എണ്ണ ഉല്‍പ്പാദനം കുറക്കല്‍ ജനുവരി മുതല്‍
text_fieldsദോഹ: ലോകത്തെ ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ്) രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും ആഭ്യന്തര ഉല്‍പ്പാദനം കുറക്കാനുള്ള തീരുമാനം എടുത്തത് ജനുവരി ഒന്നിന് യാഥാര്‍ഥ്യമാകും. അതേസമയം അസംസ്കൃതഎണ്ണ വിപണിയില്‍ വിപണിയുടെ സൂചികയായി കണക്കാക്കുന്ന ബ്രെന്‍റ് ക്രൂഡ് ഓയില്‍ വില ഇന്നലെ 12 സെന്‍റ് ഉയര്‍ന്ന് ബാരലിന് 56.21 ഡോളറായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്ന് തുടങ്ങിയിരുന്നു. എന്നാല്‍ ആഭ്യന്തര ഉല്‍പ്പാദനം കുറക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വില കൂടിയത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദനം നടത്തുന്ന ഒപെക് രാജ്യങ്ങളെ ആഹ്ളാദത്തിലാഴ്ത്തിയിട്ടുണ്ട്. ഈ മാസം 12 ന് വില 57.89 ഡോളര്‍വരെ ഉയര്‍ന്നെങ്കിലും ബ്രെന്‍റ് ക്രൂഡ് ഓയില്‍ വില അല്‍പ്പം താഴുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില തിരിച്ച് കയറിത്തുടങ്ങി.
വരും ദിവസങ്ങളില്‍ വില ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് ജി.സി.സി രാജ്യങ്ങള്‍ അടങ്ങിയ ഒപെക് കൂട്ടായ്മ കരുതുന്നത്. എണ്ണ വിലയിടിവ് തടയാന്‍ പ്രതിദിന ഉല്‍പ്പാദനത്തില്‍ 12 ദശലക്ഷം ബാരല്‍ കുറവ് വരുത്താനാണ് ഒപെക് രാജ്യങ്ങള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആലോചന തുടങ്ങിയത്. എന്നാല്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിചേരാന്‍ ചില ഭിന്നതകള്‍ തടസമായി വന്നതോടെ തീരുമാനം നീണ്ടുപോയി. ഇറാന്‍ ഉല്‍പ്പാദനം കുറക്കുന്നതില്‍ ബുദ്ധിമുട്ട് അറിയിച്ചതാണ് പ്രധാന കാരണം. എന്നാല്‍ ചര്‍ച്ചകളെ തുടര്‍ന്ന് ഇറാന്‍, ലിബിയ,നൈജീരിയ എന്നിവര്‍ക്ക് പൊതുതീരുമാനത്തില്‍ നിന്നും ഇളവ് അനുവദിച്ചുകൊണ്ട് ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒപെക് ഇതര പശ്ചാത്യരാജ്യങ്ങള്‍ കൂടി എണ്ണഉല്‍പ്പാദനം കുറച്ചില്ലായെങ്കില്‍ തീരുമാനം പ്രയോജനം ചെയ്യില്ല എന്ന് മനസിലാക്കിയ ഒപെക് ഇതര രാജ്യങ്ങളുമായും ചര്‍ച്ച നടത്തി. ഡിസംബര്‍ ആദ്യം റഷ്യയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിദിനം 5.58 ലക്ഷം ബാരലിന്‍െറ കുറവ് വരുത്താന്‍ ഒപെക് ഇതര രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു. ഇതിന്‍െറ ഫലമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ എണ്ണ വില ബാരലിന് 50 ഡോളര്‍ കവിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അസംസ്കൃത ക്രൂഡ് ഓയിലിന്‍െറ വില 140 ഡോളറിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിന് മുമ്പ് എണ്ണവില താഴേക്ക് കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായത് എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളായിരുന്നു. ഇത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെയും പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വദേശിവല്‍ക്കരണവും ചെലവുകള്‍ വെട്ടിക്കുറക്കലും ജി.സി.സി രാജ്യങ്ങളില്‍ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്. ആഗോള വിപണിയില്‍ എണ്ണവില കുറയുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ കുറവ് ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ലോക വിപണിയിലെ കാര്യമായ വിലക്കുറവിന്‍െറ ചെറുചലനങ്ങള്‍ പോലും ഉണ്ടാകാതിരിക്കുമ്പോഴും ആഗോള വിപണിയിലെ ചെറുവിലക്കയറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ അപ്പോള്‍തന്നെ പ്രതിഫലനം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
