10 ലക്ഷം സിറിയന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമികവിദ്യാഭ്യാസം ഉറപ്പാക്കും –ശൈഖ മൗസ
text_fieldsദോഹ: 10 ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ഥി വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാന്‍ എല്ലാ പിന്തുണയും സഹായവും ലഭ്യമാക്കുമെന്ന് എജുക്കേഷന്‍ എബൗവ് ആള്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ വ്യക്തമാക്കി.
ലണ്ടനില്‍ സിറിയന്‍ സഹായ സമ്മേളനത്തിന്‍െറ ഭാഗമായുള്ള വിദ്യാഭ്യാസ പരിപാടിയിലാണ് ശൈഖ മൗസ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ സിറിയ, ജോര്‍ദാന്‍, ലെബനാന്‍ എന്നിവിടങ്ങളിലെ അഞ്ചുലക്ഷം വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
2017ഓടെ ഇത് ഇരട്ടിയിലധികമായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 11 ലക്ഷത്തിലധികം അഭയാര്‍ഥി വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കും. മേഖലയിലെ അഭയാര്‍ഥി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണ്. വിദ്യാഭ്യാസ സംവിധാനം ഒരേരീതിയില്‍ നടപ്പാക്കാന്‍ കഴിയില്ല. ഇതെല്ലാം കണക്കിലെടുത്ത് സമാന്തര വിദ്യാഭ്യാസ രീതികള്‍ ഉള്‍പ്പടെയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ശൈഖ മൗസ ബിന്‍ത് നാസര്‍ പറഞ്ഞു.
201617 അധ്യയനവര്‍ഷത്തില്‍ സിറിയന്‍ അഭയാര്‍ഥി വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് സമ്മേളനം വ്യക്തമാക്കി.
സമ്മേളനത്തില്‍ പങ്കെടുത്ത സര്‍ക്കാറുകള്‍, സഹായദാതാക്കള്‍, എന്‍.ജി.ഒകള്‍, മറ്റു പങ്കാളികള്‍ എന്നിവരെല്ലാം ഇക്കാര്യത്തില്‍ യോജിച്ച നിലപാട് എടുത്തു. സിറിയന്‍ പ്രതിസന്ധി കാരണം മുപ്പത് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
നോര്‍വേ വിദേശകാര്യമന്ത്രി ബോര്‍ജ് ബ്രെന്‍ഡെ, ബ്രിട്ടന്‍ രാജ്യാന്തര വികസനത്തിന്‍െറ ചുമതലയുള്ള സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിങ്, ലെബനീസ് വിദ്യാഭ്യാസ മന്ത്രി എലിയാസ് ബൗ സാബ്, ജോര്‍ദാന്‍ ആസൂത്രണ, രാജ്യന്തര സഹകരണ മന്ത്രി ഇമാദ് ഫഖൗറി, ദി മലാല ഫണ്ടിന്‍െറ മലാല യൂസുഫ് സായി, യുനിസെഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ടോണി ലെയ്ക്, സാറ ബ്രൗണ്‍ എന്നിവരും പൗര, വ്യവസായ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.