ആരോഗ്യരംഗത്ത് കുതിപ്പിന് സിദ്റ മെഡിക്കല്‍ സെന്‍റര്‍
text_fieldsദോഹ: ആധുനിക ചികിത്സരംഗത്ത് ഖത്തറിന്‍െറ ശ്രദ്ധയ പദ്ധതികളിലൊന്നായ ‘സിദ്റ മെഡിക്കല്‍ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍’ ആശുപത്രിയുടെ ഒൗട്ട് പേഷ്യന്‍റ് വിഭാഗം മെയ് ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും. എജുക്കേഷന്‍ സിറ്റിയില്‍ നിലകൊളുന്ന അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രിയില്‍ ‘ഒൗട്ട് പേഷ്യന്‍റ്’ വിഭാഗത്തിലെ മൂന്ന് ക്ളിനിക്കുകളുടെ പ്രവര്‍ത്തനമാണ് പ്രാഥമികഘട്ടത്തില്‍ ആരംഭിക്കുക. ചര്‍മ്മരോഗവിഭാഗം (ഡെര്‍മറ്റോളജി), പീഡിയാട്രിക് ജനറല്‍ സര്‍ജറി കണ്‍സള്‍ട്ടേഷന്‍, പ്രസവ ചികിത്സ (അബ്സ്റ്റെട്രിക്) എന്നിവയാണ് പ്രവര്‍ത്തനമാരംഭിക്കുന്ന വിഭാഗങ്ങള്‍. ഇതോടനുബന്ധിച്ച് ഇവയ്ക്കായുള്ള റേഡിയോളജി, പാത്തോളജി, ഫാര്‍മസി, ലോബേറട്ടറി സൗകര്യങ്ങളുമുണ്ടാകും. ആശുപത്രി പൂര്‍ണമായും സജ്ജമാകാന്‍ ഒരുവര്‍ഷം കൂടെ കാത്തിരിക്കണം.
ചര്‍മരോഗവിഭാഗം, പീഡിയാട്രിക് ജനറല്‍ സര്‍ജറി കണ്‍സള്‍ട്ടേഷന്‍, പ്രസവ ചികിത്സ വിഭാഗം എന്നിവയില്‍ പ്രാരംഭഘട്ടത്തില്‍ നൂറുമുതല്‍ 150 രോഗികളെയാണ് ദിവസേന പരിശോധിക്കുക. ക്ളിനിക്കുകള്‍ പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ ഈ വിഭാഗങ്ങളില്‍ ആഴ്ചയില്‍ 5000 രോഗികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടാകുമെന്ന് ഒൗട്ട് പേഷ്യന്‍റ് ക്ളിനിക് മെഡിക്കല്‍ ഡയറക്ടറും ചീഫ് സര്‍ജനുമായ ഡോ. ഡാവിഡ് സിഗാലെറ്റ് അറിയിച്ചു.
എച്ച്.എം.സിയിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടര്‍മാര്‍ റഫര്‍ ചെയ്ത രോഗികളെയായിരിക്കും ഇവിടെ പരിശോധിക്കുക. അത്യാഹിത വിഭാഗത്തിനുള്ള സേവനം ഇവിടെ ലഭ്യമായിരിക്കില്ല. പി.എച്ച്.സി.സികളില്‍ നിന്ന് ഗര്‍ഭിണികളെ നേരിട്ട് സിദ്റ ഒൗട്ട് പേഷ്യന്‍റ് ക്ളിനിക്കുകളിലേക്ക് അയക്കില്ല. മറിച്ച് എച്ച്.എം.സിയിലേക്ക് റഫര്‍ ചെയ്യുകയും ഇവിടുത്തെ ഡോക്ടര്‍മാരുടെ അഭിപ്രായമാരാഞ്ഞതിന് ശേഷം മാത്രമായിരിക്കും സിദ്റയിലേക്ക് റഫര്‍ ചെയ്യുക. കൂടുതല്‍ സങ്കീര്‍ണമായ കേസുകളാണ് തങ്ങള്‍ കൈകാര്യം ചെയ്യുകയെന്ന് മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്. ഏറ്റവും നവീനമായ സാങ്കേതിക സംവിധാനങ്ങളാണ് സിദ്റ മെഡിക്കല്‍ സെന്‍ററില്‍ ഒരുക്കിയിട്ടുള്ളത്. ചികിത്സക്കായി ശിശുരോഗ വിഭാഗത്തിലത്തെുന്ന ഓരോ കുഞ്ഞിന്‍െറയും വലത് കൈപ്പത്തി ബയോമെട്രിക് സംവിധാനം വഴി സ്കാന്‍ ചെയ്തു സൂക്ഷിക്കും. കൈവെള്ളയിലെ ധമനികളുടെ ഈ രേഖകള്‍ തിരിച്ചറിഞ്ഞായിരിക്കും ഓരോ ആശുപത്രി സന്ദര്‍ശനവേളകളിലും കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ചികിത്സരേഖകളും മറ്റും സജ്ജമാക്കിവെക്കുക. ഈ സംവിധാനം ഏര്‍പ്പെടുത്തിയ ദോഹയിലെ ആദ്യ ആശുപത്രിയാണ് സിദ്റ.
