എട്ട് പെട്രോള്‍ സ്റ്റേഷനുകളിലെ നിയമലംഘനങ്ങള്‍ പിടികൂടി
text_fieldsദോഹ: ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിലും ബില്‍ നല്‍കുന്നതിലും വീഴ്ച വരുത്തിയ എട്ട് പെട്രോള്‍ സ്റ്റേഷനുകളിലെ നിയമലംഘനങ്ങള്‍ പിടികൂടി. വിലയില്‍ വ്യത്യാസം വരുത്തിയതായും ശരിയായ ബില്ലു നല്‍കാതെയും കൃത്രിമം കാട്ടുന്നതായുമാണ് വാണിജ്യ മന്ത്രാലയം അധികൃതര്‍ കണ്ടത്തെിയത്. ഇത്രയും പമ്പുകളിലായി 11 നിയമലംഘനങ്ങള്‍ കണ്ടത്തെി.
ഇത്തരം നിയമലംഘനങ്ങള്‍ ശിക്ഷാര്‍ഹമാണെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സേവനം സുഗമമാക്കുന്നതിനും മികച്ച രീതിയില്‍ ഉപഭോക്താക്കളെ സമീപിക്കുന്നതിന് ജീവനക്കാരെ പരിശീലിപ്പിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പരാതികളുടെയും മന്ത്രാലയം പ്രതിനിധികള്‍ നടത്തിയ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് മുന്നറയിപ്പ്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ പമ്പുകള്‍ക്ക് ബാധ്യതയുണ്ടെന്നും ഇത് ജീവനക്കാര്‍ക്ക് ബോധ്യപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ശരിയായി സേവനം നല്‍കാത്തത് കൊണ്ടാണ് പലപ്പോഴും പമ്പുകളില്‍ തിരക്കനുഭവപ്പെടുന്നത്. ഉപഭോക്താക്കളില്‍ നിന്ന് രേഖപ്പെടുത്തിയ വില മാത്രമേ ഈടാക്കാവൂ. കൂടുതല്‍ ഈടാക്കുന്നുവെങ്കില്‍ പരാതിപ്പെടാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. പമ്പിന്‍െറ സ്ക്രീനില്‍ തെളിയുന്ന പണം മാത്രമേ നല്‍കേണ്ടതുള്ളൂ.
വാഹനങ്ങളില്‍ നിറച്ച ഇന്ധനത്തേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്തി ബില്‍ നല്‍കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കമ്പനികളില്‍ നിന്ന് അധികം തുക ഈടാക്കാനായി ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരം കൃത്രിമങ്ങള്‍ക്ക് ജീവനക്കാര്‍ കൂട്ടുനില്‍ക്കാന്‍ പാടില്ല. കൃത്രിമം കാണിക്കുന്ന പമ്പുകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കമ്പ്യൂട്ടര്‍ ബില്‍ ഇല്ലാതെ സാധാരണ ബില്‍ എഴുതിക്കൊടുക്കുന്നതാണ് കൃത്രിമത്തിന് സഹായിക്കുന്നത്. പൂര്‍ണമല്ലാത്തതും ശരിയായ വിവരങ്ങള്‍ രേഖപ്പെടുത്താത്തതുമായ ബില്ലുകള്‍ തയാറാക്കുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാല്‍ 3,000 മുതല്‍ ഒരു ലക്ഷം വരെ റിയാല്‍ പിഴയടക്കേണ്ടി വരുന്നതാണ് ശിക്ഷ.
നിയമം ലംഘിക്കുന്നതായി കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ തയാറാകണമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.