രാജ്യത്ത് ഇന്നലെ 113 വാഹനാപകടങ്ങള്‍
text_fieldsദോഹ: ഇന്നലെ പുലര്‍ച്ചെയുണ്ടായ കടുത്ത മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് ഖത്തറിന്‍െറ വിവിധഭാഗങ്ങളിലായി നൂറിലേറെ വാഹനാപകടങ്ങളുണ്ടായി. കടുത്ത മൂടല്‍മഞ്ഞും ഗതാഗത ചട്ടങ്ങള്‍ പിന്തുടരാത്തതും കാരണം ഇന്നലെ 113 വാഹനാപകടങ്ങളുണ്ടായതായി ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. അപകടങ്ങളില്‍ ആരെങ്കിലും മരിച്ചതായോ ഗുരുതരമായ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശമാല്‍ റോഡ്, അല്‍ ഖോര്‍ തീരദേശ റോഡ്, ഉം കര്‍ന ഇന്‍റര്‍സെക്ഷന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായി അപകടങ്ങള്‍ നടന്നത്. ശമാല്‍ റോഡില്‍ ഇരുപതോളം വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു. ഉംസലാല്‍ കഴിഞ്ഞ ഉടനെയുള്ള പാലത്തിന് തൊട്ടു മുമ്പ് ഉം അല്‍അഹ്്മദിലായിരുന്നു സംഭവം.
ആദ്യം രണ്ട് വാഹനങ്ങള്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരിക്കെ പിന്നാലെ വന്ന വാഹനങ്ങള്‍ ഇവയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ ഗുരുതരമായ പരിക്കില്ളെങ്കില്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ഉടന്‍ സംഭവ സ്ഥലത്ത് നിന്ന് മാറ്റണമെന്ന് നിയമയമുണ്ട്. എന്നാല്‍, അത് ചെയ്യാതെ തര്‍ക്കത്തിലേര്‍പ്പെട്ടതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. സംഭവത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ ട്രാഫിക് പട്രോള്‍ വിഭാഗം നീക്കി.
ദൂരക്കാഴ്ച കുറയുമെന്നും വാഹനങ്ങളുടെ ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കരുതെന്നും അധികൃതര്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. ദൂരക്കാഴ്ച തീരെ കുറഞ്ഞ റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കാനും വാഹനങ്ങള്‍ തടയാനും ട്രാഫിക് പൊലീസ് പട്രോളിങ് വിഭാഗം രംഗത്തുണ്ടായിരുന്നു. മൂടല്‍മഞ്ഞുള്ള സമയത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റ് വാഹനങ്ങള്‍ എത്ര വേഗതയിലാണെങ്കിലും മറികടക്കുന്നത് ഒഴിവാക്കണം. മഞ്ഞ് വളരെ കൂടുതലാണെങ്കില്‍ വാഹനം നിര്‍ത്തി റോഡിന്‍െറ വലതുവശത്ത് പാര്‍ക്ക് ചെയ്യണം. വാഹനമോടിക്കുമ്പോള്‍ ഹൈ ബീം ലൈറ്റുകളും ഹസാര്‍ഡ് ലൈറ്റുകളും ഉപയോഗിക്കരുത്. പെട്ടെന്ന് നിര്‍ത്തേണ്ടിവരുമ്പോള്‍ മാത്രം ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കുക. ഫോഗ് ലൈറ്റുകളും ലോ ബീം ലൈറ്റുകളും മാത്രം ഉപയോഗിക്കുക. ദൂരക്കാഴ്ച കുറയുമ്പോള്‍ ഈ സീസണില്‍ മൂടല്‍ സാധാരണമാണ്.
ശനിയാഴ്ചയാണ് ഏറ്റവും കടുത്ത മൂടല്‍ അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ അന്തരീക്ഷം ഏറെക്കുറെ തെളിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
