പുതിയ പ്രകൃതിവാതക കരാര്‍: ഇന്ത്യക്ക് ലാഭം പ്രതിവര്‍ഷം 40 കോടി രൂപ
text_fieldsദോഹ: റാസ് ഗ്യാസും പെട്രോനെറ്റും തമ്മില്‍ പുതുക്കിയ ദ്രവീകൃത പ്രകൃതി വാതക കരാറനുസരിച്ച് ഇന്ത്യക്ക് പ്രതിവര്‍ഷം 40 കോടി രൂപ ലാഭിക്കാം. ആഗോള വിപണിയില്‍ എണ്ണവിലയിടിഞ്ഞ പശ്ചാത്തലത്തിലാണ് ഇന്ത്യയുമായുളള ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) കരാറില്‍ ഖത്തര്‍ മാറ്റം വരുത്തിയത്. 2004ല്‍ ഒപ്പുവെച്ച കരാറില്‍ പറഞ്ഞ അളവില്‍ കഴിഞ്ഞ വര്‍ഷം പ്രകൃതി വാതകം വാങ്ങാതിരുന്നതിന് ഇന്ത്യക്ക് മേല്‍ ചുമത്തിയ 12,000 കോടി രൂപയുടെ പിഴ ഇളവ് ചെയ്തിട്ടുമുണ്ട്. 2015ല്‍ റാസ് ഗ്യാസില്‍ നിന്ന് കരാറനുസരിച്ച് വാങ്ങേണ്ടിയിരുന്നതിനേക്കാളും 32 ശതമാനം കുറവ് എല്‍.എന്‍.ജി മാത്രമേ ഇന്ത്യ വാങ്ങിയിരുന്നുളളൂ.
ഖത്തറില്‍ നിന്നുള്ള എല്‍.എന്‍.ജി ഇറക്കുമതി ദീര്‍ഘകാല കരാറില്‍ ഇന്ത്യയുടെ നഷ്ടം കുറയ്ക്കാനായുള്ള ചര്‍ച്ചകള്‍ പെട്രോനെറ്റും റാസ് ഗ്യാസും തമ്മില്‍ നടന്നുവരികയായിരുന്നു. നിരന്തരം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ കരാര്‍ പുതുക്കാന്‍ തീരുമാനമായത്. ഇതിന്‍െറ ഭാഗമായി നവംബറില്‍ ഖത്തര്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പുതുക്കിയ കരാറനുസരിച്ച് പ്രതി വര്‍ഷം 40 കോടി രൂപയുടെ ലാഭം ലഭിക്കുക ഇന്ത്യയിലെ ദേശീയ കമ്പനിയായ പെട്രോനെറ്റിനാണ്. 2004ലാണ് 25 വര്‍ഷത്തേക്ക് എല്‍.എന്‍.ജി വാങ്ങുന്നതിനായി ഇന്ത്യ ഖത്തറുമായി കരാര്‍ ഒപ്പിട്ടത്. ഒരു വര്‍ഷം 7.5 ദശലക്ഷം ടണ്‍ എല്‍.എന്‍.ജി വാങ്ങാമെന്നാണ് കരാര്‍. ആദ്യ അഞ്ച് വര്‍ഷം ഒരു ദശലക്ഷം ബി.ടി.യു (ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റ്) എല്‍.എന്‍.ജി 2.53 ഡോളറിനും ശേഷമുളള കാലയളവിലേക്ക് ഒരു ദശലക്ഷം ബി.ടി.യു എല്‍.എന്‍.ജിക്ക് 12 മുതല്‍ 13 ഡോളറുമാണ് കരാറനുസരിച്ച് ഇന്ത്യ ഖത്തറിന് നല്‍കേണ്ടിയിരുന്നത്. കരാറനുസരിച്ചുളള തുകയുടെ പകുതി നിരക്കില്‍ പെട്രോനെറ്റിന് എല്‍.എന്‍.ജി ലഭിക്കുന്ന സാഹചര്യത്തിലാണ് കരാര്‍ പുതുക്കാന്‍ ഇന്ത്യയുടെ ആവശ്യപ്രകാരം ഖത്തര്‍ തയാറായത്.
പൊതുവിപണിയേക്കാള്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഇതിന്‍െറ 68 ശതമാനം മാത്രമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. രാജ്യാന്തര വില കുറഞ്ഞു നില്‍ക്കുമ്പോഴും കരാറിലെ വില നിര്‍ണയരീതി പ്രകാരം ഉയര്‍ന്ന വില ഇന്ത്യ നല്‍കേണ്ട അവസ്ഥയായിരുന്നു. ഏഷ്യന്‍ വിപണിയില്‍ ഒരു ബി.ടി.യുവിന് (ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റ്) ഏഴ് മുതല്‍ എട്ട് ഡോളര്‍ വരെ സ്പോട്ട് വിലയുള്ളപ്പോഴാണ് കരാര്‍ പ്രകാരം ഇന്ത്യ 12 മുതല്‍ 13 ഡോളര്‍ നല്‍കിക്കൊണ്ടിരുന്നത്. റാസ് ഗ്യാസിന്‍െറ ആകെ ഉല്‍പാദനത്തിന്‍െറ പത്ത് ശതമാനത്തോളം ഇന്ത്യയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
2028 ഏപ്രില്‍ വരെ ഒരു വര്‍ഷം 7.5 ദശലക്ഷം ടണ്‍ എല്‍.എന്‍.ജി വാങ്ങാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍െറ മൂന്നു മാസത്തെ ശരാശരി വില കണക്കാക്കിയാണ് പുതിയ വില നിശ്ചയിക്കുന്നത്. പുതിയ വില നിര്‍ണയ രീതി നിലവില്‍ വരുന്നതോടെ കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്യാന്‍ ബാക്കിയുള്ള 32 ശതമാനം എല്‍.എന്‍.ജിയും വരുംവര്‍ഷം അധികമായി പെട്രോനെറ്റ് വാങ്ങും.
പെട്രോനെറ്റ് റാസ് ഗ്യാസില്‍ നിന്നു വാങ്ങുന്ന എല്‍.എന്‍.ജി പൊതുമേഖല സ്ഥാപനങ്ങളായ ഗെയില്‍ ഇന്ത്യ, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവക്കാണ് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
