മെഡിക്കല്‍ പ്രാക്ടീസ് ലൈസന്‍സിനുള്ള നടപടികള്‍ വേഗത്തിലാക്കി
text_fieldsദോഹ: ഖത്തറില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തുന്നതിന് ലൈസന്‍സിനുള്ള നടപടികള്‍ വേഗത്തിലായതായി ഖത്തര്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രാക്ടീഷണേഴ്സ് (ക്യു.സി.എച്ച്.പി) മേധാവി വ്യക്തമാക്കി.
മെഡിക്കല്‍ ബിരുദങ്ങളുടെയും മറ്റു രേഖകളുടെയും ഓണ്‍ലൈന്‍ വഴിയുള്ള സൂക്ഷ്മപരിശോധന കാര്യക്ഷമവും വേഗത്തിലും നടക്കുന്നതിനാല്‍ ലൈസന്‍സുകള്‍ കരസ്ഥമാക്കുന്ന മെഡിക്കല്‍ വിദഗ്ധരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 21,000 പേര്‍ക്കാണ് കഴിഞ്ഞവര്‍ഷം ഈ രീതിയില്‍ ലൈസന്‍സുകള്‍ ലഭ്യമാക്കിയത്. അടുത്ത അഞ്ചുവര്‍ഷത്തിനകം ഈയിനത്തില്‍ 140 ശതമാനത്തിന്‍െറ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോവര്‍ഷവും ലൈസന്‍സ് ലഭിക്കുന്ന വിദഗ്ധരുടെ എണ്ണം 27 ശതമാനം വര്‍ധിക്കുന്നുണ്ട്. നേരത്തെ, രാജ്യത്ത് പ്രാക്ടീസ് നടത്തുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ലൈസന്‍സ് സമ്പാദിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. എന്നാല്‍, അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെയുള്ള കുറ്റമറ്റ പരിശോധനകളുടെ ഫലമായി ഇത്തരം പ്രവണതകള്‍ കുറഞ്ഞതായി ക്യു.സി.എച്ച്.പി സി.ഇ.ഒ ഡോ. സമര്‍ അബൗല്‍ സൗദ് വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റുകളുടെ പ്രാമാണികത ഉറപ്പുവരുത്തുന്നതും ലൈസന്‍സ് ടെസ്റ്റിനുള്ള അപേക്ഷ സമര്‍പ്പിക്കലും ഫീസ് ഒടുക്കല്‍ അടക്കം വിവിധ ഘട്ടങ്ങള്‍ ഓണ്‍ലൈന്‍ വഴി വേഗത്തിലും എളുപ്പത്തിലും സാധ്യമാകും. ലൈസന്‍സ് നടപടികള്‍ നൂറുശതമാനവും ഓണ്‍ലൈന്‍ വഴിയാക്കുന്ന നടപടികള്‍ സമീപ ഭാവിയില്‍തന്നെ ആരംഭിക്കുമെന്നും അബൗല്‍ സൗദ് പറഞ്ഞു.
പ്രാക്ടീഷണേഴ്സ് ലൈസന്‍സിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം പൂര്‍ത്തീകരിച്ചാല്‍ അപേക്ഷകളിന്മേല്‍ തീര്‍പ്പാക്കി മൂന്നാഴ്ചക്കുള്ളില്‍ തന്നെ ലൈസന്‍സ് വിതരണം ചെയ്യും. ചില സര്‍ട്ടിഫിക്കറ്റുകളുടെയും പ്രമാണങ്ങളുടെയും സാക്ഷ്യപ്പെടുത്തലുകള്‍ക്ക് കാലതമാസം നേരിടുന്നുണ്ട്. ഇത് അതാത് രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും, ഇവിടങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും പ്രതിസന്ധികളുമാണ് ഇത്തരം നടപടികള്‍ക്ക് തടസ്സമാകുന്നതെന്നും അവര്‍ പറഞ്ഞു. ഖത്തറില്‍ ആരോഗ്യരംഗത്തെ വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ പുരോഗമിച്ചുവരികയാണ്.
ഇതിനായി പല അറബ് രാജ്യങ്ങളില്‍നിന്നും വിദഗ്ധര്‍ എത്തുന്നുണ്ട്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് വൈകുന്ന സംഭവങ്ങളില്‍ ബദല്‍ മാര്‍ഗം സ്വീകരിക്കുകയാണ് പതിവ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അതാത് രാജ്യങ്ങളില്‍ നിന്ന് തന്നെ ലൈസന്‍സിനുള്ള നടപടികള്‍ ഓണ്‍ലൈന്‍ വഴി നടത്താവുന്നതാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്നതെങ്കില്‍, ഖത്തറിലേക്കുള്ള ഇവരുടെ പ്രവേശനം റദ്ദാക്കുകയും കരിമ്പട്ടികയിലുള്‍പ്പെടുത്തി, വിവരങ്ങള്‍ മറ്റു ജി.സി.സി രാഷ്ട്രങ്ങള്‍ക്ക് കൈമാറുകയും ചെയ്യും.
ജോലിയില്‍ വീഴ്ചവരുത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ, രോഗികളില്‍നിന്നുള്ള പരാതികള്‍ കേള്‍ക്കാനും വേണ്ട നടപടിയെടുക്കാനും മന്ത്രാലയത്തില്‍ പ്രത്യേക സമിതിയുണ്ട്.
സുതാര്യവും വേര്‍തിരിവുമില്ലാതെ പരാതികള്‍ പരിശോധിക്കുകയും കുറ്റക്കാരായ പ്രാക്ടീഷണര്‍മാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്നും ക്യു.സി.എച്ച്.പി സി.ഇ.ഒ അബൗല്‍ സൗദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.