ഖത്തര്‍ ടോട്ടല്‍ ഓപണ്‍ : സാനിയ സഖ്യം ക്വാര്‍ട്ടറില്‍ വീണു
text_fieldsദോഹ: ഖലീഫ രാജ്യാന്തര സ്ക്വാഷ് ടെന്നിസ് കോംപ്ളക്സില്‍ നടക്കുന്ന ഖത്തര്‍ ടോട്ടല്‍ ഓപണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ ലാത്വിയയുടെ യെലേന ഒസ്റ്റപെന്‍കോ, സ്പെയിനിന്‍െറ കാര്‍ല സുവാരസ് നവാരോ, ജര്‍മനിയുടെ ആന്ദ്രേ പെറ്റ്കോവിച്ച് എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. അതേസമയം, ഡബിള്‍സില്‍ അജയ്യരായി മുന്നേറുകയായിരുന്ന ചാമ്പ്യന്‍ഷിപ്പിലെ ടോപ് സീഡും ലോക ഒന്നാം നമ്പര്‍ ജോഡിയുമായ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം കോര്‍ട്ടറില്‍ അപ്രതീക്ഷിതമായി അടിതെറ്റി.
അടുത്ത കാലത്തായി കളിച്ച ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച് എതിരാളികളെ നിഷ്പ്രഭരാക്കി ലോക റെക്കോര്‍ഡുകളുമായി മുന്നേറുകയായിരുന്ന ഇന്തോ-സ്വിസ് ജോഡി ഖത്തര്‍ ടോട്ടല്‍ ഓപണിന്‍െറ ക്വാര്‍ട്ടറില്‍ പൊരുതി വീണു. റഷ്യയുടെ എലേന വെസ്നിന-ദാരിയ കസാറ്റ്കിന സഖ്യത്തിന് മുന്നിലാണ് ഹിംഗിസ്-സാനിയ സഖ്യം അടിയറവ് പറഞ്ഞത്. ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ടെന്നിസ് പ്രേമികളുടെ പ്രതീക്ഷ കാത്ത സാനിയ, രണ്ടാം സെറ്റില്‍ വീണതോടെയാണ് കളിയുടെ ഗതി മാറിയത്. നിര്‍ണായകമായ മൂന്നാം സെറ്റില്‍ വെസ്നിന-കസാറ്റ്കിന സഖ്യം അസാമാന്യ പ്രകടനത്തോടെ സെറ്റ് നേടി സെമി ഉറപ്പിക്കുകയായിരുന്നു. ഇരു ടീമുകളും നാല് തവണ ഇരട്ടപ്പിഴവുകള്‍ വരുത്തിയപ്പോള്‍ ബ്രേക്ക് പോയിന്‍റുകള്‍ സേവ് ചെയ്യുന്നതില്‍ ഒന്നാം നമ്പര്‍ ടീം തന്നെയായിരുന്നു മുന്നില്‍. തുടര്‍ച്ചയായ 41 വിജയങ്ങള്‍ക്ക് ശേഷമായിരുന്നു സാനിയ-ഹിംഗിസ് സഖ്യത്തിന്‍െറ പരാജയം.
ക്വാര്‍ട്ടറില്‍ ചൈനയുടെ സെയ്സായ് ഴെങിനെ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് ലോക റാങ്കിംഗില്‍ 88ാം സ്ഥാനത്തുള്ള യെലേന ഒസ്റ്റപെന്‍കോ സെമിയില്‍ തകര്‍ത്തത്. മികച്ച ഷോട്ടുകളുമായി ഒസ്റ്റപെന്‍കോ കളം നിറഞ്ഞ് കളിച്ചപ്പോ ചൈനക്കാരിക്ക് കാര്യമായ പ്രതിരോധം തീര്‍ക്കാന്‍ പോലും സാധിച്ചില്ല. സ്കോര്‍ 6-4, 6-3. യോഗ്യത നേടിയത്തെിയ എലേന വെസ്നിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് സ്പെയിനിന്‍്റെ കാര്‍ലോ സുവാരസ് നവാരോയും സെമി ബര്‍ത്ത് ഉറപ്പിച്ചു. ആദ്യ സെറ്റില്‍ ദയനീയമായി അടിയറവ് പറഞ്ഞ വെസ്നിന രണ്ടാം സെറ്റില്‍ നവാരോക്ക് വെല്ലുവിളിയുയര്‍ത്തി മുന്നേറിയെങ്കിലും എതിരാളിക്ക് മുന്നില്‍ റാക്കറ്റ് വെച്ച് അടിയറവ് പറയാനേ വെസ്നിനക്ക് കഴിഞ്ഞുള്ളൂ. സ്കോര്‍ 6-3, 7-6. നാലാം സീഡ് സ്പെയിന്‍ താരം ഗാര്‍ബിന്‍ മുരുഗുസയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മുട്ടുകുത്തിച്ച് ജര്‍മനിയുടെ ലോക 27ാം റാങ്കുകാരി ആന്ദ്രേ പെറ്റ്കോവിച്ചും സെമിയില്‍ പ്രവേശിച്ചു. ആദ്യ സെറ്റില്‍ അനായാസം മുന്നേറിയ ജര്‍മന്‍ താരത്തിന് പക്ഷേ രണ്ടാം സെറ്റില്‍ തിരിച്ചടിയേറ്റു. എന്നാല്‍ മൂന്നാം സെറ്റില്‍ വര്‍ധിത വീര്യത്തോടെ തിരിച്ചടിച്ച പെറ്റ്കോവിച്ച് അര്‍ഹിച്ച ജയം നേടുകയായിരുന്നു. സ്കോര്‍ 1-6, 7-5, 2-6.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.