ഉമ്മുബിര്‍ക്ക മരുഭൂമിയില്‍ പച്ച വിരിച്ച മലയാളി
text_fieldsദോഹ: അല്‍ ഖോറില്‍ നിന്ന് 16 കിലോമീറ്റര്‍ മാറി ഉമ്മുബിര്‍ക്കയില്‍ 20 ഏക്കറോളം പച്ചപിടിച്ച്കിടക്കുന്നൊരു തോട്ടമുണ്ട്. ഈന്തപ്പനകളും പച്ചപ്പുല്ലും വിവിധയിനം പച്ചക്കറികളുമൊക്കെ പടര്‍ന്നുപന്തലിച്ചുകിടക്കുന്ന കൃഷിയിടം. കോഴികളും താറാവുകളും പശുക്കളും ആടുകളുമൊക്കെയായി നൂറുകണക്കിന് പക്ഷിമൃഗാദികളും ഇവിടെയുണ്ട്. സ്വദേശിയുടെ കൃഷിയിടമാണെങ്കിലും മരുഭൂമിയിലെ ഈ പച്ചപ്പിന് പിന്നില്‍ ഒരു മലയാളിയുടെ വിയര്‍പ്പും ജീവിതവുമുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത കിനാലൂര്‍ ഏഴുകണ്ടി സ്വദേശി അബ്ദുല്ലത്തീഫ് കാല്‍നൂറ്റാണ്ട് കൊണ്ട് വിളയിച്ചെടുത്തതാണിവ. വെറുതെ കൊത്തിക്കിളച്ച് കൃഷിയിടമുണ്ടാക്കിയെന്ന് പറയാന്‍ പറ്റില്ല. അദ്ദേഹത്തിന്‍െറ ത്യാഗപൂര്‍ണവും നിശ്ചയദാര്‍ഢ്യം നിറഞ്ഞതുമായ ജീവിതം തന്നെയാണ് ഈ പച്ചത്തുരുത്ത്.

24 വര്‍ഷം മുമ്പ് ഖത്തറില്‍ ജോലിതേടി വന്നതാണ് അദ്ദേഹം. സെക്യൂരിറ്റി ജീവനക്കാരന്‍െറ ജോലിയെന്നാണ് നാട്ടില്‍ നിന്ന് പോരുമ്പോള്‍ പറഞ്ഞത്. ഇവിടെയത്തെിയപ്പോഴാണ് ഗള്‍ഫ് എന്ന അക്കരപ്പച്ചയുടെ പിന്നിലെ കടുത്ത യാഥാര്‍ഥ്യങ്ങള്‍ മനസിലായത്. ജോലി സെക്യൂരിറ്റിക്കാരന്‍േറത് തന്നെയായിരുന്നു. കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന മരുഭൂമിയില്‍. കയറിക്കിടക്കാന്‍ ഒരു കൊച്ചുതകരക്കൂര. അടുത്തുതന്നെ നിര്‍മാണം തുടങ്ങിയ അറബ് മജ്ലിസ്. ആടുകള്‍ക്കും കോഴികള്‍ക്കുമായിരുന്നു കാവല്‍. കത്തുന്നവെയിലില്‍ മരുഭൂമിയില്‍ ഒരുതണല്‍ മരത്തിനായി ദാഹിച്ചുനടന്നിട്ടുണ്ട്. എന്നെങ്കിലും ആര്‍ക്കെങ്കിലും തണലാവട്ടെ എന്ന് മനസില്‍ കരുതി നട്ടുപിടിപ്പിച്ചവയാണ് ഇന്ന് കാറ്റിലുലഞ്ഞ് നില്‍ക്കുന്ന ഈ മരങ്ങള്‍. ദിവസങ്ങളോളം ഉപ്പുവെള്ളവും ബിസ്കറ്റും കഴിച്ച് ജീവിച്ചിട്ടുണ്ട് അക്കാലത്ത്. മാസാദ്യം കഫീല്‍ കൊണ്ടുവരുന്ന അരി, ചെറുപയര്‍, പരിപ്പ് തുടങ്ങിയവ തീര്‍ന്നാല്‍ പിന്നെ വല്ലതും കിട്ടണമെങ്കില്‍ അല്‍ ഖോര്‍ വരെ നടന്നുപോകണം. പഴയ അല്‍ ഖോര്‍ ഇന്നത്തെ പോലെ പട്ടണമല്ല. ഏതാനും കടകളും വ്യാപാരസ്ഥാപനങ്ങളും മാത്രം. മണ്ണ് കൊണ്ട് ശുദ്ധി വരുത്തിയാണ് അന്ന് നമസ്കാരം നിര്‍വഹിച്ചിരുന്നത്.

