ആയുര്‍വേദത്തിന് അംഗീകാരം: ക്യു.സി.എച്ച്.പിയില്‍ വന്‍പ്രതികരണം
text_fieldsദോഹ: ആയുര്‍വേദവും ഹോമിയോപതിയുമടക്കം അഞ്ച് ചികിത്സ സമ്പ്രദായങ്ങള്‍ക്ക് അംഗീകാരം നല്‍കിയ സുപ്രീം ആരോഗ്യ കൗണ്‍സിലിന് കീഴിലുള്ള ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണേഴ്സിന് (ക്യു.സി.എച്ച്.പി) വന്‍പ്രതികരണങ്ങള്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ട്. ബദല്‍ ചികിത്സ രീതികളുടെ സാധ്യതകളും അംഗീകാരത്തെക്കുറിച്ചും അന്വേഷിച്ച് ക്യു.സി.എച്ച്.പിയെ സമീപിക്കുന്നത് നിരവധി പേരാണ്. ഇ മെയിലിലൂടെയും ടെലിഫോണ്‍ വഴിയും വിവിധ അന്വേഷണങ്ങള്‍ക്കായി തങ്ങളെ സമീപിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും ഇത്തരം ചികിത്സ രീതികളുടെ ആവശ്യകതയാണ് ഇത് കാണിക്കുന്നതെന്നും ക്യു.സി.എച്ച്.പി ആക്ടിങ് സി.ഇ.ഒ ഡോ. സമര്‍ അബൗല്‍സൗദ് പ്രമുഖ പ്രാദേശിക പത്രത്തോട് പറഞ്ഞു. ബദല്‍ ചികിത്സക്ക് അംഗീകാരം നല്‍കിയതിന് പിന്നില്‍ മതിയായ കാരണങ്ങളുണ്ടെന്നും എന്നാല്‍, നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ളെങ്കില്‍ ഇത്തരം ചികിത്സ രീതികളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ചികിത്സ രംഗത്തും ചികിത്സകര്‍ക്കും മതിയായ യോഗ്യതയും ഗുണമേന്മയും ആവശ്യമാണ്. ഇത്തരം ആളുകള്‍ക്കേ ലൈസന്‍സ് നല്‍കുകയുള്ളൂ. ഇതിനായി കൃത്യമായ വ്യവസ്ഥകള്‍ കൊണ്ടുവരുമെന്നും ഡോ. സമര്‍ പറഞ്ഞു. ഹിജാമ, ചിറോപ്രാക്ടിക്, ഹോമിയോപ്പതി, ആയുര്‍വേദം, അക്യുപങ്ചര്‍ തുടങ്ങിയ ചികിത്സരീതികളില്‍ പ്രാക്ടീസ് നടത്തുന്നവര്‍ രാജ്യത്ത് സാധാരണമാകും. ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു. കോംപ്ളിമെന്‍ററി മെഡിസിന്‍ എന്ന പുതിയ ബദല്‍ ചികിത്സ രീതികള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള യോഗ്യരായവരില്‍നിന്ന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ ലഭിക്കുന്ന മുറക്ക് പരിശോധന പൂര്‍ത്തിയാക്കി ലൈസന്‍സുകള്‍ നല്‍കും. ചികിത്സ രീതികളുടെ വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും ക്യു.സി.എച്ച്.പി വൈകാതെ പുറത്തിറക്കും. നിലവിലെ ആശുപത്രികളുടെ ഭാഗമായോ പുതിയ ക്ളിനിക്കുകളായോ, പോളി ക്ളിനിക്കുകളായോ ആയിരിക്കും ചികിത്സ കേന്ദ്രം തുടങ്ങാനാവുക. എന്നാല്‍, ആവശ്യമായത്ര നിലവാരം പുലര്‍ത്തുന്നവയായിരിക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ട്.
പ്രധാനമായി രണ്ട് ഏജന്‍സികളാണ് ഖത്തറിലെ ആരോഗ്യസംരക്ഷണ രംഗത്ത് നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തുന്നത്. ആരോഗ്യസംരക്ഷണ രംഗത്ത് പ്രാക്ടീസ് ചെയ്യുന്നവരെ ക്യു.സി.എച്ച്.പിയും രോഗികളുടെ സുരക്ഷയും ഗുണനിലവാരവും സംരക്ഷിക്കാനായി ഫെസിലിറ്റീസ് ഡിപ്പാര്‍ട്ട്മെന്‍റുമാണ് പ്രവര്‍ത്തിക്കുന്നത്. ക്യു.സി.എച്ച്.പി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്ന സര്‍ക്കാര്‍ മേഖലയിലുള്ളവര്‍ക്കും സ്വകാര്യരംഗത്തുള്ളവര്‍ക്കും ബദല്‍ ചികിത്സകേന്ദ്രങ്ങള്‍ക്കായി അപേക്ഷിക്കാമെന്ന് ഡോ. സമര്‍ പറഞ്ഞു.
ശാസ്ത്രത്തിന്‍െറ പിന്‍ബലമുള്ളതും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചികില്‍സാരീതികള്‍ക്കുമാണ് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക. ഇത്തരം ചികിത്സ കേന്ദ്രങ്ങളുടെ സ്വാധീനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ സമയമായിട്ടില്ളെന്നും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇത്തരം രീതികള്‍ രാജ്യത്തുണ്ടാക്കുന്ന മാറ്റങ്ങള്‍ കണ്ടുതുടങ്ങുകയുള്ളൂവെന്നും ഡോ. സമര്‍ പറഞ്ഞു. വിവിധ ചികിത്സ രീതികള്‍ നിലവില്‍ വരുന്നതോടെ ആശുപത്രികള്‍ക്ക് മുമ്പിലെ കാത്തിരിപ്പ് ഒഴിവാക്കാനാകും. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തങ്ങളുടെ തൊഴില്‍ മേഖല പുനരാരംഭിക്കാനും പുതിയ നിയമം പ്രാബല്യത്തില്‍ ആവുന്നതോടെ സാധ്യമാകുമെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
