നിശബ്ദസേവനം ചെയ്ത മലയാളി വനിത വിരമിക്കുന്നു
text_fieldsദോഹ: ആതുരസേവന രംഗത്തെ മാലാഖമാരായാണ് നഴ്സുമാര്‍ അറിയപ്പെടുന്നത്. 23 വര്‍ഷത്തോളം അധികമാരും അറിയാതെ അതുല്യസേവനം നടത്തിയ മലയാളി ‘മാലാഖ’യുണ്ട് ദോഹയില്‍. ഖത്തറില്‍ മരണമടയുന്ന വിവിധ രാജ്യക്കാരുടെ മൃതദേഹങ്ങള്‍ പരിചരിക്കുകയും നാടുകളിലേക്കയക്കാന്‍ സഹായിക്കുകയും ചെയ്ത നിശബ്ദ ജീവകാരുണ്യ പ്രവര്‍ത്തക. പത്തനംതിട്ട കുമ്പനാട് സ്വദേശിനിയായ മോളി പോളി മാത്യു ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സ്റ്റാഫ് നഴ്സാണ്. ഈ വര്‍ഷം ജൂണ്‍ ആകുമ്പോള്‍ ഹമദിലെ സേവനത്തിന് 36 വര്‍ഷം തികയും. ഇതിനിടയില്‍ അപകടങ്ങളില്‍ അംഗഭംഗം വന്നതടക്കം ആയിരക്കണക്കിന് മൃതദേഹങ്ങളാണ് അവരുടെ കൈകൊണ്ട് അന്ത്യകര്‍മങ്ങള്‍ക്ക് വിധേയമായത്. ഇപ്പോഴിവര്‍ ഖത്തറിനോട് വിട പറയാനുള്ള ഒരുക്കത്തിലാണ്.
1980 ജൂണ്‍ ഒമ്പതിനാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ വുമന്‍സ് ആശുപത്രിയില്‍ ജൂനിയര്‍ നഴ്സായാണ് ജോലി തുടങ്ങിയത്. ഇപ്പോള്‍ നഴ്സിങ് സൂപ്പര്‍വൈസറായാണ് വിരമിക്കുന്നത്. തുടക്കകാലത്ത് ആരോഗ്യ മന്ത്രാലയത്തിന്‍െറ കീഴിലായിരുന്നു. പിന്നീടാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ രൂപവല്‍കരിച്ചത്. ഖത്തറിലെ മൂന്ന് തലമുറ ഭരണാധികാരികളുടെ കാലത്തും ആതുരസേവകയായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 1993ലാണ് മൃതദേഹങ്ങള്‍ കുളിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്ന സേവന രംഗത്തേക്ക് പ്രവേശിച്ചത്.
ഭര്‍ത്താവും രണ്ട് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് ജോലി കഴിഞ്ഞുള്ള സമയം സേവന പ്രവര്‍ത്തനങ്ങളിലേക്കിറങ്ങിയത്.
ഗോവക്കാരായിരുന്ന ഏതാനും പേരാണ് ഹമദ് ആശുപത്രിയില്‍ ഇത് ചെയ്തിരുന്നത്. അവരോട് ആവശ്യപ്പെട്ട് സംഘത്തില്‍ ചേരുകയായിരുന്നു. ആറ് പേരുള്ള സംഘത്തില്‍ മൂന്ന് പേര്‍ നാട്ടിലേക്ക് പോയി. രണ്ടര പതിറ്റാണ്ടോളം നീണ്ട പ്രവര്‍ത്തനത്തിനിടെ രാജ്യത്ത് മരണമടഞ്ഞ ആയിരക്കണക്കിന് പ്രവാസികളുടെ മൃതദേഹങ്ങളാണ് പരിചരിച്ച് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ജീവകാരുണ്യരംഗത്ത് ഖത്തറിലെ വന്‍മരമായിരുന്ന ഹാജിക്കയോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനം നിശബ്ദയായി ചെയ്തുവന്ന ഇവരെ കൂടുതല്‍ പേര്‍ അറിയാത്തതിനാല്‍ ഏറെ ആദരങ്ങള്‍ അവരെ തേടി എത്തിയിട്ടില്ല. മാര്‍ച്ച് 31ന് പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെയാണ് മീഡിയ വണ്‍ ചാനലിലൂടെ ഇവരുടെ സേവനങ്ങള്‍ നാടറിഞ്ഞത്.
ഇന്‍കാസ്, കള്‍ചറല്‍ ഫോറം, എഫ്.സി.സി തുടങ്ങിയ കൂട്ടായ്മകള്‍ ഇവര്‍ക്ക് ആദരം സംഘടിപ്പിക്കുന്നുണ്ട്.
വിരമിച്ചതിന് ശേഷം ഖത്തറിലെ തന്‍െറ നഴ്സിങ് അനുഭവങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കാനുള്ള ആലോചനയും ഇവര്‍ക്കുണ്ട്. നാട്ടില്‍ പെയിന്‍ ആന്‍റ് പാലിയേറ്റീവ്, ജെറിയാട്രിക് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. നാട്ടില്‍ ബിസിനസ് രംഗത്തുള്ള ഭര്‍ത്താവ് പോളി കെ. മാത്യുവും രണ്ട് മക്കളും മോളിയുടെ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
