താഴ്ന്ന വരുമാനക്കാര്‍ക്ക് സമ്മാനം നല്‍കാന്‍ ഖത്തര്‍ ചാരിറ്റിയുടെ കൂപ്പണുകള്‍
text_fieldsദോഹ: ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ ജോലിക്കാര്‍ക്കും ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ സംഭാവനങ്ങള്‍ സ്വരൂപിക്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ പുതിയ പരിപാടി. ‘യെസ്തഹ്ലൂന്‍ -അവര്‍ കൂടുതല്‍ ദയ അര്‍ഹിക്കുന്നു’ എന്ന പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടിയിലൂടെ കമ്പനികള്‍ക്കും മറ്റു വ്യക്തികള്‍ക്കുമായി അഞ്ച് റിയാലിന്‍െറയും പത്ത് റിയാലിന്‍െറ കൂപ്പണുകള്‍ വിതരണം ചെയ്യും. വ്യക്തികള്‍ പണം നല്‍കി കൈപ്പറ്റുന്ന ഇത്തരം കൂപ്പണുകള്‍ തങ്ങളുടെ കീഴിലെ ജീവനക്കാര്‍ക്കോ വീട്ടുജോലിക്കാര്‍ക്കോ സമ്മാനമായി നല്‍കാനാവും. ടിപ്പായി ജോലിക്കാര്‍ക്ക് ലഭിക്കുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് ഖത്തര്‍ ചാരിറ്റിയുടെ ഏഴോളം കേന്ദ്രങ്ങളില്‍ സജ്ജമാക്കുന്ന സെക്കന്‍റ്ഹാന്‍റ് ബ്രാന്‍റഡ് ഉല്‍പന്നങ്ങളില്‍നിന്ന് ഇഷ്ടപ്പെട്ടവ തെരഞ്ഞെടുത്തു വാങ്ങാം. ലേബര്‍ ക്യാമ്പുകളിലും മറ്റുമായി സജീകരിക്കുന്ന ഖത്തര്‍ ചാരിറ്റിയുടെ ഇത്തരം കേന്ദ്രങ്ങളില്‍ മിതമായതോതില്‍ ഉപയോഗിച്ച വസ്ത്രങ്ങളും, വീട്ടുപകരണങ്ങളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുമാണ് ലഭ്യമാക്കുക. ഓരോ കമ്പനികളിലും ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ പണമായി വിതരണം ചെയ്യുക പ്രയാസമാണ്, എന്നാല്‍, എല്ലാ ജീവനക്കാര്‍ക്കും ഇത്തരം കൂപ്പണുകള്‍ വാങ്ങി പാരിതോഷികമായി നല്‍കാവുന്നതാണെന്ന് ഖത്തര്‍ ചാരിറ്റി പ്രവര്‍ത്തകനായ അഹമ്മദ് സിദാന്‍പറഞ്ഞു. പണമായി ലഭിക്കുന്ന കേവലം അഞ്ച് റിയാലിന് വാങ്ങാവുന്ന വസ്തുക്കള്‍ കുറവാണെന്നിരിക്കെ, നിലവാരമുള്ള വസ്ത്രമോ മറ്റു വസ്തുക്കളോ ഇത്തരം കൂപ്പണുകള്‍കൊണ്ട് വാങ്ങാന്‍ സാധ്യമാകുന്നുവെന്നതാണ് ഇതിന്‍െറ പ്രധാന സവിശേഷത.
നിലവില്‍ ചാരിറ്റി നടത്തുന്ന ‘തായിഫ്’ പ്രചാരണ പരിപാടിയുടെ ഭാഗമായി രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, സ്കൂളുകള്‍ തുടങ്ങി ഇരുനൂറോളം കേന്ദ്രങ്ങളിലൂടെ ശേഖരിക്കുന്ന സംഭാവനകളും കുറഞ്ഞരീതിയില്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും വൃത്തിയാക്കിയ ശേഷം ചാരിറ്റിയുടെ വിവിധ കേന്ദ്രങ്ങള്‍ വിതരണം ചെയ്യുകയാണ് പതിവ്. എല്ലാ കേന്ദ്രങ്ങളിലും ഇത്തരം ഉപയോഗിച്ച മത്തേരം ബ്രാന്‍റഡ് ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ അഞ്ച് റിയലിന് ലഭ്യമാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലോ മറ്റു നിരത്തുകളിലോ നമ്മെ സഹായിക്കുന്നവര്‍ക്ക് പണത്തിന് പകരം ഇത്തരത്തിലുള്ള കൂപ്പണുകള്‍ നല്‍കുന്നതിലൂടെ തങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ ഉല്‍പന്നങ്ങള്‍ കരസ്ഥമാക്കാനാകും. കുറഞ്ഞ സംഖ്യയാണ് തങ്ങള്‍ക്ക് ടിപ്പായി ലഭിച്ചതെങ്കിലും പലരും അത് അനാവശ്യമായി ചെലവഴിക്കുകയാണ് പതിവ്. ഖത്തര്‍ ചാരിറ്റിയുടെ അല്‍ വക്റ, അല്‍ ഖോര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ക്ക് പുറമെ ലേബര്‍ ക്യാമ്പുകളിലേക്ക് ഇത്തരം സാധനങ്ങളുമായി മൊബൈല്‍ ഷോപ്പുകള്‍ ഓടിക്കാനും പരിപാടിയുണ്ട്.
കൂപ്പണുകളിലൂടെ ലഭിക്കുന്ന പണം ഖത്തര്‍ ചാരിറ്റി സിറിയ, നേപ്പാള്‍ തുടങ്ങി വിദേശങ്ങളിലെ വിവിധ ജീവനകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. നേരത്തെ വിവിധ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന വസ്ത്രങ്ങളും പതുപ്പുകളും മറ്റും ആവശ്യക്കാരായ രാജ്യങ്ങളിലേക്ക് കപ്പല്‍ മാര്‍ഗം കയറ്റിയയക്കുകയായിരുന്നു പതിവ്. ഇതിന് ഭാരിച്ച പണം ആവശ്യമായതിനാല്‍ ഇപ്പോള്‍ സംഭാവനകള്‍ പണമായി നല്‍കി ആവശ്യക്കാരായ രാജ്യങ്ങളോട് തങ്ങളുടെ സമീപ സ്ഥലങ്ങളില്‍നിന്ന് ആവശ്യമായ വസ്തുക്കള്‍ വാങ്ങാന്‍ അനുവാദം നല്‍കുകയാണ് ചെയ്യുന്നത്. സിറിയയിലെ ചാരിറ്റി സംഘടനകള്‍ക്ക് സമീപരാജ്യമായ തുര്‍ക്കിയില്‍നിന്ന് ഇങ്ങനെ അവശ്യവസ്തുക്കള്‍ വാങ്ങാവുന്നതാണ്. സംഭാവനക്ക് പുറമെ വീട്ടുസാധനങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഉപയോഗിച്ച വാഹനങ്ങള്‍ എന്നിവയും രാജ്യത്തുതന്നെ വിതരണം ചെയ്യാനൂം ലേലം കൊള്ളാനുമായി സ്വരൂപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.