രാജ്യത്തെ വിദേശനിക്ഷേപ തോതില്‍ വര്‍ധന
text_fieldsദോഹ: ഖത്തറിലെ വിദേശനിക്ഷേപ തോതില്‍ വര്‍ധന കൈവരിച്ചതായി വികസന ആസൂത്രണ കണക്കെടുപ്പ് മന്ത്രാലയം (എം.ഡി.പി.എസ്) പുറത്തുവിട്ട ‘ഖത്തര്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് സര്‍വേ 2015) വ്യക്തമാക്കുന്നു. 525 ബില്യന്‍ ഖത്തര്‍ റിയാലിന്‍െറ വിദേശ നിക്ഷേപമാണ് കഴിഞ്ഞവര്‍ഷം രാജ്യത്തേക്കൊഴുകിയതായി കണക്കാക്കിയിട്ടുള്ളത്. നിക്ഷേപത്തോതില്‍, 2014 വര്‍ഷാവസാനത്തോടെ ഉദ്ദേശം നൂറുകോടി 60 ലക്ഷം റിയാലിന്‍െറ നിക്ഷേപ വര്‍ധനയുണ്ടായുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്.ഡി.ഐ) 90 ശതമാനവും എണ്ണ-വാതക വ്യവസായമേഖലയിലേക്കും ശേഷം ഉല്‍പാദനം, ഗതാഗതം, വാണിജ്യം എന്നീ മേഖലകളിലേക്കുമാണ് നീങ്ങിയത്. നേരിട്ടുള്ള വിദേശനിക്ഷേപത്തിന്‍െറ ആകെ മൂല്യത്തിന്‍െറ 52 ശതമാനവും ഉല്‍പാദനമേഖലയിലേക്ക് മാറ്റപ്പെട്ടപ്പോള്‍, ഖനനം, ക്വാറികള്‍ (38 ശതമാനം), ധനകാര്യ ഇന്‍ഷുറന്‍സ് (നാല് ശതമാനം) എന്നിങ്ങനെയുമാണ് 2014 വര്‍ഷത്തെ അവസാന കാലയളവിലെ കണക്കുകള്‍. പ്രധാനമായും അറുപതു രാജ്യങ്ങളാണ് ഖത്തറിലെ നേരിട്ടുള്ള നിക്ഷേപങ്ങളില്‍ പങ്കുവഹിക്കുന്നത്. ഇതില്‍ വിവിധ രാജ്യങ്ങളുള്‍ക്കൊള്ളുന്ന നാല് ഗ്രൂപ്പുകളാണ് 94 ശതമാനം നിക്ഷേപവും കൈയ്യാളുന്നത്. യൂറോപ്യന്‍ യൂനിയന്‍, യു.എസ്, മറ്റു അമേരിക്കന്‍ രാജ്യങ്ങള്‍, ജി.സി.സി രാജ്യങ്ങള്‍ എന്നിവയാണ് ഈ നാലു ഗ്രൂപ്പുകള്‍.
2014ല്‍ ഖത്തറിലുള്ള നിക്ഷേപങ്ങളില്‍ മുന്നിട്ടുനിന്നത് മറ്റു അമേരിക്കന്‍ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപാണ്. 34 ശതമാനം വരും ഇവരുടെ നിക്ഷേപം. ശേഷം യൂറോപ്യന്‍ യൂനിയന്‍ (33), യു.എസ് (22), ജി.സി.സി (5) എന്ന തോതിലും. ഇതേ കാലയളവില്‍ മറ്റു രാജ്യങ്ങളിലുള്ള ഖത്തറിന്‍െറ നിക്ഷേപങ്ങളിലും വര്‍ധന കണക്കാക്കിയിട്ടുണ്ട്. 35.3 ബില്യന്‍ റിയാല്‍ മുതല്‍ 306.2 ബില്യന്‍ റിയാല്‍ വരെയാണ് വിവിധ രാജ്യങ്ങളിലായുള്ള നിക്ഷേപം. ഖത്തറിന്‍െറ വിദേശത്തെ നേരിട്ടുള്ള ആകെ നിക്ഷേപം (എഫ്.ഡി.ഐ) 117 ബില്യന്‍ റിയാലാണ്.
80 രാജ്യങ്ങളിലാണ് ഖത്തര്‍ നിക്ഷേപം നടത്തിവരുന്നത്. ഇവയില്‍ പ്രധാനമായും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍, ജി.സി.സി, മറ്റു അറബ് രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടും. യൂറോപ്യന്‍ രാജ്യങ്ങളിലേക്കായി 29 ശതമാനവും ജി.സി.സിയിലേക്ക് 26 ശതമാനവും മറ്റു അറബ് രാജ്യങ്ങളിലേക്ക് 18ഉം ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 11ഉം ശതമാനമാണ് നിക്ഷേപം.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി)യുമായി സഹകരിച്ചാണ് വികസന ആസൂത്രണ മന്ത്രാലയം റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. എന്നാല്‍ വ്യക്തിഗത നിക്ഷേപങ്ങളും സര്‍ക്കാറിന്‍േറതായ നിക്ഷേപങ്ങളും കണക്കെടുപ്പിനായി ഉപയോഗിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
