പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം നീട്ടി
text_fieldsദോഹ: രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ (പി.എച്ച്.സി.സി) പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു. സന്ദര്‍ശകര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി അബൂ നഖ്ല, അല്‍ ദായേന്‍, ഉമര്‍ ബിന്‍ ഖത്താബ്, വെസ്റ്റ് ബേ, മിസൈമീര്‍, ഉംസലാല്‍, അല്‍ വഖ്റ, അല്‍ ശഹാനിയ എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കും. ഒരുസമയവും ഒഴിവില്ലാതെയാണ് ഇവിടങ്ങളില്‍ പ്രവൃത്തിസമയം ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇതേ സമയക്രമമാണ് നടപ്പിലാക്കുക.
ആശുപത്രികളിലെ ജനറല്‍ മെഡിസിന്‍, അടിയന്തര വിഭാഗം, രോഗികളെ തരംതിരിക്കല്‍, ഉപഭോക്തൃ സേവനകേന്ദ്രം എന്നീ വിഭാഗങ്ങളാണ് ഈ സമയങ്ങളില്‍ പ്രവര്‍ത്തന സജ്ജമാവുക. സ്പെഷ്യലിസ്റ്റ് വിഭാഗത്തിന്‍െറയും ദന്തരോഗ വിഭാഗത്തിന്‍െറയും സേവനങ്ങള്‍ ഈ സമയങ്ങളില്‍ ലഭ്യമായിരിക്കില്ല. വൈകാതെ ഇവയുടെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും പി.എച്ച്.സി.സി ഓപറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ബകീത്ത് പറഞ്ഞു. ഒഴിവുദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന എയര്‍പോര്‍ട്ട് ഹെല്‍ത്ത് സെന്‍ററിന്‍െറ പ്രവൃത്തി സമയം രണ്ട് ഷിഫ്റ്റുകളിലാക്കി മാറ്റിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് രണ്ടുവരെയും, വൈകുന്നേരം നാല് മുതല്‍ രാത്രി 11 മണിവരെയുമാണ് പുതിയ സമയക്രമം. ശനിയാഴ്ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വന്നിട്ടുണ്ട്. എയര്‍പോര്‍ട്ട് ഹെല്‍ത്ത് സെന്‍ററില്‍ മാര്‍ച്ച് മുതലുള്ള എല്ലാ വെള്ളിയാഴ്ചകളിലും ഇതേ സമയക്രമമാണ് പിന്തുടരുക.
പുതുതായി ലഭിക്കുന്ന ദീര്‍ഘിപ്പിച്ച സമയക്രമം മെഡിക്കല്‍ പരിശോധനകള്‍ക്കും രോഗനിര്‍ണയം, കണ്‍സള്‍ട്ടേഷന്‍ എന്നിവക്കും കൂടുതല്‍ ഗുണകരമാവുകയും, കാത്തിരിപ്പ് സമയം കുറച്ച് രോഗികള്‍ക്ക് ആശ്വാസകരമായ സന്ദര്‍ശനവും സാധ്യമാക്കും. ഇതോടെ പി.എച്ച്.സി.സികളിലെ ഇപ്പോഴുള്ള തിരക്കിന് കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ദോഹ സിറ്റി പി.എച്ച്.സി.സിയിലെ ലബോറട്ടറിയുടെ പുതുക്കിയ സമയം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരു മണിവരെയും വൈകീട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെയുമാണ്.
പുതുതായി ആരംഭിച്ച ലീബെയ്ബ് പി.എച്ച്.സി.സിയിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായും പരിസരപ്രദേശങ്ങളായ 70, 30, 68, 69 തുടങ്ങിയ ഏരിയകളിലുള്ളവര്‍ക്ക് ഇവിടേക്ക് തങ്ങളുടെ രജിസ്ട്രേഷന്‍ മാറ്റാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആദ്യമായി ‘കുടുംബ ഡോക്ടര്‍ സമ്പ്രദായ’ത്തിലുള്ള ചികിത്സ രീതിക്ക് ആരംഭം കുറിക്കുന്നതും ഈ കേന്ദ്രത്തിലാണ്. മദീന ഖലീഫ, അല്‍ ഗറാഫ, വെസ്റ്റ് ബേ തുടങ്ങിയ പി.എച്ച്.സി.സികളില്‍ നിന്ന് തങ്ങളുടെ ഫയലുകള്‍ മറ്റുകേന്ദ്രങ്ങളിലേക്ക് മാറ്റാനാഗ്രഹിക്കുന്നവര്‍ പി.എച്ച്.സി.സി വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.