Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തര്‍ നാഷണല്‍...

ഖത്തര്‍ നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി: അപൂര്‍വ രേഖകളുടെ അമൂല്യ ശേഖരം

text_fields
bookmark_border

ദോഹ: അഞ്ച് ലക്ഷത്തോളം അപൂര്‍വ ചരിത്രരേഖകളുടെ വിപുലമായ ശേഖരമാണ് ഖത്തര്‍ നാഷനല്‍ ലൈബ്രറിയുടെ ഡിജിറ്റല്‍ ലൈബ്രറിയിലുള്ളത്. ലൈബ്രറിയുടെ ആദ്യഘട്ട വികസനവുമായി ബന്ധപ്പെട്ട് 2014 വരെ ശേഖരിച്ച അഞ്ച്ലക്ഷം ചരിത്ര ശേഖരങ്ങളാണ് ഇവിടെ അന്വേഷണ കുതുകികള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ, പാകിസ്താന്‍, ബര്‍മ, തെക്കുകിഴക്കന്‍ ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്കയുടെ ഭാഗങ്ങള്‍ എന്നീ പ്രദേശങ്ങള്‍ ഭരിച്ച കാലത്ത് ഇവിടങ്ങളിലെ കാര്യങ്ങള്‍ നോക്കിനടത്തിയത് ‘ഇന്ത്യാ ഓഫീസ്’ എന്ന് അറിയപ്പെട്ട ബ്രിട്ടീഷ് സ്ഥാപനമായിരുന്നു. വൈസ്രോയിയുടെ മേല്‍നോട്ടത്തിലുള്ള സര്‍ക്കാര്‍ വിഭാഗം. 19-20 നൂറ്റാണ്ടുകളിലെ ഇന്ത്യാ ഓഫീസ് രേഖകള്‍ യു.കെയിലെ ബ്രിട്ടീഷ് ലൈബ്രററിയുടെ (B.L) ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യ ഓഫീസ് ആര്‍ക്കൈവ്സിലെ അറേബ്യയെയും പേര്‍ഷ്യയെയും പരാമര്‍ശിക്കുന്ന മുഴുവന്‍ രേഖകളും ഖത്തര്‍ നാഷനല്‍ ലൈബ്രറി ഡിജിറ്റൈസ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഇതില്‍ അറബ് സംസ്കാരത്തെയും ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച് മാത്രം അഞ്ചുലക്ഷം ഇലക്ട്രോണിക് പേജുകളുണ്ട്. എട്ട്  ദശലക്ഷം ഡോളറാണ് ഖത്തര്‍ ഫൗണ്ടേഷന്‍ ഡിജിറ്റൈസേഷന്‍ പദ്ധതിക്കായി ചെലവഴിച്ചത്. 2014 അവസാനം ഖത്തര്‍ നാഷനല്‍ ലൈബ്രറി പ്രവര്‍ത്തന സജ്ജമായതോടെ അമൂല്യരേഖകളടങ്ങുന്ന ആര്‍ക്കൈവ്സും ഓണ്‍ലൈനിലുണ്ട്. ഇംഗ്ളീഷിലും അറബിയിലുമായുള്ള വിസ്മയശേഖരമാണിത്. ഖത്തര്‍ നാഷനല്‍ ലൈബ്രറിയുടെ ഡിജിറ്റല്‍ ലൈബ്രറി പോര്‍ട്ടലില്‍ ഇതുകാണാം. അറേബ്യയെയും പേര്‍ഷ്യയെയും പരാമര്‍ശിക്കുന്ന ഭാഗങ്ങളാണ് ഡിജിറ്റല്‍ ലൈബ്രറിയിലുള്ളതെങ്കിലും അവ ഇന്ത്യാ ഓഫീസുമായി ബന്ധപ്പെട്ട രേഖകളായതിനാല്‍ ഇന്ത്യയുടെ കൂടി ചരിത്ര രേഖകളാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കഥപറയുന്ന അപൂര്‍വ രേഖകളടങ്ങുന്ന ഈ വിവരസമുദ്രം ആരെയും വിസ്മയിപ്പിക്കുന്നതാണ്. കൊല്‍ക്കത്തയില്‍നിന്ന് ബറോഡയിലേക്ക് അയച്ച സര്‍ക്കാര്‍ മുദ്രയുള്ള ടെലിഗ്രാമുകള്‍, ബോംബെയില്‍നിന്ന് ബ്രിട്ടനിലേക്ക് കൊടുത്തുവിട്ട രഹസ്യരേഖകള്‍ ഇങ്ങനെ പലതും ശേഖരത്തിലുണ്ട്. 