പ്രവാസികള്‍ക്ക് ഉപകാരപ്രദമാവുന്ന മൊബൈല്‍ ആപ്പ് ഖത്തറിലും
text_fieldsദോഹ: തൊഴില്‍, ജീവിത പ്രശ്നങ്ങളില്‍പ്പെട്ട് അധികൃതരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായവും സേവനവും തേടേണ്ടിവരുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രയോജനപ്രദമായ മൊബൈല്‍ ആപ് മിഗ് കാളിന്‍െറ സേവനം ഖത്തറിലും ലഭ്യം. സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സേവനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ കേന്ദ്ര പ്രവാസി വകുപ്പ്, ഇന്ത്യന്‍ എംബസി, സന്നദ്ധ സംഘടനകള്‍ എന്നിവിടങ്ങളിലേക്ക് വിളിക്കാനും എസ്.എം.എസും ഇ മെയിലും അയക്കാനും സൗകര്യം നല്‍കുന്നതാണ് ആപ്പ്. ഒമാനിലെ മലയാളി മാധ്യമ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനും ചേര്‍ന്ന് വികസിപ്പിച്ച മിഗ് കാള്‍ ആപ്പിന്‍െറ സേവനം ഗള്‍ഫിലെ എല്ലാ പ്രവാസി ഇന്ത്യക്കാര്‍ക്കും ലഭ്യമാകുന്ന വിധമാണ് തയാറാക്കിയിരിക്കുന്നത്.
ഗൂഗിള്‍ പ്ളേസ്റ്റോറിലാണ് ആദ്യഘട്ടത്തില്‍ ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ ഐ ഫോണിലും ലഭിക്കും. 2.8 എം.ബി മാത്രമുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പേരും മൊബൈല്‍ നമ്പരും രാജ്യവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുന്നതോടെ രജിസ്റ്റര്‍ ചെയ്യപ്പെടും. ഇംഗ്ളീഷിന് പുറമേ മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി ഭാഷകള്‍ ഉള്‍പ്പെടുത്തിയത് സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന രാജ്യത്തെ നമ്പറുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഗൂഗിള്‍ പ്ളേസ്റ്റോറില്‍ മിഗ് കോള്‍ എന്ന് ടൈപ്പ് ചെയ്താല്‍ ആപ്പ് ലഭ്യമാകും.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വ്യാപകമായ കാലത്ത് അവശ്യഘട്ടങ്ങളില്‍ ആര്‍ക്കും പെട്ടെന്ന് പെട്ടെന്നു ബന്ധപ്പെടാന്‍ സൗകര്യമൊരുക്കുകയാണ് ചെയ്തതെന്ന് ‘മിഗ് കോള്‍’ എന്ന ആശയം രൂപപ്പെടുത്തിയ ടൈംസ് ഓഫ് ഒമാന്‍ ലേഖകന്‍ കെ. റജിമോന്‍ പറഞ്ഞു. മസ്കത്തിലെ സാമൂഹിക പ്രവര്‍ത്തകനായ ജോസ് ചാക്കോയാണ് ഇദ്ദേഹത്തെ സഹായിച്ചത്. കഴിഞ്ഞ ദിവസം മസ്കത്ത് ഇന്ത്യന്‍ അംബാസിഡര്‍ ലോഞ്ച് ചെയ്ത ആപ്പ് ഇതിനകം 6000ലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. ഹോം പേജില്‍ തന്നെ ഇന്ത്യന്‍ എംബസി, പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകര്‍, ഡല്‍ഹിയിലെ ഇമിഗ്രേഷന്‍ പ്രൊട്ടക്ടര്‍, ഡല്‍ഹിയിലെ മറ്റു ആറ് ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഇ മെയില്‍ വിലാസങ്ങളുമാണ് ആപ്പിന്‍െറ ഹോം പേജില്‍ കൊടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
