ലോകത്തെ ആദ്യ ഫുട്ബാള്‍ ക്ളബില്‍ മുതലിറക്കാന്‍ ഖത്തര്‍
text_fieldsദോഹ: ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഫുട്ബാള്‍ ക്ളബായ ‘ഷെഫീല്‍ഡ് എഫ്.സി’യില്‍ നിക്ഷേപത്തിന് ഖത്തര്‍ തയാറെടുക്കുന്നു. ലോകത്ത് മറ്റേതൊരു ക്ളബും നിലവില്‍വരുന്നതിന് മുമ്പ് 1857ല്‍ സ്ഥാപിതമായ ഷെഫീല്‍ഡ് എഫ്.സിക്ക് വേണ്ടി ഖത്തര്‍ ലോകകപ്പ് സുപ്രീം കമ്മിറ്റിയിലൂടെയാണ് മുതല്‍ മുടക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ളീഷ് ഫുട്ബാളിലെ എട്ടാം ശ്രേണിയിലെ കളിക്കാരായ ഷെഫീല്‍ഡ് എഫ്.സി തങ്ങളുടെ ക്ളബ് സ്ഥാപിതമായ ഒലീവ് ഗ്രോവില്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള ഉദ്യമത്തിലാണ്. ഷെഫീല്‍ഡിന്‍െറ ധനശേഖരണ പ്രചാരണത്തിന് തങ്ങളുടെ സംഭാവനകള്‍ ആക്കംകൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകകപ്പ് സുപ്രീം കമ്മിറ്റി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. ഏകദേശം 5,50,000 ഖത്തര്‍ റിയാല്‍ വരുന്ന ഒരു ലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് ക്ളബിന് വേണ്ടി ഖത്തര്‍ ചെലവഴിക്കുന്നത്.
ഷെഫീല്‍ഡ് എഫ്.സി ചെയര്‍മാന്‍ കുറച്ചുവര്‍ഷമായി ഞങ്ങളെ സമീപിച്ചു വരികയായിരുന്നുവെന്നും രണ്ടു കൂട്ടര്‍ക്കും യോജിക്കാന്‍ പറ്റുന്ന അനുകൂലമായ പദ്ധതികള്‍ ആവിഷ്കരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്ളബ് നേരത്തേ ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷനെയും പ്രീമിയര്‍ ലീഗിനെയും സമീപിച്ചിരുന്നെങ്കിലും അനുകൂല സമീപനങ്ങളൊന്നും ലഭിച്ചിരുന്നില്ല. ലോകത്തെ ആദ്യ ഫുട്ബാള്‍ ക്ളബിനെ സംരക്ഷിക്കുന്നതിനോടൊപ്പം ലോക ഫുട്ബാള്‍ പൈതൃകം കാത്തുസൂക്ഷിക്കുക കൂടിയാണ് ഖത്തര്‍ ചെയ്യുന്നതെന്ന് ഷെഫീല്‍ഡ് ഫുട്ബാള്‍ ക്ളബ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ടിംസ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
നിലവില്‍ ക്ളബ് ഫുട്ബാളിലെ അതികായരായ ഫ്രഞ്ച് ക്ളബായ പാരീസ് സെന്‍റ് ജര്‍മന്‍, സ്പെയിനിലെ എഫ്.സി ബാഴ്സലോണ എന്നിവയുമായാണ് ഖത്തറിന് ബന്ധമുള്ളത്.
പാരീസ് സെന്‍റ് ജര്‍മന്‍ ഖത്തറിന്‍െറ ഉടമസ്ഥതയിലുള്ളതാണെങ്കില്‍ എഫ്.സി. ബാഴ്സലോണയുടെ മുഖ്യ പ്രായോജകര്‍ ഖത്തര്‍ എയര്‍വേസ് ആണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.