ദോഹ: ദോഹയില്‍ നിന്ന് ഏകദേശം 60-70 കിലോമീറ്റര്‍ ദൂരെ ജമൈലിയയില്‍ നല്ളൊരു പാര്‍ക്കും മൃഗശാലയുമുണ്ട്. അല്‍ സുവൈര്‍ എന്ന ഉള്‍പ്രദേശത്ത് സ്വദേശി പൗരന്‍െറ ഉടമസ്ഥതയിലുള്ള ഈ പാര്‍ക്കിനെക്കുറിച്ച് ദോഹയിലുള്ള പ്രവാസി സമൂഹം അധികം അറിഞ്ഞിട്ടില്ല. വാരാന്ത്യങ്ങളിലും മറ്റ് ആഘോഷവേളകളിലും പുതിയ ലക്ഷ്യങ്ങള്‍ തേടുന്ന കുടുംബങ്ങള്‍ക്കും ഇവിടേക്ക് വഴിതിരിക്കാവുന്നതാണ്. ദുഖാനില്‍ നിന്നും ശഹാനിയയില്‍ നിന്നും ഇവിടേക്ക് വഴിയുണ്ട്. ദോഹയില്‍ നിന്ന് ശഹാനിയ വഴിയാണ് എളുപ്പം. ഏറെ സഞ്ചാരികള്‍ കടന്നുചെന്നിട്ടില്ലാത്ത ഇവിടം നല്ളൊരു വിനോദഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മുബാറക് റാഷിദ് മന്‍സൂര്‍ അല്‍ നുഐമി എന്ന സ്വദേശി.
പഴയ വാഹനങ്ങളുടെ ശേഖരവും പഴയ കാലത്ത് ഉപയോഗിച്ചിരുന്ന നിത്യോയോഗ വസ്തുക്കളുമെല്ലാം കൗതുകത്തോടെ സൂക്ഷിച്ചിട്ടുള്ള ഇവിടെ ഒട്ടേറെ മൃഗങ്ങളും പക്ഷികളുമുണ്ട്. എന്നാല്‍ അതിനേക്കാളേറെ ആളുകളെ ആകര്‍ഷിക്കുക കൃത്രിമ ജലാശയവും നാട്ടിന്‍പുറത്തെ തോടിനെ ഓര്‍മിക്കുന്ന കനാലുമൊക്കെയാണ്. പാര്‍ക്കിന്‍െറ കാവാടം കടക്കുംമുമ്പേ മുറ്റത്ത് നിരയായി നിര്‍ത്തിയിട്ട വാഹനങ്ങളാണ് സന്ദര്‍ശകരെ വരവേല്‍ക്കുക. ഒരു കാലത്ത് റോഡുകളെ വിറപ്പിച്ചിരുന്ന ടൊയോട്ടയും ജി.എം.സിയുമെല്ലാം പ്രതാപം നശിച്ച്, പൊടിപിടിച്ചും അംഗഭംഗം വന്നും കിടക്കുന്നത് കാണാം. പ്രവേശന കവാടത്തിന്‍െറ ഇരുഭാഗത്തും പഴയ കിണറുകളുടെ മാതൃകയും കപ്പിയും കയറുമെല്ലാം കാണാം. ഇതിനടുത്തായി ഇന്ത്യയിലെ നിരത്തുകളില്‍ കാണുന്ന പഴയൊരു സൈക്കിള്‍ റിക്ഷ. ഇന്ത്യന്‍ റോഡിലൂടെ മൂളിപ്പായുന്ന ഓട്ടോറിക്ഷകളും ജീപ്പുമുണ്ട് പാര്‍ക്കിനകത്ത്. അകത്തേക്ക് കയറിയാല്‍, ഇടതുവശത്തുള്ള കൊച്ചുജലാശയത്തില്‍ മീന്‍പിടിക്കുകയും വെള്ളംകോരുകയും ചെയ്യുന്ന മനുഷ്യക്കോലങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. അറബ് ഗ്രാമീണ ജീവിതം പകര്‍ത്താനുള്ള ശ്രമങ്ങളാണ്. അത്യാവശ്യം മീനുകളുള്ള ഈ വെള്ളക്കെട്ടില്‍ നിന്ന് സന്ദര്‍ശകര്‍ക്കും മീന്‍ പിടിക്കാന്‍ അവസരമുണ്ട്. അതിനടുത്ത് തന്നെ താറാവുകള്‍ക്ക് നീന്തിത്തുടിക്കാനുള്ള ചെറിയൊരു കുളം. കുറച്ച് മുമ്പോട്ട് നടന്നാല്‍ ഭൂമിക്കടിയില്‍ കൃത്രിമമായി നിര്‍മിച്ച ഗുഹയുടെ മുഖത്തത്തെും. പ്ളാസ്റ്റിക് പാമ്പുകളും തേളുകളും മുഖംമൂടികളും തലയോട്ടിയും പ്രേതരൂപങ്ങളുമൊക്കെയുള്ളതാണ് ഗുഹ. കുട്ടികളെയും മറ്റും പേടിപ്പെടുത്താന്‍ ഉദ്ദേശിച്ച് നിര്‍മിച്ച ഗുഹയിലൂടെ 100 മീറ്ററോളം മുമ്പോട്ട് നടക്കാം. ഗുഹക്കുള്ളിലുമുണ്ട് ഒരുഭാഗത്ത് ചെറിയൊരു നീര്‍ക്കെട്ടും അതിലൊരു പെഡല്‍ ബോട്ടും.
