കേടായ കാറുകള്‍ക്ക് പകരം പുതിയത് നല്‍കാന്‍ ഉത്തരവ്
text_fieldsദോഹ: നിര്‍മാണരീതിയിലെ പിഴവ്മൂലം ആവര്‍ത്തിച്ച് കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് പകരം പുതിയത് മാറ്റിനല്‍കണമെന്ന് കാര്‍ ഡീലര്‍മാരോട് സാമ്പത്തിക വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം അഞ്ച് കേസുകളിലായി അഞ്ച് കാറുകള്‍ മാറ്റി നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്. വാഹന ഉപഭോക്താക്കളില്‍ നിന്ന് നിരന്തരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം കാര്‍ ഡീലര്‍മാരോട് ഇവ മാറ്റി നല്‍കാന്‍ നിര്‍ദേശിച്ചത്. ഉപഭോക്തൃ സംരക്ഷണ നിയമം അനുഛേദം നമ്പര്‍ 8 (2008) ലെ നിര്‍ദേശ പ്രകാരം പരാതി ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് മൂന്ന് കാര്‍ ഡീലര്‍മാരോടായി വാഹനം മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടത്.
ഈ കേസുകളില്‍ കേടുപാടുകള്‍ തീര്‍ക്കണോ, അതോ കാര്‍ തിരിച്ചുനല്‍കുകയോ മാറ്റി എടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉടമസ്ഥര്‍ക്ക് അവകാശമുണ്ടാകും.
ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍െറ ഭാഗമായി കാര്‍ ഡീലര്‍മാരും കേടുപാടുകള്‍ തീര്‍ക്കാനൈത്തുന്ന വാഹന ഉടമകളും തമ്മിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് മന്ത്രാലയം കേസുകളില്‍ ഇടപെട്ടത്. വ്യാജന്മാരെ തിരിച്ചറിയാനും നിയമലംഘനം തടയുന്നതിനുമായി രാജ്യത്തുടനീളം കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് സാമ്പത്തിക വാണിജ്യ മന്ത്രാലയം അറിയിച്ചു.
ശ്രദ്ധയില്‍പ്പെടുന്ന നിയമലംഘനങ്ങള്‍ അധികൃതരെ അറിയിച്ചാല്‍ അവര്‍ വേണ്ട നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍, ഉപഭോക്തൃ സംരക്ഷണ-വ്യാജ വ്യാപാരവിരുദ്ധ വിഭാഗത്തെ സമീപിക്കാം. 16001 എന്ന ഹോട്ട്ലൈന്‍ നമ്പറിലും info@mec.gov.qa ഇ മെയില്‍ വിലാസത്തിലും MEC മൊബൈല്‍ ഫോണ്‍ അപ്ളക്കേഷന്‍ വഴിയോ അധികൃതരെ ബന്ധപ്പെടാം. MEC_Qatar എന്ന ഇന്‍സ്റ്റാഗ്രാം അകൗണ്ട് വഴിയും ബന്ധപ്പെടാവുന്നതാണ്.
വാഹനങ്ങളുടെ വാറന്‍റി കാലയളവില്‍ ഉടമകള്‍ക്ക് ഇഷ്ടമുള്ള ഗ്യാരേജുകളെ സമീപിച്ച് കേടുതീര്‍ക്കാനും സര്‍വീസ് നടത്താനും അനുവാദം നല്‍കുന്ന ഉത്തരവ് സാമ്പത്തിക വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇത് പ്രകാരം പുതുതായി വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ലഭ്യമാകുന്ന വാറന്‍റിയും നിലവില്‍ കാലാവധി തീരാത്ത വാറന്‍റിയും നിലനില്‍ക്കുന്ന വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണിക്കും സര്‍വീസിനുമായി ഇനി പ്രത്യേകം വര്‍ക്ക്ഷോപ്പുകള്‍ നിര്‍ദേശിക്കാന്‍ ഡീലര്‍മാര്‍ക്ക് അവകാശമുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.