ഖത്തര്‍ കപ്പ് വോളിബാള്‍ കിരീടം അല്‍ റയ്യാന്
text_fieldsദോഹ: അല്‍ സദ്ദിലെ അല്‍ അത്വിയ അറീനയില്‍ നടന്ന ഖത്തര്‍ കപ്പിന്‍െറ ആവേശോജ്വലമായ കലാശക്കളിയില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് അല്‍ ജയ്ഷിനെ കീഴടക്കി അല്‍ റയ്യാന്‍ ടീം സ്വര്‍ണ്ണകപ്പും മൂന്ന് ലക്ഷം റിയാല്‍ സമ്മാനത്തുകയും കരസ്ഥമാക്കി. സ്കോര്‍ 21-25, 25-14, 25-17, 32-34, 18-16. റയ്യാന്‍െറ ലോകോത്തര താരം വില്‍ഫ്രെഡോ ലിയോണ്‍ ആണ് കലാശക്കളിയിലെ മികച്ച താരത്തിനുള്ള 2000 ഡോളര്‍ നേടിയത്.
മിന്നുന്ന ഫോമില്‍ കളിച്ച ക്യൂബന്‍ ഇന്‍റര്‍നാഷണല്‍ താരം സൈമണിന്‍െറ കളിമിടുക്കില്‍ ആദ്യ സെറ്റ് അല്‍ ജയ്ഷ് അനായാസേന നേടിയിരുന്നു. ഖത്തറിലെ ഇത്തവണത്തെ ആദ്യമത്സരം കളിക്കാനിറങ്ങിയ സൂപ്പര്‍ താരം ലിയോണ്‍ ആദ്യ സെറ്റില്‍ താളം കണ്ടത്തൊന്‍ നന്നേ വിഷമിച്ചു. പക്ഷേ രണ്ടാം സെറ്റ് ആയപ്പോഴേക്കും ടീമിനൊപ്പം ഒത്തിണക്കം കൈവരിച്ച ക്യൂബന്‍ വംശജനും പോളിഷ് പൗരനമായ ലിയോണ്‍ മറ്റൊരു പോളിഷ് താരമായ ബാര്‍ട്ട് മാനും ചേര്‍ന്ന് സംഹാരതാണ്ഡവം ആരംഭിച്ചു. വെറും 14 പോയിന്‍റിന് എതിരാളികളെ രണ്ടാം സെറ്റില്‍ കശക്കിയെറിഞ്ഞ ഈ കൂട്ടുകെട്ടിന് പിന്തുണയുമായി ഖത്തര്‍ ദേശീയ താരം മുബാറക്കും മികച്ച പിന്തുണ നല്‍കി.
മൂന്നാം സെറ്റിലും ഇതേ മികവ് ആവര്‍ത്തിച്ച റയ്യാന്‍ താരങ്ങള്‍ നാലാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാടി 32-34 എന്ന കൂറ്റന്‍ സ്കോറിന് ഒരു നിര്‍ണായക സെര്‍വ് പാഴാക്കുക വഴി അല്‍ ജയ്ഷിന് കാഴ്ചവെച്ചപ്പോള്‍ കാണികള്‍ മുള്‍മുനയിലായി.
നിര്‍ണായകമായ അഞ്ചാം സെറ്റില്‍ പോരാട്ടം വീണ്ടും കനത്തു. കാണികളെ ത്രസിപ്പിക്കുന്ന കളി പുറത്തെടുത്ത ഇരു ടീമുകളും ലീഡ് തങ്ങളുടേതാക്കി മാറ്റിക്കൊണ്ടേയിരുന്നു. ഒടുവില്‍ ബാര്‍ട്ട് മാന്‍െറ ഉഗ്രന്‍ ജംപ് സര്‍വുകള്‍ കളിയുടെ വഴിത്തിരിവാകുകയായിരുന്നു. 18-16ന് അഞ്ചാം സെറ്റും ഒപ്പം സ്വര്‍ണക്കപ്പും റയാന്‍ കരസ്ഥമാക്കുമ്പോള്‍ ഗ്യാലറിയില്‍ ആഹ്ളാദാരവമുയര്‍ന്നു.
അന്താരാഷ്ട്ര താരങ്ങളെ പരമാവധി ഉപയോഗിക്കാന്‍ വേണ്ടി ഖത്തര്‍ കപ്പ് സമാപിച്ചയുടന്‍ തന്നെ അമീര്‍ കപ്പും ആരംഭിക്കുകയാണ്. ഇന്ന് അല്‍ അത്വിയ അറീനയില്‍ തന്നെ തുടക്കമാവുന്ന അമീര്‍ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ നാലര മണിക്കുള്ള ആദ്യ മത്സരതില്‍ അല്‍ സദ്ദ് ക്ളബ്ബ് അല്‍ വക്റയേയും 6.30നുള്ള രണ്ടാം മത്സരത്തില്‍ അല്‍ ശമാല്‍ ക്ളബ്ബ് അല്‍ അഹ്ലി ക്ളബിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.