1860 കളില്‍ പേര്‍ഷ്യയിലെ ബ്രിട്ടീഷ് റസിഡന്‍റായിരുന്ന ലെവിസ് പെല്ലി സ്വന്തം കൈപ്പടയിലെഴുതിയ ചില രേഖകള്‍, ഇന്ത്യയില്‍നിന്ന് കടല്‍മാര്‍ഗം ബസറയിലേക്കും ബഗ്ദാദിലേക്കും സുഗന്ധവ്യജ്ഞനങ്ങള്‍ കടത്തിയതിന്‍െറ വാര്‍ഷിക രസീത് ആണ്. ചരക്കുകളുടെ അളവും തൂക്കവും വിലയും വരെ രേഖപ്പെടുത്തിയിരിക്കുന്നു. ഏലം, കറുവപ്പട്ട, കാപ്പി, അരക്ക്, കരിങ്ങാലി, ഇഞ്ചി, പിച്ചള, നീലം എന്നിങ്ങനെ സൂക്ഷ്മവും കൃത്യവുമാണ് പട്ടിക. 
അറേബ്യയിലെ ബ്രിട്ടീഷ് ഭരണം സംബന്ധിച്ച അമൂല്യ രേഖകളില്‍ ഇന്ത്യാ ഓഫീസുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകള്‍ മുതല്‍ നയതന്ത്രരേഖകള്‍, ഡയറികള്‍, പണമിടപാട് രസീതുകള്‍, ഗൂഗിള്‍ മാപ്പിനെ വെല്ലുന്ന കൈകൊണ്ട് വരച്ച ഭൂപടം, സ്കെച്ചുകള്‍, ഫോട്ടോഗ്രാഫ് തുടങ്ങി നിരവധി വിവരങ്ങളുണ്ട്. 
ഖത്തര്‍ ചരിത്രത്തിന്‍െറ നിര്‍ണായക മുഹൂര്‍ത്തങ്ങളിലേക്ക് വെളിച്ചംവീശുന്ന രേഖകളില്‍ പ്രധാനമാണിവ. ബ്രിട്ടീഷുകാരും ഖത്തറുമായി ആദ്യ സര്‍വേ നടത്തിയതിന്‍െറ ഇന്ത്യാ ഓഫീസ് റഫറന്‍സ് നമ്പര്‍ 10R/x/3694 ആണ്. 
1920ല്‍ പേര്‍ഷ്യന്‍ മേഖലയില്‍നിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനായി സര്‍ക്കാര്‍ തലത്തില്‍ ഏകാംഗ മിഷനായി ബ്രിട്ടന്‍ അയച്ചത് ഒരു ഇന്ത്യക്കാരനെയാണ്. ബഹ്റൈനില്‍ ബ്രിട്ടീഷ് ഏജന്‍സിയുടെ ഇന്ത്യയില്‍നിന്നുള്ള അസിസ്റ്റന്‍റ് സിദ്ദീഖ് ഹസന്‍ ഖാന്‍ സാഹിബ്. അദ്ദേഹത്തിന്‍െറ നിയമനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് അധികൃതരും സൗദിയിലെ ഭരണാധികാരി അബ്ദുല്‍ അസീസ് അല്‍ സൗദുമായി നടത്തിയ കത്തിടപാടുകളുടെ രേഖ ‘ഫയല്‍ ഇ -‘15’ എന്ന നമ്പറിലുണ്ട്. നജ്ദില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നതിന് ‘ഉത്തരവാദിത്വബോധമുള്ള ഇന്ത്യന്‍ മുസ്ലിം ഉദ്യോഗസ്ഥനെ നിയമിക്കുന്നു’ എന്നാണ് രേഖയിലുള്ളത്. ഇത് സംബന്ധിച്ച വരവു ചെലവുകണക്കുകള്‍ വരെ രേഖകളിലുണ്ട്. ബഹ്റൈനില്‍ വന്ന് ഇസ്ലാം സ്വീകരിച്ച ഇറാഖി ജൂതവംശജയായ മസൂദ എന്ന പെണ്‍കുട്ടിയെ ഇറാഖിലേക്ക് മടക്കിയയക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബഗ്ദാദിലെ മുഖ്യ ജൂത പുരോഹിതന്‍ (ചീഫ് റബ്ബി) യൂസുഫ് സിലൂഫ് ബ്രിട്ടീഷ് അധികൃതര്‍ക്ക് എഴുതിയ കത്ത് പോര്‍ട്ടലിലുണ്ട്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന തോമസ് ഹെര്‍ബെര്‍ട്ട് ഏഷ്യന്‍-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലൂടെ വര്‍ഷങ്ങള്‍ നടത്തിയ യാത്രയുടെ കുറിപ്പുകളും നാഗരികതകളും രാജവംശങ്ങളും മതവും രാഷ്ട്രീയവും സംസ്കാരവും ഭാഷയും വിഷയീഭവിക്കുന്ന അനുഭവസാക്ഷ്യങ്ങള്‍. 
