‘ഗതാഗത ഗ്രാമവും’, കാല്‍നടയാത്രക്കാര്‍ക്കുള്ള കൂടുതല്‍ മേല്‍പ്പാലങ്ങളും വരുന്നു
text_fieldsദോഹ: രാജ്യത്തെ വാഹന ഗതാഗത സുരക്ഷ മുന്‍നിര്‍ത്തി ഖത്തറിലെ ‘നാഷനല്‍ ട്രാഫിക് സേഫ്റ്റി കമ്മിറ്റി -എന്‍.ടി.എസ്.സി’ വിഭാഗം വിവിധ പദ്ധതികളാവിഷ്കരിക്കുന്നു.
ഇതിനായി ‘ഗതാഗത ഗ്രാമവും’, കാല്‍നടയാത്രക്കാര്‍ക്കുള്ള കൂടുതല്‍ മേല്‍പ്പാലങ്ങളും ഭൂഗര്‍ഭപാതകളുമാണ് നിര്‍മിക്കുക. പോലിസ് മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ദേശീയ ഗതാഗത സുരക്ഷാ സെക്രട്ടറി ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ മലിക്കിയാണ് ഇക്കാര്യം അറിയിച്ചത്.
ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്ന ചുമതലയും എന്‍.ടി.എസ്.സി നിര്‍വഹിച്ചുപോരുന്നുണ്ട്.
ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപവത്കരിക്കുന്നതിനായി ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളില്‍നിന്നും സ്ഥിതിവിവര കണക്കുകള്‍ ക്രോഡീകരിക്കുകയും , ഗതാഗത വിവരങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ സമിതി ആരായുകയും ചെയ്യുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ റോഡ് സേഫ്റ്റി സംഘടനയില്‍ അംഗമാവുകയും ഏപ്രില്‍ 2016നു ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യു.എന്‍ യോഗത്തില്‍ ഖത്തറിലെ ഗതാഗത സുരക്ഷാ പരിഷ്കരണ പദ്ധതികള്‍ അവതരിപ്പിക്കാന്‍ സാധ്യമായതായും അല്‍ മലിക്കി പറഞ്ഞു.
ഖത്തര്‍ ദേശീയ റോഡ് സുരക്ഷാ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി കൂടുതല്‍ അംഗങ്ങളെ സമിതിയില്‍ ഉള്‍പ്പെടുത്താനുള്ള പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനയുടെ തീരുമാനം വഴിത്തിരിവായെന്ന് ബ്രിഗേഡിയര്‍ പറഞ്ഞു.
2015-2030 കാലയളവിലേക്കുള്ള ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള സുസ്ഥിര വികസന പദ്ധതിയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. 2030-ഓടെ റോഡപകടങ്ങള്‍ 50 ശതമാനം കുറക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് 2015ല്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അടക്കം 150-ഓളം രാഷ്ട്ര നേതാക്കള്‍ ഒപ്പുവെച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍.
ഇവയില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട (19) 2007 നമ്പര്‍ നിയമത്തിന്‍െറ ഭേദഗതിയും ഉള്‍പ്പെടും.
2015-16 കാലയളവില്‍ സ്വീഡനിലെ ‘വിഷന്‍ സീറോ’, അബൂദബിയില്‍ നടന്ന ഇന്‍റര്‍നാഷനല്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രാഫിക് സേഫ്റ്റി തുടങ്ങിയ പല സു പ്രധാന അന്താരാഷ്ട്ര സെമിനാറുകളിലും ഖത്തര്‍ എന്‍.ടി.എസ്.സിയുടെ സാന്നിദ്ധ്യം ഉണ്ടായതായും മലിക്കി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.