കൂടാതെ ഡിജിറ്റല്‍ പേഷ്യന്‍റ് ഫയല്‍, നിമിഷങ്ങള്‍ക്കൊണ്ട് ലഭ്യമാകുന്ന ഡിജിറ്റല്‍ രൂപത്തിലുള്ള എക്-റേ, അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ (ഒരു ദിവസം 80 രോഗികളെ വരെ സ്കാന്‍ ചെയ്യാനാവും), സി.ടി സ്കാന്‍ ഇമേജുകള്‍, മനുഷ്യാവയവങ്ങളുടെ 3-ഡി മോഡലുകള്‍ ലഭ്യമാകുന്ന പ്രിന്‍ററുകള്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ളതെന്ന് റേഡിയോളജി വിഭാഗം ചീഫ് ഓഫ് റേഡിയോളജി ദീപക് കോര പറഞ്ഞു. ആഴ്ചയില്‍ 150ഓളം ഗര്‍ഭിണികളെ ചികിത്സിക്കാനവുംവിധമാണ് പ്രസവശുശ്രൂഷാ വിഭാഗം സജ്ജീകരിച്ചിട്ടുള്ളത്. വര്‍ഷാവസാനത്തോടെ 600 ഗര്‍ഭണികള്‍ക്ക് ചികിത്സ തേടാവുന്നവിധമായി ഇത് മാറും. സിദ്റയിലെ ക്ളിനിക്കല്‍ സേവനങ്ങള്‍ക്കെല്ലാം പണം ഈടാക്കും. എച്ച്.എം.സി ഹെല്‍ത്ത് കാര്‍ഡ്, പ്രൈവറ്റ് ഇന്‍ഷുറന്‍സ്, ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ എന്നിവയും ഇവിടെ ഉപയോഗിക്കാം. എച്ച്.എം.സിയില്‍ പണമീടാക്കുന്ന അതേരീതി തന്നെയാണ് ഇവിടെയും പിന്തുടരുക. സിദ്റ റിസര്‍ച്ച് ലാബും ജൂണ്‍ മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കും.
തുറക്കുന്നത് നീണ്ട കാത്തിരിപ്പിനൊടുവില്‍
ദോഹ: ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് അത്യാധുനിക ചികിത്സ സൗകര്യങ്ങളുള്‍ക്കൊള്ളുന്ന സിദ്റ മെഡിക്കല്‍ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. മെയ് ഒന്നുമുതല്‍ ‘ഒൗട്ട് പേഷ്യന്‍റ്’ വിഭാഗത്തിലെ മൂന്ന് ക്ളിനിക്കുകളുടെ പ്രവര്‍ത്തനമാണ് പ്രാഥമികഘട്ടത്തില്‍ ആരംഭിക്കുക. ഖത്തര്‍ ഫൗണ്ടേഷന്‍െറ സഹായത്തോടെ 7.9 ബില്യന്‍ യു.എസ് ഡോളര്‍ പദ്ധതി ചെലവിട്ട് നിര്‍മിക്കുന്ന മെഡിക്കല്‍ ഗവേഷണ കേന്ദ്രമായ സിദ്റ 2011ല്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പലതവണയായി ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ ചെലവ് നിയന്ത്രിക്കലിന്‍െറ ഭാഗമായി 200 ജീവനക്കാരെ കുറക്കുന്ന നടപടിയുമുണ്ടായി.
ഡിജിറ്റല്‍ പേഷ്യന്‍റ് ഫയല്‍, ഡിജിറ്റല്‍ രൂപത്തിലുള്ള എക് റേ, അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ, സി.ടി സ്കാന്‍ ഇമേജുകള്‍, മനുഷ്യാവയവങ്ങളുടെ 3-ഡി മോഡലുകള്‍ ലഭ്യമാകുന്ന പ്രിന്‍ററുകള്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ളത്. രോഗികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട് സിദ്റ ക്ളിനിക്കുകളിലേക്കുള്ള പരിശോധന സമയക്രമങ്ങള്‍ തീരുമാനിക്കാവുന്നതാണ്. ഏഴ് മുതല്‍ മൂന്ന് മണിവരെയാണ് ഇവിടുത്തെ പരിശോധന സമയം. ശിശുരോഗ ചികിത്സയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ സേവനങ്ങള്‍ ഭാവിയില്‍ ഇവിടെയുണ്ടാകും. നവജാതശിശുക്കള്‍ക്കുള്ള പരിശോധനകളും ഡെവലപ്മെന്‍റല്‍ പീഡിയാട്രിക്സ്, ചൈല്‍ഡ് ആന്‍റ് അഡോളസന്‍റ് മെന്‍റല്‍ ഹെല്‍ത്ത്, ഇ.എന്‍.ടി, പ്രീ ഓപറേറ്റീവ് അനസ്തറ്റിക് ആന്‍റ് പ്രിപറേഷന്‍ എന്നിവയും ഇതില്‍പ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.