നാശം വിതച്ച് കാറ്റും മഴയും
text_fieldsദോഹ: കഴിഞ്ഞ ദിവസം രാത്രി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അടിച്ചുവീശിയ കാറ്റിലും പേമാരിയിലും കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ് ശരിവെച്ച് തലസ്ഥാന നഗരിയിലും മറ്റു പ്രദേശങ്ങളിലും ശക്തമായ കാറ്റാണ് അടിച്ചു വീശിയത്. കൂടെ പേമാരിയും കൂടിയായതോടെ ജനങ്ങള്‍ വലഞ്ഞു. പല സ്ഥലങ്ങളിലും ആലിപ്പഴ വര്‍ഷവും ഉണ്ടായി. കനത്ത മഴയില്‍ രാജ്യത്തെ പല പ്രധാന റോഡുകളില്‍ വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചു. പാര്‍ക്കുകളിലെയും നിരത്തുകള്‍ക്ക് ഇരുവശവുമുള്ള സ്ഥലങ്ങളിലെയും മരങ്ങള്‍ കടപുഴകുകയും പൊട്ടിവീഴുകയും ചെയ്യുകയും പല റെസിഡന്‍ഷ്യല്‍ ഏരിയകളിലും ചോര്‍ച്ചയുണ്ടാകുകയും കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
മഴയും കാറ്റും കാരണം ജനങ്ങള്‍ വലഞ്ഞതോടെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായും ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായും മുനിസിപ്പാലിറ്റി മന്ത്രാലയവും അശ്ഗാലും ചേര്‍ന്ന് അടിയന്തിര യോഗം ചേര്‍ന്ന് നടപടികള്‍ തുടങ്ങി. പ്രധാന റോഡുകളും ഡ്രൈനേജ് സംവിധാനവും നിരീക്ഷണത്തിലാണെന്നും അടിയന്തിര നടപടികള്‍ കൈക്കൊണ്ടതായും അശ്ഗാല്‍ വ്യക്തമാക്കി. താമസസ്ഥലങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുന്നതിന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍െറ ഓണ്‍ലൈന്‍ സംവിധാനം വഴി അധികൃതര്‍ക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാന്‍ താമസക്കാര്‍ക്ക് മന്ത്രാലയം സൗകര്യമൊരുക്കിയിട്ടുണ്ട്.
മഴയില്‍ ഷെറാട്ടന്‍ ഹോട്ടല്‍, ലാന്‍ഡ്മാര്‍ക്ക് മാള്‍, ദി ഡബ്ള്യൂ ഹോട്ടല്‍ തുടങ്ങി പ്രധാന കെട്ടിടങ്ങളില്‍ ചോര്‍ച്ചയുണ്ടായി. ശക്തമായ കാറ്റും മഴയും കാരണം ദഫ്നയിലും വെസ്റ്റ് ബേയിലുമുള്ള കട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ബീച്ച് ടവറിലെയും അല്‍ അരീന്‍ ടവറിലെയും ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു. പാര്‍ക്കിങ് സ്ഥലങ്ങളിലെ മേല്‍ക്കൂരകള്‍ തകരുന്നതിനും ശക്തമായ കാറ്റും മഴയും കാരണമായി. സൗദി അറേബ്യയുടെ കിഴക്ക് ഭാഗത്തുനിന്നുമുള്ള കാറ്റ് കാരണം ഖത്തറില്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം ഇടിയോട് കൂടിയ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.