംരംഭത്തിന്‍െറ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ റോട്ട എന്നും മുമ്പിലാണ്. പ്രാദേശിക സംഘടനകളുമായി ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത് വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. റോട്ടയുടെ റീച്ച് ഇന്‍ടു ഖത്തര്‍ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് റോട്ട വളണ്ടിയര്‍ ഹമദ് അല്‍ ജുബാറ പറഞ്ഞു. നമ്മുടെ സ്വന്തം രാജ്യത്തെ പ്രാദേശിക സമൂഹങ്ങളുമായി നേരിട്ടിടപഴകാന്‍ സാധിച്ചുവെന്നും ഇതിലൂടെ ഒരുപാട് കഴിവുകള്‍ ആര്‍ജിച്ചെടുക്കാന്‍ സാധിച്ചുവെന്നും റോട്ട വളണ്ടിയര്‍ ഹമദ് അല്‍ ജുബാറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
