സ്മൃതിനാശത്തിന് കാരണമാവുന്ന ബാക്ടീരിയകള്‍ ഖത്തറിലെ മരുഭൂമിയിലും
text_fieldsദോഹ: നാഡീവ്യൂഹങ്ങളെ തകരാറിലാക്കുന്നയിനം രോഗങ്ങള്‍ക്ക് ഹേതുവാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം ഖത്തറിലെ മരൂഭൂപ്രദേശങ്ങളില്‍ കാണുന്നതായി പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. അള്‍ഷിമേഴ്സ് (സ്മൃതിനാശം), പാര്‍ക്കിന്‍സണ്‍സ്, എ.എല്‍.എസ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന മാരകവിഷാംശങ്ങളാണ് മരൂഭൂമിയുടെ വെളിമ്പ്രദേശങ്ങളില്‍ ഉറങ്ങിക്കിടക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഗള്‍ഫ് യുദ്ധത്തോടനുബന്ധിച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിച്ച യു.എസ് ഭടന്മാര്‍ തിരിച്ചുവന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞരമ്പുകളെ ബാധിക്കുന്ന അസുഖമായ എ.എല്‍.എസ് (അമിയോട്രോഫിക് ലാറ്ററല്‍ സിലറോസിസ്) പോലുള്ള അസുഖ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതാണ് ഇതുസംബന്ധിച്ച് പഠനങ്ങള്‍ക്ക് വഴിവെച്ചത്. ഗള്‍ഫ് യുദ്ധസമയത്ത് ഗള്‍ഫ് മേഖലകളില്‍ ജോലി ചെയ്തിരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കും മറ്റും മറ്റു രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് ഇത്തരം ഈ രോഗസാധ്യതകള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഖത്തറില്‍ കാണുന്നയിനം ബി.എം.എ.എ വിഷാംശം കുരങ്ങുകളില്‍ പരീക്ഷണവിധേയമാക്കിയപ്പോള്‍ ഇവക്ക് 140 ദിവസത്തിനുള്ളില്‍ സ്മൃതിനാശം, വിറവാതം പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടത്തെിയതായി റോയല്‍ സൊസൈറ്റി ലണ്ടനിലെ ഇതുസംബന്ധിച്ച പ്രബന്ധത്തെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ വിഷാംശം ശരീരത്തിന്‍െറ മറ്റു ഭാഗങ്ങളെ എത്രത്തോളം ബാധിക്കുമെന്ന് ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്. ഇത് ആഗോള പ്രശ്നമാണെന്നും ഖത്തര്‍ ഇതിനെക്കുറിച്ച് പഠനം നടത്താന്‍ അനുയോജ്യമായ സ്ഥലമാണെന്നും ഡബ്ള്യു.എം.സി-ക്യു മുന്‍ പ്രഫസര്‍ റീനി റിച്ചര്‍ പറഞ്ഞു.
മരുഭൂമികളിലെ ജൈവ ആവസവ്യവസ്ഥയിലാണ് സിയനോബാക്ടീരിയകളുടെ സാന്നിധ്യമുള്ളതെന്നും നഗ്നനേത്രങ്ങളാല്‍ ഇവയെ കാണാന്‍ സാധിക്കുമെന്നും പറയുന്നു. വരണ്ട ചെളിപോലെ തോന്നിക്കുന്നതാണ് ഇവയുടെ ഘടന എന്നാല്‍, ചെളി തൊടുമ്പോള്‍ പൊടിഞ്ഞുപോകുകയും സിയനോബാക്ടീരിയ പൊടിയാതിരിക്കുകയും ചെയ്യും. വെള്ളം തട്ടിയാല്‍ ഇവ പച്ചനിറം കൈവരിക്കുകയും ചെയ്യുന്നു. കടലില്‍ ഇവ ആറിഞ്ച് വരെ വലിപ്പത്തിലും കാണാമെന്ന് റിച്ചര്‍ പറഞ്ഞു. ഗള്‍ഫ് യുദ്ധകാലത്ത്് ടാങ്കുകളുടെയും മറ്റു സൈനിക വാഹനങ്ങളുടെയും സഞ്ചാരമാകാം സൈനികരില്‍ ഇതിന്‍െറ അംശം കൂടാന്‍ കാരണമെന്ന് ഒരുകൂട്ടം ഗവേഷകര്‍ കരുതുന്നു. മരൂഭൂപ്രദേശങ്ങളിലും മറ്റും ഇളക്കം തട്ടാതെ കിടക്കുന്ന ഇത്തരം വിഷാംശങ്ങള്‍ രൂക്ഷമായ പ്രകൃതി കൈയേറ്റങ്ങള്‍ മൂലം ചിതറുകയും അന്തരീക്ഷത്തില്‍ ലയിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഇത്തരം ബാക്ടീരിയകളുടെ ആവാസവ്യവസ്ഥക്ക് കോട്ടം തട്ടാതെ യുക്തിപൂര്‍വംനീങ്ങിയാല്‍ ഇവയുടെ അപകടസാധ്യത കുറക്കാമെന്നും റിച്ചര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
