കനത്ത കാറ്റില്‍ നാശം: ഐ.സി.സി സാംസ്കാരികോത്സവം നിര്‍ത്തി
text_fieldsദോഹ: അപ്രതീക്ഷിതമായത്തെിയ കനത്ത കാറ്റിലും മഴയിലും വ്യാഴാഴ്ച ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം പാര്‍ക്കില്‍ ആരംഭിച്ച ‘എ പാസേജ് ടു ഇന്ത്യ’ സാംസ്കാരികോത്സവം അലങ്കോലമായി. ശക്തമായ കാറ്റില്‍ പരിപാടിക്കായി നിര്‍മിച്ച സ്റ്റാളുകളും സ്റ്റേജിന്‍െറ മേല്‍ക്കൂരയും തകര്‍ന്നു. ഏതാനും പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് പരിപാടി നിര്‍ത്തിവെക്കുകയായിരുന്നു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. സ്റ്റേജില്‍ നൃത്തപരിപാടി നടക്കുമ്പോഴാണ് കാറ്റും മഴയും എത്തിയത്. ഇതോടെ പരിപാടി നിര്‍ത്തി. നൂറുണക്കിനാളുകള്‍ കാഴ്ചക്കാരായി എത്തിയിരുന്നു.
മഴ പെയ്തതോടെ പ്രദര്‍ശനത്തിനായി നിര്‍മിച്ച പവലിയനുകളിലേക്ക് ആളുകള്‍ ചിതറിയോടിയെങ്കിലും വീശിയടിച്ച കാറ്റില്‍ പല കൂടാരങ്ങളും നിലംപൊത്തി. പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ സംഘാടകരും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒഴിപ്പിച്ചു. പ്രദര്‍ശന സ്റ്റാളുകളിലെ ഭക്ഷണ വസ്തുക്കള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, പെയിന്‍റിങ്ങുകള്‍ എന്നിവ നശിച്ചു. പലര്‍ക്കും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ച, ഇന്ത്യയുടെ ചൊവ്വാദൗത്യമായ മംഗള്‍യാന്‍െറ കൂറ്റന്‍ മാതൃക തകര്‍ന്നുവീഴാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇതോടൊപ്പം സ്ഥാപിച്ച റെയില്‍വേ ബോഗിയുടെ മാതൃകയേയും കാറ്റ് ബാധിച്ചില്ല. വെള്ളിയാഴ്ച നല്ല കാലാവസ്ഥയാണെങ്കില്‍ പരിപാടി തുടരാമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പുള്ളതിനാല്‍ നിര്‍ത്തിവെച്ചു.
എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന പരിപാടിയുടെ ഒൗദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ നിര്‍വഹിച്ച് മിനിട്ടുകള്‍ക്കകമാണ് മഴ പെയ്തത്. ആദ്യദിനം തന്നെ വന്‍ജനാവലി പരിപാടിക്കായത്തെിയത് പരിപാടിയുടെ വിജയമായി കണക്കാക്കാമെന്നും എന്നാല്‍, പ്രതികൂല കാലാവസ്ഥ കാരണം അവസാനിപ്പിക്കുകയാണെന്നും അംബാസഡര്‍ പ്രസ്താവനയില്‍ അറിയിച്ചു. നാല് ദിവസം മുമ്പേയുണ്ടായ കാലാവസ്ഥ പ്രവചനങ്ങള്‍ പ്രകാരം ചെറിയ മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രമാത്രം പ്രതികൂലമാകുമെന്ന് കരുതിയില്ളെന്ന് ഐ.സി.സി പ്രസിഡന്‍റ് ഗിരീഷ് കുമാര്‍ പറഞ്ഞു. മൂന്നുമാസം മുമ്പേ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സാധാരണ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും നല്ല കാലാവസ്ഥയാകുമെന്നാണ് കരുതിയത്. പരിപാടിക്കായി പ്രയത്നിച്ച പലര്‍ക്കും ബുദ്ധിമുട്ട് നേരിടേണ്ടി വന്നതില്‍ ദു$ഖമുണ്ട്. അടുത്തുതന്നെ ഐ.സി.സിയുടെ നേതൃത്വത്തില്‍ ഇതേ കലാകാരന്‍മാരെ വെച്ചുകൊണ്ട് വിപുലമായ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ 125ാം ജന്മദിനവുമായി ബന്ധപ്പെട്ട് അനുസ്മരണ പരിപാടിയോടെയാണ് ചടങ്ങ് ആരംഭിച്ചത്. മഴക്ക് മുമ്പ് വിവിധ സംഘടനകളും സ്കൂള്‍ വിദ്യാര്‍ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. ആഭ്യന്തര മന്ത്രാലയം ഉദ്യോസ്ഥരുടെ ഗതാഗത ബോധവല്‍കരണവും നടന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ രാജസ്ഥാനി കലാകാരന്‍ സുപ്കിയുടെ നേതൃത്വത്തിലുള്ള നാടോടി നൃത്ത സംഘം ‘കല്‍ബെലിയ’ നൃത്തം അവതരിപ്പിക്കാനത്തെിയിരുന്നു. യോഗയും ബി.ആര്‍. അംബേദ്കറുടെ ജീവിതവും വിശദമാക്കുന്നതിനുമായി പ്രത്യേക സ്റ്റാളുകളും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
