ഖത്തറില്‍ നിന്ന് നിക്ഷേപം പ്രതീക്ഷിച്ച് ഇന്ത്യ
text_fieldsദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ ഖത്തറില്‍ നിന്ന് വന്‍ നിക്ഷേപ പ്രതീക്ഷിയാണ് ഇന്ത്യക്കുള്ളത്. ഖത്തറിന്‍െറ പരമോന്നത നിക്ഷേപ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (ക്യു.ഐ.എ)യില്‍ നിന്നുള്ള നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അടിസ്ഥാനവികസന മേഖലയിലാണ് നിക്ഷേപ കരാറുകള്‍ക്ക് കളമൊരുക്കാന്‍ ഉന്നതതല സംഘം കഴിഞ്ഞ മാസം ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു.
നിലവില്‍ ഇന്ത്യയിലെ ഖത്തറിന്‍െറ വിദേശനിക്ഷേപം മിതമായ തോതിലാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, റോഡുകള്‍, ഹൈവേകള്‍, എയര്‍പോര്‍ട്ട്, എയര്‍ലൈന്‍സ്, തുറമുഖങ്ങള്‍, ദ്രവീകൃത പ്രകൃതി വാതകം, പെട്രോകെമിക്കല്‍, വളം നിര്‍മാണം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങള്‍ക്കാണ് ഖത്തര്‍ താല്‍പര്യപ്പെടുന്നത്. മാത്രമല്ല, ഖത്തറിന് ഇന്ത്യയുമായി പ്രതിരോധ മേഖലയില്‍ വലിയ ബന്ധവുമുണ്ട്.
ജനുവരിയില്‍ ഇന്ത്യക്ക് ഖത്തര്‍ പകുതിവിലക്ക് പ്രകൃതി വാതകം നല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിരുന്നു. ഈ കരാര്‍ ഇന്ത്യക്ക് പ്രതിവര്‍ഷം 4,000 കോടി രൂപയുടെ ആദായമാണ് ഉണ്ടാക്കുക. 2028 വരെയാണ് കരാറിന്‍െറ കാലാവധി. 1999ലാണ് ഇരു രാഷ്ട്രങ്ങളും ആദ്യമായി പ്രകൃതി വാതകം ഇറക്കുമതി കരാറില്‍ ഒപ്പുവെച്ചത്. നവംബറില്‍ പെട്രോളിയം മന്ത്രി മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ നിക്ഷേപമിറക്കാനുള്ള സാഹചര്യങ്ങള്‍ ഉറ്റുനോക്കുകയാണ് ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും. ഹൈവേകള്‍, റെയില്‍വേ, വ്യോമ ഗതാഗതം, എല്‍.എന്‍.ജി, പെട്രോ കെമിക്കല്‍, ടൂറിസം എന്നിവയിലും നിക്ഷേപ സാധ്യതകള്‍ ഏറെയാണ്. പ്രതിരോധരംഗത്തും പരസ്പരം സഹകരണമുണ്ടാവുമെന്നാണ് കരുതുന്നത്. ഇന്ത്യ പോലുള്ള മഹത്തായ രാജ്യത്ത് വലിയ നിക്ഷേപ പദ്ധതികള്‍ക്ക് ഖത്തര്‍ തയാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സന്ദര്‍ശനസമയത്ത് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ ഫണ്ട് 329 ബില്യന്‍ ഡോളര്‍ ആയി ഉയര്‍ന്നിരുന്നു.
ജി.ഡി.പിയുടെ 183.4 ശതമാനം വരുമിത്. 2013ലെ 243.5 ബില്യന്‍ ഡോളറില്‍ നിന്നാണ് കുതിച്ചുചാട്ടമുണ്ടായത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലടക്കം വിദേശത്ത് 200 ബില്യന്‍ ഡോളറിലേറെ ഖത്തര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.