ദോഹയില്‍ നിന്ന് ഏറെയകലെ നാട്ടുകാരില്‍ നിന്നെല്ലാം അകന്നുള്ള ജീവിതം ഏറെ ദുസഹമായിരുന്നു. ആദ്യഘട്ടത്തില്‍ മനസിടിഞ്ഞെങ്കിലും എത്തിപ്പെട്ട ജീവിതത്തോട് പൊരുതിയാണ് അബ്ദുല്ലത്തീഫ് ജീവിതവും കൃഷിയിടവും കരുപ്പിടിപ്പിച്ചത്. നാടുംവീടും വീട്ട് പോന്നതല്ളേ, എങ്ങനെയും കരപറ്റണമെന്ന ചിന്തയാണ് അദ്ദേഹത്തെ മുമ്പോട്ട് നയിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് മരുഭൂമിയില്‍ മോശമല്ലാത്ത പച്ചപ്പ് വിളയിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലത്തീഫിന്‍െറ അധ്വാനശീലം മരുഭൂമിയില്‍ വരുത്തിയ മാറ്റം കഫീലിനെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ലത്തീഫിന്‍െറ പ്രയത്നത്തില്‍ മതിപ്പുതോന്നിയ അദ്ദേഹം നല്ല പരിഗണന നല്‍കിത്തുടങ്ങി. അങ്ങനെയാണ് അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി നാട്ടില്‍ പോകാന്‍ അനുവാദം ലഭിച്ചത്. തിരികെവരുമെന്ന് ഉറപ്പുനല്‍കിയതിന് ശേഷമാണ് നാട്ടിലേക്ക് വിട്ടത്. അപ്പോഴേക്കും ഫാമില്‍ ഒരു ബംഗ്ളാദേശ് സ്വദേശിയെ സഹായിയായി നിര്‍ത്തുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ ഒമ്പത് ജോലിക്കാരുണ്ട്. അവര്‍ക്ക് താമസിക്കാന്‍ ഫാം ഹൗസുമുണ്ട്. ഉടമസ്ഥനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വാരാന്ത്യങ്ങള്‍ ചെലവിടാനായി രണ്ട് പുതിയ മജ്ലിസുകളും നിര്‍മിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം മേല്‍നോട്ടം വഹിക്കുന്നത് ലത്തീഫാണ്. പിന്നീട്, തൊഴിലുടമ ജോലിചെയ്യുന്ന ഖത്തര്‍ സാമ്പത്തിക മന്ത്രാലയത്തിന് കീഴില്‍ തന്നെ ലത്തീഫിന് ജോലിയും നല്‍കി. എങ്കിലും, എന്നും ഉച്ചക്ക് ശേഷം ഫാമിലത്തെി കൃഷിക്കും പക്ഷിമൃഗാദികള്‍ക്കും പരിചരണം നല്‍കാറുമുണ്ട്. ലത്തീഫ് അധികദിവസം ഇവിടെനിന്ന് വിട്ടുനില്‍ക്കുന്നത് ഇഷ്ടമല്ലാത്ത കഫീല്‍ അദ്ദേഹത്തിന് കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരാനുള്ള സൗകര്യവും നല്‍കി. ലീവിന് നാട്ടില്‍ പോയാല്‍ പത്തോ പതിനഞ്ചോ ദിവസം മാത്രമേ നില്‍ക്കാന്‍ കഴിയാറുള്ളൂ. ഇപ്പോള്‍ കുടുംബത്തോടൊത്ത് ദഫ്നയിലാണ് താമസം. ഫാമിലെ കാഴ്ചകള്‍ ആര്‍ക്കും കൗതുകമുണര്‍ത്തുന്നതാണെങ്കിലും പൊതുവായി പ്രവേശനം അനുവദിക്കാറില്ല. എങ്കിലും, ലത്തീഫിന്‍െറ നാട്ടുകാരും സുഹൃത്തുക്കളുമൊക്കെയായി വല്ലപ്പോഴും ഫാമില്‍ സന്ദര്‍ശകരുണ്ടാവാറുണ്ട്.

പരന്നുകിടക്കുന്ന ഈന്തപ്പനകള്‍, കാരറ്റ്, കാബേജ്, കോളിഫ്ളവര്‍, കുമ്പളം, ചെരങ്ങ, കക്കിരി, കൂസ, പച്ചമുളക്, തക്കാളി, വഴുതന തുടങ്ങി വൈവിധ്യമാര്‍പ്പ പച്ചക്കറികള്‍, ഇവ നനയ്ക്കാന്‍ വേണ്ടി അഞ്ചോളം കിണറുകള്‍, താറാവുകള്‍ക്ക് നീന്തിത്തുടിക്കാന്‍ ചെറുകുളം എന്നിവയെല്ലാം ഇവിടെയുണ്ട്. മാനുകള്‍, മയിലുകള്‍, 800ഓളം താറാവുകള്‍, രണ്ടായിരത്തിലേറെ കോഴികള്‍, 50ഓളം നാടന്‍ പശുക്കള്‍, ഒട്ടകങ്ങള്‍, എന്നിവക്ക് പുറമെ ഒമാന്‍, സൗദി, സോമാലിയ എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവന്ന ആടുകള്‍ എന്നിങ്ങനെ പോകുന്നു പക്ഷിമൃഗാദികള്‍. ഇതിന് പുറമെ പച്ചപ്പും വെള്ളവും ആവശ്യത്തിനുള്ളതിനാല്‍ വിരുന്നത്തെുന്ന കിളികളും തുമ്പികളുമെല്ലാം ഉമ്മുബിര്‍ക്ക ഫാമില്‍ കണ്ണിന് കുളിരേകുന്ന കാഴ്ചകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
