ഖത്തര്‍-ഇന്ത്യ ബന്ധങ്ങള്‍ക്ക് ശക്തി പകരും
text_fieldsഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഖത്തര്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഉപകരിക്കുമെന്നാണ് കരുതുന്നത്. നിക്ഷേപ, ഊര്‍ജ, വ്യോമയാന, ടൂറിസം മേഖലകളില്‍ കൂടുതല്‍ അടുത്ത് സഹകരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഖത്തറിന്‍െറ പങ്ക് വലുതാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്‍െറ 86 ശതമാനവും ഖത്തറില്‍ നിന്നാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1600 കോടി ഡോളറിന് മുകളില്‍ വരും. ആറ് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഖത്തറില്‍ ജോലിയെടുക്കുകയും മാതൃരാജ്യത്തിന്‍െറ സാമ്പത്തിക പുരോഗതിയില്‍ കാര്യമായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.
പ്രധാനമായി ഖത്തറില്‍ നിന്നുള്ള നിക്ഷേപത്തിലാണ് ഇന്ത്യയുടെ കണ്ണ്. ആഗോള ഭൂപടത്തില്‍ വളരെ ചെറുതാണെങ്കിലും പെട്രോളിയം പ്രകൃതിവാതക മേഖലകളില്‍ നിന്നുള്ള വരുമാനത്തിന്‍െറ ബലത്തില്‍ ലോകത്ത് അവഗണിക്കാനാകാത്ത സാമ്പത്തിക ശക്തിയായി മാറിയിട്ടുണ്ട് ഖത്തര്‍.
യൂറോപ്പും അമേരിക്കയുമടക്കം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് ഗവണ്‍മെന്‍റിന് കീഴിലുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയാണ്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ ഫണ്ട് 329 ബില്യന്‍ ഡോളര്‍ ആയി ഉയര്‍ന്നിരുന്നു. ജി.ഡി.പിയുടെ 183.4 ശതമാനം വരുമിത്. 2013ലെ 243.5 ബില്യന്‍ ഡോളറില്‍ നിന്നാണ് കുതിച്ചുചാട്ടമുണ്ടായത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലടക്കം വിദേശത്ത് 20,000 കോടി ഡോളറിലേറെ ഖത്തര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഖത്തര്‍ ഗവണ്‍മെന്‍റുമായും സംരഭകരുമായുമുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചകളിലെ ഊന്നല്‍ നിക്ഷേപ മേഖലയില്‍ തന്നെയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അടിസ്ഥാന വികസന മേഖലയിലെ നിക്ഷേപ കരാറുകള്‍ക്ക് കളമൊരുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘം കഴിഞ്ഞ മാസം ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു.
നിലവില്‍ ഇന്ത്യയിലെ ഖത്തറിന്‍െറ വിദേശനിക്ഷേപം മിതമായ തോതിലാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, റോഡുകള്‍, ഹൈവേകള്‍, എയര്‍പോര്‍ട്ട്, എയര്‍ലൈന്‍സ്, തുറമുഖങ്ങള്‍, ദ്രവീകൃത പ്രകൃതി വാതകം, പെട്രോകെമിക്കല്‍, വളം നിര്‍മാണം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങള്‍ക്കാണ് ഖത്തര്‍ താല്‍പര്യപ്പെടുന്നത്. മാത്രമല്ല, ഖത്തറിന് ഇന്ത്യയുമായി പ്രതിരോധ മേഖലയില്‍ വലിയ ബന്ധവുമുണ്ട്.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യവികസന മേഖലകളില്‍ നിക്ഷേപമിറക്കാനുള്ള സാഹചര്യങ്ങള്‍ ഉറ്റുനോക്കുകയാണ് ഖത്തറിലെ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും. ഹൈവേകള്‍, റെയില്‍വേ, വ്യോമഗതാഗതം, എല്‍.എന്‍.ജി, പെട്രോ കെമിക്കല്‍, ടൂറിസം എന്നിവയിലും നിക്ഷേപ സാധ്യതകള്‍ ഏറെയാണ്. പ്രതിരോധരംഗത്തും പരസ്പരം സഹകരണമുണ്ടാവുമെന്നാണ് കരുതുന്നത്. ഇന്ത്യ പോലുള്ള മഹത്തായ രാജ്യത്ത് വലിയ നിക്ഷേപ പദ്ധതികള്‍ക്ക് ഖത്തര്‍ തയാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി 2015 മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ-ഖത്തര്‍ സഹകരണം കൂടുതല്‍ ശക്തമാക്കാനുതകുന്ന മൂന്ന് ധാരണപത്രങ്ങള്‍ ഈ സന്ദര്‍ശനത്തിനിടയില്‍ ഒപ്പുവക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നൈപുണ്യവികസനത്തിനും വിദ്യഭ്യാസ യോഗ്യതകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും, കസ്റ്റംസ് വിഷയങ്ങളില്‍ സഹകരിക്കുന്നതിനും, വിനോദസഞ്ചാര മേഖലയിലെ വൈദഗ്ധ്യം, പ്രസിദ്ധീകരണങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍ എന്നിവ കൈമാറുന്നതിനും ലക്ഷ്യം വച്ചാണ് ഈ ധാരണപത്രങ്ങള്‍.
പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, പ്രതീക്ഷ നല്‍കുന്ന ഒന്നാണ് നൈപുണ്യവികസനത്തിനും യോഗ്യതകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും വേണ്ടി ഇന്ത്യയും ഖത്തറും ഒപ്പുവക്കാനിരിക്കുന്ന കരാര്‍. ഇത് ഇന്ത്യന്‍ യുവജനങ്ങളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. വ്യോമയാന മേഖലയില്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള ചര്‍ച്ചകളിലും പ്രവാസികള്‍ക്ക് ഗുണകരമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. തിരക്കുകൂടുന്ന സന്ദര്‍ഭങ്ങളില്‍ സീറ്റ് ലഭ്യമാകുന്നത് യാത്രക്കാര്‍ക്ക് ഗുണകരണമാണെങ്കിലും, ഈമേഖലയില്‍ സാധാരണക്കാരായ പ്രവാസികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഉയര്‍ന്ന വിമാനനിരക്കിന്‍െറ വിഷയം ചര്‍ച്ചചെയ്യപ്പെടുന്നില്ലായെന്നത് ഈ വിഷയം പരിഹരിക്കപ്പെടാതെതന്നെ കിടക്കും എന്ന സൂചനയാണ് നല്‍കുന്നത്.
അതേസമയം, സ്കൂള്‍ അവധിക്കാലമാകുമ്പോള്‍ പ്രവാസികുടുംബങ്ങളുടെ ചങ്കിടിപ്പേറ്റുന്ന ഈ പ്രശ്നം ഉന്നതനിലയില്‍ തന്നെ ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടത് ഏറ്റവും അത്യാവശ്യമായ ഒരു ഘട്ടമാണിപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.
ഇന്ത്യയിലെയും ഖത്തറിലെയും ജയിലുകളില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന തടവുകാരുടെ കൈമാറ്റം സംബന്ധിച്ച കരാര്‍ യാഥാര്‍ഥ്യമായാല്‍ ഈ തടവുകാരുടെ കുടുംബങ്ങള്‍ക്ക് അത് ആശ്വാസമാകും.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‍െറ പ്രതിനിധികളുമായി ഇന്ന് വൈകുന്നേരം നടക്കുന്ന പ്രത്യേകപരിപാടിയില്‍ അദ്ദേഹം സംവദിക്കുകയും ചെയ്യുന്നുണ്ട്. ചുരുങ്ങിയ സമയത്ത് നടക്കുന്ന ഈ പരിപാടികളില്‍ പ്രവാസികളുടെ ഏതെങ്കിലും വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് കരുതുന്നത് അമിത പ്രതീക്ഷയായിരിക്കും. അതേസമയം, ഖത്തര്‍ സന്ദര്‍ശനം സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴെ ഖത്തറിലെ ധാരാളം പ്രവാസി ഇന്ത്യക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
അവയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യമായ പരിഗണന നര്‍കുമെന്ന് പ്രതീക്ഷിക്കാം. പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം, അവരുടെ സന്താനങ്ങളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍, അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധ പതിയുമെന്ന് കരുതാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.