Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തര്‍ പൗരന്‍െറ...

ഖത്തര്‍ പൗരന്‍െറ കാരുണ്യത്തണലില്‍  1600 സിറിയക്കാര്‍ക്ക് മണ്‍വീടുകളുയരുന്നു

text_fields
bookmark_border
ഖത്തര്‍ പൗരന്‍െറ കാരുണ്യത്തണലില്‍  1600 സിറിയക്കാര്‍ക്ക് മണ്‍വീടുകളുയരുന്നു
cancel

ദോഹ: യുദ്ധം കാരണം സിറിയയുടെ വിവിധ ഭാഗങ്ങളിലേക്ക്  പറിച്ചുമാറ്റപ്പെട്ട 1600 ഓളം പേര്‍ക്ക് ഖത്തര്‍ വ്യവസായിയുടെ കാരുണ്യ നഗരമൊരുങ്ങുന്നു. ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റിയുമായി (ക്യു.ആര്‍.സി.എസ്) ചേര്‍ന്നാണ് 4.28 ദശലക്ഷം ഖത്തര്‍ റിയാല്‍ ചെലവില്‍ ‘ബിന്‍ സ്രയാ ചാരിറ്റബിള്‍ ടൗണ്‍’എന്ന പേരില്‍ പാര്‍പ്പിട കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളുമൊരുക്കുന്നത്. 
ഖത്തറിലെ പ്രമുഖ വ്യവസായിയായ നാസര്‍ റാഷിദ് ബിന്‍ സ്രായ അല്‍ കഅ്ബിയാണ് ഖത്തര്‍ റെഡ്ക്രസന്‍റിന്‍െറ ‘ശ്രേഷ്ഠമായ ജീവിതം’ നല്‍കുക എന്ന വികസന പദ്ധതിയുമായി സഹകരിച്ച് കൊടും ശൈത്യത്തില്‍ ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതക്ക് അഭയകേന്ദ്രങ്ങളൊരുക്കുന്നത്. കളിമണ്ണ് കൊണ്ടുള്ള കട്ടകളും മറ്റു ഉപയോഗിച്ച് സിറിയയുടെ പ്രകൃതിക്കിണങ്ങിയ പാര്‍പ്പിടങ്ങള്‍ നേരത്തെ തന്നെ ആഫിസ്, ഇദ്ലിബ് എന്നീ പ്രദേശങ്ങളില്‍ ഖത്തര്‍ റെഡ്ക്രസന്‍റ് നിര്‍മിച്ചിരുന്നു. ഇതേ മാതൃകയിലുള്ളവയായിരിക്കും പുതിയ പദ്ധതിയിലെ പാര്‍പ്പിട കേന്ദ്രങ്ങളും. 
മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളുമുള്ള 200.60 ചതുരശ്രയടിയിലുള്ള കട്ട വീടുകളായിരിക്കും ഈ പട്ടണങ്ങളില്‍. ജലവിതരണം, ജലസംഭരണി, മാലിന്യ സംസ്കരണ പ്ളാന്‍റ്, വൈദ്യുതി, പൂന്തോട്ടം എന്നിവയെല്ലാം ഓരോ കേന്ദ്രത്തിലുമുണ്ടാകും. 20.34 ലക്ഷം റിയാലാണ് പദ്ധതിക്കായി ചെലവിടുന്ന തുക. ഇതു കൂടാതെ ഒരുവര്‍ഷത്തേക്ക് സ്കൂള്‍, ബേക്കറി, ആരോഗ്യകേന്ദ്രം, വിധവകള്‍ക്കുള്ള ശില്‍പശാലകള്‍, മാര്‍ക്കറ്റ്, രണ്ട് പള്ളികള്‍, മാലിന്യ സംസ്കരണം എന്നിവക്കായുള്ള പദ്ധതിക്ക് 10.93 ലക്ഷം റിയാലുമാണ് ചെലവ് കണക്കാക്കുന്നത്. ദുരിതം വിതച്ച ജില്ലകളില്‍ പലഭാഗങ്ങളിലായി ചിതറിക്കഴിയുന്ന ഇരുനൂറ് കുടുംബങ്ങളിലെ 1600ഓളം പേര്‍ക്കാണ് പദ്ധതി ഉപകാരപ്പെടുക. ഇതില്‍ കൂടുതലും വിധവകളും, അനാഥകളും ഭിന്നശേഷിയുള്ളവരുമാണ്. 
ഇതുകൂടാതെ പരോക്ഷമായി ഈ സ്ഥലങ്ങളില്‍ വ്യാപാരങ്ങള്‍ക്കും കച്ചവടങ്ങള്‍ക്കും അവസരമുണ്ടാകുന്നതോടൊപ്പം സാമ്പത്തിക ഇടപാടുകളും നടക്കും. ക്യാമ്പിലെ അന്തേവാസികള്‍ക്ക് ലഭ്യമായ ചികില്‍സാ സൗകര്യങ്ങളിലും കാരുണ്യസഹായങ്ങളിലും പങ്കാളികളാകാം. ആദ്യഘട്ടമായി ആഫിസ് പട്ടണത്തിലെ 100 കുടുംബങ്ങള്‍ക്കുള്ള (600 അംഗങ്ങള്‍ക്ക്) മണ്‍കട്ടകള്‍കൊണ്ട് നിര്‍മിച്ച വീടുകള്‍ കൈമാറിയിട്ടുണ്ട്. 
ഇതിനായി റെഡ്ക്രസന്‍റ് ചെലവിട്ടത് 866,739 റിയാലാണ്. ഇവയില്‍ വൈദ്യുതി, കുടിവെള്ളം, റോഡുകള്‍, പൂന്തോട്ടം എന്നിവയടങ്ങുന്ന 100 വീടുകളാണുള്ളത്. 36 ചതുരശ്രയടിയാണ് ഓരോ വീടിന്‍െറയും വിസ്തൃതി. ഇതില്‍ രണ്ടുമുറികളും, ഹാളും, അടുക്കള, കുളിമുറി എന്നിവയുമുണ്ടാകും. ഭൂമിവില ഇല്ലാതെ വീടിനുമാത്രമായി 6,100 റിയാലാണ് ചെലവ്. ഖത്തര്‍ റെഡ്ക്രസന്‍റിന്‍െറ രണ്ടാംഘട്ട പദ്ധതിയില്‍ 2000 മണ്‍വീടുകളാണ് അലിപ്പോയിലും ഇദ്ലിബിലും നിര്‍മിക്കാനുദ്ദേശിക്കുന്നത്. ഇതിന് നവീന രൂപകല്‍പനയും നിര്‍മാണരീതികളുമായിരിക്കും ഉപയോഗിക്കുക.
 

Show Full Article
TAGS:qatarsyrian
Next Story