ഏകദേശം 30 മീറ്ററോളം നീളത്തിലുള്ള അക്വേറിയവുമുണ്ട് പാര്‍ക്കില്‍. ചില്ലിട്ട ഭാഗം കുറവായതിനാല്‍ മത്സ്യങ്ങളെ അധികം കാണാന്‍ കഴിയില്ല. വിവിധയിനം പക്ഷികള്‍, കുരങ്ങുകള്‍, മാനുകള്‍, ആടുകള്‍, മുതല, ഒട്ടകം തുടങ്ങിയവക്ക് പുറമെ ഒട്ടകവുമായി രൂപസാമ്യമുള്ള ലാമ എന്ന മൃഗവും ഉയരം കുറഞ്ഞ ഇനം കുതിരകളായ പോണിയും ഇവിടെയുണ്ട്. നൂറുക്കണക്കിന് കോഴികളും കാടകളുമുണ്ട്. കാടകളെ ശാസ്ത്രീയമായി വിരിയിച്ചെടുക്കാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. കാടകളും കാട മുട്ടകളുടെയും വില്‍പനയുമുണ്ട്. ഒരു കാടക്ക് അഞ്ച് റിയാല്‍ ആണ് വില.
അത്യാവശ്യം വിസ്താരമുള്ള കൃത്രിമ തടാകത്തിന് നടുവിലായി രണ്ട് തുരുത്തുകളും അവിടെ വിശ്രമിക്കാനും വിനോദത്തിനുമായി കൂടാരങ്ങളുമുണ്ട്. മരപ്പാലം കടന്നുവേണം തുരുത്തിലേക്ക് പോകാന്‍. ജലാശയത്തിന്‍െറ അരികിലായി പഴയ വലിയൊരു രണ്ട് ബോട്ടും നങ്കൂരമിട്ടിട്ടുണ്ട്. തെളിനീര്‍ പരന്നുകിടക്കുന്ന തടാകത്തിന് പക്ഷെ ആഴം തീരെ കുറവാണ്. കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ വിശ്രമിക്കാന്‍ ഇരിപ്പിടങ്ങളും സജ്ജമാണ്. ചുറ്റിനടന്നു കണ്ടുകഴിഞ്ഞാല്‍ വിവിധ കളികളില്‍ ഏര്‍പ്പെടാനായി വലിയൊരു പുല്‍മൈതാനവുമുണ്ട്. ഇവിടെ ഫുട്ബാളും ബാസ്കറ്റ് ബാളും കളിക്കാം. ടേബിള്‍ ടെന്നീസ്, സ്നൂക്കര്‍ തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമുകള്‍ക്കും ഇടമുണ്ട്. ഇന്‍ഡോറില്‍ തന്നെ വലിയൊരു സ്വിമ്മിങ് പൂളുമുണ്ടെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ വെള്ളം വറ്റിച്ചിട്ടിരിക്കുകയാണ്. കുടുംബവുമായും കൂട്ടമായും ഒരു ദിവസം ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് അല്‍ സുവൈര്‍ പാര്‍ക്ക്. പ്രവാസി കൂട്ടായ്മകളുടെ ഒത്തുചേരലുകള്‍ക്ക് തിരക്കില്‍ നിന്നൊഴിഞ്ഞൊരു സ്ഥലം. മോശമല്ലാത്തൊരു സംഖ്യയാണ് ഇവിടെ പ്രവേശനത്തിന് ഈടാക്കുന്നത്. ഒരാള്‍ക്ക് 50 റിയാല്‍ ആണ് ചാര്‍ജ്. കൂടുതല്‍ പേരുണ്ടെങ്കില്‍ ഇത് 20 റിയാല്‍ വരെയായി താഴും. സന്ദര്‍ശകര്‍ക്ക് ഇവിടെ രാത്രി തങ്ങാനുള്ള ഹട്ടുകളുടെ നിര്‍മാണം നടന്നുവരികയാണ്. ആളൊഴിഞ്ഞ മരുഭൂമിക്ക് നടുവിലായി മത്സ്യങ്ങളെയും കോഴികളെയും വളര്‍ത്താനായി ആരംഭിച്ച ഫാം അല്‍ നുഐമി പിന്നീട് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു. യു.എ.ഇ, സൗദി, മൊറോക്കോ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് മൃഗങ്ങളെ കൊണ്ടുവന്നത്. 15 വര്‍ഷം മുമ്പ് തുടങ്ങിയ ഫാം മൂന്ന് കൊല്ലം മുമ്പാണ് ഈ രൂപത്തിലേക്ക് മാറ്റിത്തുടങ്ങിയത്. ഇന്ത്യ, ബംഗ്ളാദേശ്, സുഡാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നായി 25 ഓളം ജോലിക്കാര്‍ ഇവിടെയുണ്ട്. അബ്ദുല്ല എന്ന സുഡാന്‍ പൗരനാണ് പാര്‍ക്കിന്‍െറ മേല്‍നോട്ടം വഹിക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2016 12:18 PM GMT Updated On
date_range 2017-04-04T13:08:04+05:30ജമൈലിയയിലുണ്ട്, വ്യത്യസ്തമായൊരു പാര്‍ക്ക്
text_fieldsNext Story