ഫിലമെന്‍റുള്ള ബള്‍ബുകള്‍ക്ക് മെയ് ഒന്ന് മുതല്‍ നിരോധം
text_fieldsദോഹ: രാജ്യത്ത് ഫിലമെന്‍റുളള ബള്‍ബുകള്‍ ഇറക്കുമതി ചെയ്യുന്നതിന് മെയ് ഒന്ന് മുതല്‍ നിരോധമേര്‍പ്പെടുത്തുമെന്ന് മുനിസിപ്പല്‍ പരിസ്ഥിതി വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് സൈഫ് അല്‍ കുവാരി അറിയിച്ചു. ഇന്‍കാഡസെന്‍റ് ബള്‍ബുകളുടെ ഇനത്തില്‍പ്പെട്ട 100, 75 വാട്സ് ബള്‍ബുകളുടെ ഇറക്കുമതിയാണ് നിരോധിക്കുകയെന്ന് അല്‍ കുവാരി പറഞ്ഞു. നേരത്തെ ഇതുസംബന്ധിച്ച പരസ്യം പ്രദേശിക പത്രങ്ങളില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.
വൈദ്യുതി ലാഭിക്കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രമേ ഇനി ഉപയോഗിക്കാന്‍ അനുമതിയുണ്ടാവൂ. കഹ്റമായുടെയും വാണിജ്യ സാമ്പത്തിക മന്ത്രാലയത്തിന്‍െറയും സഹകരണത്തോടെയാണ് നിരോധം നടപ്പിലാക്കുന്നത്. ഇന്‍കാഡസന്‍റ് ബള്‍ബുകളേക്കാള്‍ എട്ട് മടങ്ങ് വൈദ്യുതി ലാഭിക്കുന്നവയാണ് എല്‍.ഇ.ഡി ബള്‍ബുകളെന്ന് അല്‍ കുവാരി പറഞ്ഞു. ഇത് സംബന്ധിച്ച് വകുപ്പ് നടത്തിയ പഠനത്തില്‍ ഇത്തരം ബള്‍ബുകള്‍ മാറ്റിയാല്‍ വര്‍ഷം 450 മൊമഗാവാള്‍ട്ട് വൈദ്യുതി ലാഭിക്കാമെന്ന് കണ്ടത്തെിയതായും അദ്ദേഹം പറഞ്ഞു. ഖത്തര്‍ വിപണിയില്‍ ഉന്നത ഗുണനിലവാരമുളള ഇലക്ട്രിക് ഉല്‍പന്നങ്ങള്‍ മാത്രമേ വിതരണം ചെയ്യുന്നുളളൂ എന്ന് ഉറപ്പുവരുത്തുകയെന്നതും നിരോധനത്തിന്‍െറ ലക്ഷ്യമാണ്. രാജ്യത്തെ ഇറക്കുമതിക്കാരും കച്ചവടക്കാരും നിരോധനം നടപ്പിലാക്കാനുളള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
വൈദ്യുതി ചെലവ് കുറക്കാനുള്ള നടപടികള്‍ നടപ്പാക്കാന്‍ നേരത്തെയും ഗവണ്‍മെന്‍റ് തീരുമാനങ്ങളെടുത്തിരുന്നു.
പഴഞ്ചനും ഊര്‍ജക്ഷമതയില്ലാത്തതുമായ എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചുള്ള ഉത്തരവ് ജൂലൈ ഒന്നുമുതല്‍ നടപ്പാക്കും. നിയമം ലംഘിച്ച് ഇവ വില്‍പന നടത്തുകയോ ഇറക്കുമതി നടത്തുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖത്തറോ ഗള്‍ഫ് രാജ്യങ്ങളോ നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇനം എയര്‍കണ്ടീഷണറുകള്‍ക്കാണ് നിരോധം. ഊര്‍ജസംരക്ഷണശേഷിയുള്ള ഇനം എയര്‍ കണ്ടീഷണറുകള്‍ മാത്രമേ ജൂലൈ ഒന്നുമുതല്‍ ഷോപ്പുകളില്‍ കാണാവൂ എന്നാണ് നിബന്ധന. 2015 സെപ്തംബര്‍ മുതല്‍ ജല- വൈദ്യുതി പൊതുവിതരണ വകുപ്പായ കഹ്റമാ വൈദ്യുതിയുടെയും വെള്ളത്തിന്‍െറയും ഉപഭോഗത്തിനനുസരിച്ച് നിരക്ക് ഈടാക്കുന്ന സ്ളാബ് സമ്പ്രദായം നടപ്പില്‍ വരുത്തിയിരുന്നു. നേരത്തെ മണിക്കൂറില്‍ 4,000 കിലോവാട്ട് വരെയുള്ള ഉപഭോഗങ്ങള്‍ക്ക് ഒരേ നിരക്കായിരുന്നു.
സ്ളാബ് സമ്പ്രദായത്തില്‍ 2000 കിലോവാട്ട് വരെ 0.08 റിയാലാണ് ഈടാക്കുന്നത്. ശേഷം 2000-4000 വരെ 0.09 റിയാലും 4000 മുതല്‍ മുതല്‍ ഓരോ അധികയൂനിറ്റിനും 10 റിയാല്‍ അധികമായി നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.