റിയോ ഒളിമ്പിക്സിന് ഖത്തറില്‍ നിന്ന് കൂടുതല്‍ വനിതകള്‍
text_fieldsദോഹ: ‘റിയോ 2016’ ഒളിമ്പിക്സിനുള്ള ഖത്തറിന്‍െറ ടീമില്‍ ഇത്തവണ കൂടുതല്‍ വനിതകളുണ്ടാകുമെന്ന് അധികൃതര്‍. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ നാല് വനിതാ മത്സരാര്‍ഥികളായിരുന്നു ഖത്തറില്‍ നിന്ന് പങ്കെടുത്തതെങ്കില്‍ ഇത്തവണ അവരുടെ എണ്ണം വര്‍ധിക്കും. ജൂലൈയോടെയാണ് യോഗ്യതാ മത്സരങ്ങളിലൂടെ റിയോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ അവസാന പട്ടിക പുറത്തിറങ്ങുക. യോഗ്യത നേടുന്നവരില്‍ ഖത്തറില്‍ നിന്നുള്ള വനിതകള്‍ ആരൊക്കെയാണെന്ന് അവസാനവട്ട യോഗ്യത മത്സരങ്ങളില്‍ വ്യക്തമാകുമെന്ന് ഒളിമ്പിക്സ് ചീഫ് ഡി മിഷന്‍ മുഹമ്മദ് അല്‍ ഫദ്ല പറഞ്ഞു. മത്സരാര്‍ഥികള്‍ക്ക് ഊര്‍ജം പകരാനുള്ള കാമ്പയിന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ആരംഭിച്ചുകഴിഞ്ഞതയും അവര്‍ അറിയിച്ചു.
നൂറു ദിനങ്ങള്‍ ബാക്കിയിരിക്കെ, ഒളിമ്പിക്സ് മുന്നൊരുക്കങ്ങളെങ്ങളെക്കുറിച്ച് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യു.ഒ.സി) അവലോകന യോഗം നടത്തി. ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക്സിന് യോഗ്യത നേടിയവരെ ക്യു.ഒ.സി സെക്രട്ടറി ജനറല്‍ ഡോ. ഥാനി അബ്ദുറഹ്മാന്‍ അല്‍ കുവാരി അഭിനന്ദിച്ചു. ടീം ഖത്തറിന് രാജ്യത്തിന്‍െറ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും, ഒളിമ്പിക് കായിക മാമാങ്കത്തിന്‍െറ വീര്യം തങ്ങളുടെ എല്ലാ തയാറെടുപ്പുകളിലും പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലിലേക്കുള്ള ‘ടീം ഖത്തര്‍’ അംഗങ്ങളില്‍ ലണ്ടന്‍ ഒളിമ്പിക്സ് സ്കീറ്റ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് നാസര്‍ അല്‍ അത്വിയ്യ തന്‍െറ ആറാം ഒളിമ്പിക്സ് മല്‍സരത്തിനായാണ് ഇറങ്ങുന്നത്. ഇതേ ഒളിമ്പിക്സിലെ ഹൈജംപ് വെങ്കല മെഡല്‍ ജേതാവായ മുഅ്തസ് അല്‍ ബാര്‍ഷിമും തന്‍െറ രണ്ടാം ഒളിമ്പിക്സിനായി ട്രാക്കിലിറങ്ങും.
ഒളിമ്പിക് മെഡല്‍ നേടുന്ന ഖത്തറിലെ ആദ്യ വനിതയെന്ന ബഹുമതിക്ക് അര്‍ഹയായ നദ അര്‍കാജി 200 മീറ്റര്‍ ഫ്രീ സ്റ്റൈലിലും 100 മീറ്റര്‍ ബട്ടര്‍ഫൈ്ളയിലും രണ്ടാം ഒളിമ്പിക് അങ്കത്തിന് നീന്തലിനിറങ്ങും. രാജ്യത്തിനായി മത്സരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും തന്‍െറ യജ്ഞം പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകട്ടെയെന്നും നദ ആശംസിച്ചു. ഇവരെ കൂടാതെ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്തവരും നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരുമായ മുശൈബ് ബല്ല, മുഹമ്മദ് അല്‍ ഗാനി എന്നിവര്‍ 800, 1500 മീറ്റര്‍ ഓട്ട മല്‍സരത്തിലും, ഹാമര്‍ ത്രോ ലോക ജൂനിയര്‍ മത്സര ജേതാവ് അഷ്റഫ് എല്‍സെയ്ഫി, 2016 ഇന്‍ഡോര്‍ 400 മീറ്റര്‍ വെള്ളി ജേതാവ് അദിലാ ഹാറൂണ്‍, നിലവിലെ 100 മീറ്റര്‍ ഏഷ്യന്‍ റിക്കോര്‍ഡിനുടമയായ ഫെമി ഒഗുനോഡെ തുടങ്ങിയവര്‍ രാജ്യത്തിന്‍െറ മെഡല്‍ പ്രതീക്ഷകളാണ്.
പുരുഷന്മാരുടെ 2015 ലോക ഹാന്‍റ്ബാള്‍ വെള്ളി മെഡല്‍ ജേതാക്കളായ ഖത്തര്‍ ടീമും തങ്ങളുടെ ആദ്യ ഒളിമ്പിക് മെഡിലിനായി റിയോയില്‍ എത്തും. അബൂദബി എഫ്.ഇ.ഐ നാഷന്‍ കപ്പ് ജേതാക്കളായ ഖത്തറിന്‍െറ അശ്വാഭ്യാസ ടീമും ഒളിമ്പിക്സിന് യോഗ്യത നേടിയ ആവേശത്തിലാണ്.
ടീം ഖത്തറിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ആദ്യമായി ഒളിമ്പിക് മത്സരങ്ങള്‍ക്കത്തെുന്ന കസാന്‍ ലോകകപ്പിലെ ചാമ്പ്യന്‍ഷിപ്പിലെ നീന്തല്‍ താരം 16 കാരി നോഅ അല്‍ ഖുലൈഫിയാണ്. ഇവരെ കൂടാതെ റാഷിദ് ഹമദ്, സ്കീറ്റ് ഷൂട്ടിങിലും ലീ പെങ് ടേബിള്‍ ടെന്നിസിലും പങ്കെടുക്കും. മത്സരാര്‍ഥികള്‍ക്ക് പ്രചോദനമായി ‘യല്ല ഖത്തര്‍’ എന്ന ഹാഷ് ടാഗില്‍ ഒളിമ്പിക്സിന് മുമ്പുള്ള നൂറു ദിനങ്ങളിലായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ വീഡിയോ ചിത്ര പരമ്പര സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കും. കായികതാരങ്ങളുടെയും ടീമുകളുടെയും പ്രൊഫൈല്‍ വീഡിയോകളാണ് ഇങ്ങനെ പുറത്തിറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.