10-ാം നൂറ്റാണ്ടിലെ അറബ് യാത്രികന്‍ ഇബ്നു ഹൈക്കലിന്‍െറ ‘പൗരസ്ത്യ ഭൂമിശാസ്ത്രം’ എന്ന കൃതിയുടെ കൈയെഴുത്തുപ്രതിയുടെ ഇംഗ്ളീഷ് ഭാഷാന്തരം, പേര്‍ഷ്യന്‍ ഗള്‍ഫിലെ ‘മുത്ത് മുക്കുവന്മാരുടെ’ സമ്പൂര്‍ണ വിവരണം എന്നിവയെല്ലാം www.qnl.qa ക്ളിക്ക് ചെയ്താല്‍ ലഭിക്കും. 

സന്ദര്‍ശകര്‍ മാസം 30,000ത്തിലേറെ പേര്‍
ദോഹ: വിവിധ മേഖലകളിലെ വിവരശേഖരണത്തിനായി ഖത്തര്‍ നാഷനല്‍ ലൈബ്രറിയുടെ ഡിജിറ്റല്‍ ലൈബ്രറിയെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ദേശീയവും പ്രാദേശികവുമായ വിവരങ്ങള്‍ക്കും ചരിത്രം തേടിയുള്ള അന്വേഷണങ്ങള്‍ക്കുമായി മാസംതോറും 30,000 മുതല്‍ 35,000 പേര്‍ വരെ ലൈബ്രറി സന്ദര്‍ശിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയുടെ സാംസ്കാരികവും ചരിത്രപരവുമായ നിരവധി രേഖകളും വിവരങ്ങളുമടങ്ങിയ ലൈബ്രറി ശേഖരം ആദ്യമായാണ്  ഓണ്‍ലൈന്‍ വഴി സൗജന്യമായി നല്‍കിവരുന്നത്. യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍, മേഖലയുടെ ചരിത്ര ഗവേഷണത്തില്‍ തല്‍പരരായ ഗവേഷകര്‍ തുടങ്ങി സമൂഹത്തിന്‍െറ പല കോണുകളില്‍നിന്നുള്ളവരും ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ളവരും ലൈബ്രററിയുടെ ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്തുന്നതായി ഖത്തര്‍ നാഷനല്‍ ലൈബ്രററി പ്രോജക്ട് ഡയറക്ടര്‍ ഡോ. ക്ളോഡിയ ലക്സ് പറഞ്ഞു. 
ചരിത്രരേഖകള്‍, ഭൂപടങ്ങള്‍, കൈയെഴുത്ത് പ്രതികള്‍, ശബ്ദരേഖകള്‍, പഴയകാല ചിത്രങ്ങള്‍ എന്നിവയെല്ലാം ലൈബ്രറിയുടെ ശേഖരത്തിലുള്‍പ്പെടും. ഒരോ ശേഖരത്തിനും അറബിയിലും ഇംഗ്ളീഷിലുമുള്ള കുറിപ്പുകള്‍ സഹിതമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarnational digital library
Next Story