‘ഖത്തറില്‍ നടക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍’
text_fieldsദോഹ: ഖത്തറില്‍ നടക്കുന്നത് പരിസ്ഥിതിക്കും പ്രകൃതി വിഭവങ്ങള്‍ ദോഷകരമല്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഖത്തറില്‍ നടക്കുന്നതെന്ന് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ അഹമ്മദ് അല്‍ സദ പറഞ്ഞു. അടിസ്ഥാന നഗരവികസന പദ്ധതികളും, നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രകൃതിയെ എത്രത്തോളം ബാധിക്കുന്നുവെന്ന പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് നഗര വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. നഗരവത്കരണത്തിന്‍െറ ആഘാതങ്ങള്‍ കുറക്കുകയും നിയമത്തിനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും വിധേയമായുമാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മുനിസിപ്പല്‍ പരിസ്ഥിതി വിഭാഗത്തിന്‍െറ എന്‍വയണ്‍മെന്‍റല്‍ അഫയേഴ്സ് വിഭാഗം ഈ കാര്യങ്ങള്‍ നിരീക്ഷിച്ചുവരുന്നു. മന്ത്രാലയ പരിശോധനാ വിഭാഗത്തിന്‍െറ നിരന്തരമായ പരിശോധനയും ഈ രംഗത്തുണ്ട്. സ്ഥായിയായ വികസനവും പ്രകൃതിസംരക്ഷണവും ലക്ഷ്യമിട്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി നല്‍കിവരുന്നത് -അല്‍ സദ പറഞ്ഞു.
ഖത്തര്‍ ദര്‍ശനരേഖ 2030ലെ നാല് പ്രധാന ലക്ഷ്യങ്ങളിലൊന്നായ പരിസ്ഥിതി വികസനം ഇതിന്‍െറ ഭാഗമാണ്. അതിനാല്‍തന്നെ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും പരിസ്ഥിതിയെ തകര്‍ക്കാതെയും പുരോഗതിയും മുന്നില്‍കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബൃഹത്തായ നഗരവികസന പദ്ധതികള്‍ക്കാണ് രാജ്യം സാക്ഷ്യയായത്. ഹൈവേകള്‍, അടിസ്ഥാന വികസന പദ്ധതികള്‍, മഴവെള്ള-അഴുക്കുചാല്‍ പദ്ധതികള്‍, കുടിവെള്ള പദ്ധതികള്‍, ജലസംഭരണികള്‍, കടല്‍വെള്ളം ശുദ്ധജലമാക്കിമാറ്റല്‍, പ്രത്യേക സാമ്പത്തിക മേഖലയിലുള്ള വ്യവസായ യൂനിറ്റുകള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്. ഇതിനുപുറമെയായി രാജ്യത്തെ പ്രകൃതിദത്ത പുല്‍മേടുകളുടെ സംരക്ഷണവും, മലിനജലം സംസ്കരിച്ച് കൃഷിക്ക് ഉപയോഗിക്കുന്നതും, മരുഭൂപ്രദേശങ്ങളുടെയും മണല്‍കൂനകളുടെയും സംരക്ഷണവും, മണ്ണൊലിപ്പ് തടയലുമെല്ലാം മന്ത്രാലയത്തിന്‍െറ നിയന്ത്രണരേഖയിലുള്‍പ്പെടുന്നതായും അല്‍ സദ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.