വില്ലാജിയോ മാള്‍ ദുരന്തം: പുനര്‍വിചാരണ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്
text_fieldsദോഹ: വില്ലാജിയോ മാള്‍ തീപിടിത്ത കേസ് പുനര്‍വിചാരണ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സംഭവത്തില്‍ കുറ്റക്കാരെന്ന് കീഴ്ക്കോടതി കണ്ടത്തെിയ അഞ്ച് പേരെയും കഴിഞ്ഞ ഒക്ടോബറില്‍ ഖത്തര്‍ അപ്പീല്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഈ വിധി റദ്ദാക്കിയ സുപ്രീംകോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടതായി നിയമവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. 2012ലാണ് വില്ലാജിയോ മാളില്‍ തീപിടിത്തമുണ്ടാത്. അപകടത്തില്‍ മാളിലെ ജിംപാന്‍സി നഴ്സറിയിലുണ്ടായിരുന്ന ദുരന്തത്തില്‍ 13 പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം 19 പേരാണ് വെന്തുമരിച്ചത്. നഴ്സറിയിലെ നാല് ജീവനക്കാരും രണ്ട് അഗ്നിശമന സേനാംഗങ്ങളുമാണ് മരിച്ചത്. സുപ്രീംകോടതിയുടെ പുതിയ ഉത്തരവോടെ കീഴ്ക്കോടതി കുറ്റക്കാരെന്ന് കണ്ടത്തെിയ നഴ്സറിയുടെ സഹ ഉടമ, സഹ ഉടമയുടെ മാനേജര്‍, വില്ലാജിയോ മാളിന്‍െറ ചെയര്‍മാന്‍, വില്ലാജിയോ മാള്‍ മാനേജര്‍, നഴ്സറിയുടെ കൊമേഴ്സ്യല്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട് ക്രമകേട് നടത്തിയെന്ന് ആരോപിക്കപ്പെട്ട മുനിസിപ്പല്‍ ജീവനക്കാരന്‍ എന്നിവര്‍ക്കെതിരായ വിചാരണ വീണ്ടും നടക്കും.
കീഴ്കോടതി പ്രതികളെ ആറ് വര്‍ഷം തടവിനാണ് ശിക്ഷിച്ചിരുന്നത്. അപ്പീല്‍ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ശിക്ഷ നടപ്പാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ആര്‍ക്കും ജയിലില്‍ പോകേണ്ടിവന്നില്ല. ഒക്ടോബറില്‍ അപ്പീല്‍കോടതി ഇവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. അതേസമയം മനപൂര്‍വമല്ലാത്ത നരഹത്യയുടെ ഉത്തരവാദിത്തം മാളിന്‍െറ ഉടമസ്ഥാവകാശമുള്ള ഖത്തര്‍ കമ്പനി ഫോര്‍ റിയല്‍ എസ്റ്റേറ്റ് ആന്‍റ് കൊമേഴ്സ്യല്‍ പ്രൊജക്ട്സി(വില്ലാജിയോ)നുണ്ടെന്ന് അപ്പീല്‍കോടതി വിധിപ്രസ്താവിച്ചിരുന്നു. സുപ്രീംകോടതി വിധിയോടെ കേസില്‍ മൂന്നാം വിചാരണയാണ് നടക്കാന്‍ പോകുന്നത്. അപ്പീല്‍ കോടതിയിലായിരിക്കും കേസിന്‍െറ വിചാരണ നടക്കുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ നവംബറില്‍ ഖത്തര്‍ അറ്റോര്‍ണി ജനറല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതത്തേുടര്‍ന്നാണ് കേസ് സുപ്രീംകോടതിയിലത്തെിയത്. സുപ്രീംകോടതി വിധി വില്ലാജിയോ മാള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വൈകിയെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവരെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ജിംപാന്‍സി ഡേ കെയറിലെ ഏഴ് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമാണ് ദുരന്തത്തിനിരയായത്. ദോഹ അല്‍വഅബ് സ്ട്രീറ്റില്‍ ഖലീഫ സ്റ്റേഡിയമുള്‍പ്പെടുന്ന ആസ്പെയര്‍ സോണിന് അരികെയുള്ള വില്ളേജിയോ മാളിന്‍െറ ഗേറ്റ് നമ്പര്‍ മൂന്നിലെ ഒരു കേന്ദ്രത്തില്‍ നിന്നാണ് തീപ്പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമായി കണ്ടത്തെിയിരുന്നത്. 2012 ജൂണിലാണ് കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ നടപടി കോടതി തുടങ്ങിയത്. മാളിലെ എംഫ്ളോറിലെ നൈക്ക് സ്റ്റോറിലെ ഫ്ളൂറസന്‍റ് ലൈറ്റുമായി ബന്ധപ്പെട്ട വയറിങിലെ പിഴവാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഒൗദ്യോഗിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. തീപിടിത്തം വ്യാപിക്കുന്നതിന് മുമ്പ് അണക്കുന്നതില്‍ സ്റ്റോറിലെ ജീവനക്കാര്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വില്ലാജിയോ ദുരന്തത്തില്‍ മൂന്നു വര്‍ഷത്തിലേറെയായി കോടതി നടപടികള്‍ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.