വീട്ടുവാടക കുതിപ്പിന് കടിഞ്ഞാണ്‍ വീണതായി റിപ്പോര്‍ട്ട്
text_fieldsദോഹ: വീട്ടുവാടക നിരക്കില്‍ ഏഴ് വര്‍ഷമായി തുടരുന്ന കുതിപ്പ് കുറഞ്ഞതായി റിപ്പോര്‍ട്ട്. പല കമ്പനികളും ജീവനക്കാരുടെ എണ്ണം കുറച്ചതോടെ ഒഴിഞ്ഞുകിടക്കുന്ന പല പാര്‍പ്പിട കേന്ദ്രങ്ങളിലും താമസക്കാരെ കിട്ടാനില്ളെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയെ ഉദ്ധരിച്ച് വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ദോഹയുടെ സമീപപ്രദേശങ്ങളിലും വാടക കുറയുന്ന സാഹചര്യമാണുള്ളത്. വിദേശജോലിക്കാരുടെ വരവോടെ രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുകയും താഴ്ന്ന വേതനക്കാരുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇടത്തരം വരുമാനക്കാരുടേതിന് സമാനമായ താമസ കേന്ദ്രങ്ങള്‍ക്കാണ് രാജ്യത്തെ ഉയര്‍ന്ന വേതനം പറ്റിയ പലരും ഇപ്പോള്‍ പരിഗണന നല്‍കുന്നത്. ഊര്‍ജരംഗത്തെയും ആരോഗ്യരംഗത്തെയും അതുപോലെ ഗവണ്‍മെന്‍റ് സഹായം പറ്റുന്ന പല കമ്പനികളും ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതും താമസകേന്ദ്രങ്ങള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണമായി പറയുന്നു.
മികച്ച നിലവാരത്തിലുള്ള താമസകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന പേള്‍ ഖത്തറില്‍ മാസ വാടക 500 മുതല്‍ 1000 റിയാല്‍ വരെ കുറഞ്ഞതായി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി.ടി.ഇസഡിന്‍െറ അസോസിയേറ്റ് ഡയറക്ടര്‍ ജോണി ആര്‍ച്ചര്‍ പോര്‍ട്ടലിനോട് പറഞ്ഞു. ഒരു ബെഡ് റൂം ഫ്ളാറ്റിന് ശരാശരി 11,000 മുതല്‍ 12,500 വരെയും മൂന്നു ബെഡ് റൂമിന് 16,000 മുതല്‍ 18,000 റിയാല്‍ വരെയുമാണ് ഇപ്പോഴത്തെ വാടക നിരക്ക്. ഇടത്തരം നിരക്ക് ഈടാക്കുന്ന ബിന്‍ മഹ്മൂദ്, അല്‍ സദ്ദ് ഏരിയകളില്‍ 500 മുതല്‍ 1000 റിയാലിന്‍െറ കുറവ് പ്രകടമായതായി ആര്‍ച്ചര്‍ പറയുന്നു.
നജ്മ, മന്‍സൂറ ഭാഗങ്ങളില്‍ കുറഞ്ഞ നിരക്കില്‍ പാര്‍പ്പിടങ്ങള്‍ ലഭ്യമാകുന്നതിനാല്‍ നേരത്തെ ഉയര്‍ന്ന വാടക നല്‍കി താമസിച്ചുവരികയായിരുന്ന ദോഹയുടെ പ്രാന്തത്തിലുള്ള പലരും ഇങ്ങോട്ടേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ദോഹയുടെ മധ്യഭാഗത്ത് വ്യക്തികള്‍ക്ക് നല്‍കാതെ മൊത്തമായി ഖത്തര്‍ എയര്‍വെയ്സ് പോലുള്ള വന്‍കിട കമ്പനികള്‍ക്ക് ലീസിന് നല്‍കാനായി മാറ്റിവച്ച പല പാര്‍പ്പിടങ്ങളും ഇപ്പോള്‍ ഒഴിഞ്ഞുകിടപ്പാണ്. ചില കമ്പനികള്‍ താമസസ്ഥലം നല്‍കുന്നതിന് പകരം വീട്ടുവാടക അലവന്‍സ് നല്‍കുകയും തൊഴിലാളികളോട് വീടുകള്‍ കണ്ടത്തൊന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. വീട്ടുവാടക കുറയുന്ന സാഹചര്യമുണ്ടെങ്കിലും നിലവിലെ താമസക്കാരുടെ വാടക വര്‍ധിപ്പിക്കുന്ന വീട്ടുടമസ്ഥരുമുണ്ട്.
പുതിയ സാഹചര്യത്തില്‍ താമസം മാറ്റാന്‍ തയാറായാല്‍ കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാണെന്നതാണ് വസ്തുത. കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്ത് ഒഴിഞ്ഞുകിടക്കുന്ന വാടകവീടുകളിലേക്ക് താമസക്കാരെ ആകര്‍ഷിക്കുന്നവരെയും കാണാം.
പേള്‍ ഖത്തറിലെ വന്‍കിട പാര്‍പ്പിട പദ്ധതികളായ പോര്‍ട്ടോ അറേബിയ (13 ടവറുകള്‍), വിവ ബഹറിയ തുടങ്ങിയവയില്‍ പലതിന്‍െറയും നിര്‍മാണം അവസാനഘട്ടത്തിലാണ്. വൈകാതെ ഇവയും താമസക്കാരെ തേടും, ഇതോടെ ഇനിയും പാര്‍പ്പിട കേന്ദ്രങ്ങള്‍ സുലഭമാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.