ഖത്തര്‍ റെയിലിലും ആരോഗ്യമേഖലയിലും പിരിച്ചുവിടല്‍
text_fieldsദോഹ: സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തര്‍ റെയില്‍ കമ്പനിയില്‍ അമ്പതോളം ജീവനക്കാര്‍ പിരിച്ചുവിടല്‍ നടപടികള്‍ക്ക് വിധേയരായതായി പ്രമുഖ വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും എണ്ണം കുറക്കല്‍ നടപടികള്‍ തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന നഴ്സുമാരും ഫാര്‍മസിസ്റ്റുകളുമടക്കം ആയിരത്തോളം പേരെ പിരിച്ചുവിടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വാതക-ഊര്‍ജരംഗത്തും ജീവനക്കാരുടെ എണ്ണം ഇനിയും കുറക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞവര്‍ഷം 3,000 പേര്‍ക്കാണ് ഖത്തര്‍ പെട്രോളിയത്തില്‍ നിന്ന് ജോലി നഷ്ടമായത്. മറ്റൊരു പ്രമുഖ കമ്പനിയായ റാസ് ഗ്യാസിലും, കൂടാതെ ദാനിഷ് ഓയില്‍ കമ്പനി, മെര്‍സ്ക് ഓയില്‍ തുടങ്ങിയവയിലും നൂറോളം പേര്‍ക്ക് നിലവില്‍ ജോലി നഷ്ടമായിട്ടുണ്ട്.
പൊതുഖജനാവിലേക്കുള്ള വരവ് കുറഞ്ഞതും ചെലവ് ചുരുക്കല്‍ നടപടികളുടെയും ഭാഗമായാണ് ജീവനക്കാരുടെ എണ്ണം ചുരുക്കുന്നത്. ഖത്തര്‍ ആദ്യമായി ബജറ്റ് കമ്മിയിലേക്കാണ് നീങ്ങുന്നതെന്ന പ്രവചനവുമുണ്ട്. മറ്റു കമ്പനികളുടെ പാത പിന്തുടര്‍ന്ന് ഖത്തര്‍ മ്യൂസിയംസ്, ഉരീദു, അല്‍ ജസീറ തുടങ്ങി സ്ഥാപനങ്ങളിലും ഈവര്‍ഷം ജോലി നഷ്ടമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോകബാങ്കിന്‍െറ പ്രവചനപ്രകാരം 2016 വര്‍ഷം ക്രൂഡോയില്‍ വില ഇതേരീതിയില്‍ തുടരാനാണ് സാധ്യത.
ഖത്തര്‍ റെയില്‍ തങ്ങളുടെ പദ്ധതികളില്‍ മുക്കാല്‍ പങ്കും പൂര്‍ത്തിയാക്കിയ വേളയിലാണ് ജീവനക്കാരുടെ എണ്ണം കുറക്കാനൊരുങ്ങുന്നത്. എന്നാല്‍ താരതമ്യേന നല്ല ആനുകൂല്യങ്ങളാണ് പിരിച്ചുവിടുന്ന ജീവനക്കാര്‍ക്കായി ഖത്തര്‍ റെയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അകാദമിക് വര്‍ഷം തീരുന്നവരെ സ്പോണ്‍സര്‍ഷിപ്പ് അനുവദിക്കുകയും എന്‍.ഒ.സി ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സാമ്പത്തിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടമാകുന്ന ജീവനക്കാരുടെ പ്രയത്നങ്ങള്‍ തങ്ങള്‍ മറക്കുന്നില്ളെന്നും സ്ഥാപനത്തിന്‍െറ വളര്‍ച്ചയാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നതെന്നും ഖത്തര്‍ റെയില്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല അല്‍ സുബെയ് പറഞ്ഞതായി പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ജോലിയില്‍ തുടരുന്നവര്‍ പൊതുവെ ആശങ്കയിലാണെന്നും പലര്‍ക്കും ഭാവിയിലെ ജോലിസ്ഥിരതയില്‍ ഉത്കണ്ഠയുണ്ടെന്നും പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലരും പുതിയ അവസരങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ ശ്രമം തുടങ്ങിയതായും പറയുന്നു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പിരിച്ചുവിടല്‍ വാര്‍ത്തകളോട് ഇതുവരെ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ആയിരത്തോളം പേരാണ് നടപടി കാത്തുകഴിയുന്നതെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാസം പിരിച്ചുവിടല്‍ നടപടികളുണ്ടാവുമെന്ന് അറിയിച്ചിരുന്ന സിദ്റ മെഡിക്കല്‍ കോളജില്‍ നിന്ന് ഈയാഴ്ചയില്‍ 200 പേരാണ് മടങ്ങാന്‍ തയാറെടുത്തിരിക്കുന്നത്. കൂടാതെ നിശ്ചിത കലാവധി കരാറുകളുള്ള പലരുടെയും കോണ്‍ട്രാക്ടുകള്‍ പുതുക്കുന്നില്ളെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.