Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇത് കഫീലിന് വേണ്ടി...

ഇത് കഫീലിന് വേണ്ടി മലയാളികള്‍ നടത്തുന്ന ‘കോഴിസങ്കേതം’

text_fields
bookmark_border
ഇത് കഫീലിന് വേണ്ടി മലയാളികള്‍ നടത്തുന്ന ‘കോഴിസങ്കേതം’
cancel
ദോഹ: മലയാളികളുടെ മേല്‍നോട്ടത്തില്‍ സ്വദേശി പൗരന്‍െറ പക്ഷി സങ്കേതം. ഉംസലാല്‍ അലി പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന ഉമ്മുല്‍ അമദിലാണ് ഈ കൗതുകകേന്ദ്രം. പക്ഷി സങ്കേതം എന്നതിനേക്കാള്‍ കോഴി സങ്കേതം എന്ന് പറയുന്നതാവും ശരി. വിശലാമായ ഷെഡിലെ കൂടുകളിലായി പല രൂപത്തിലും വര്‍ണങ്ങളിലുമായി 1000ത്തിലധികം കോഴികളാണ് ഇവിടെയുള്ളത്. റോയല്‍ ഗേറ്റ് എന്ന പേരില്‍ വീടുകളുടെ ഗേറ്റുകളും സ്റ്റെയര്‍കെയ്സുകളും നിര്‍മിക്കുന്ന സ്ഥാപനം നടത്തുന്ന മലപ്പുറം ജില്ലയിലെ രണ്ടത്താണി സ്വദേശി പോക്കാട്ട് അലിയും അദ്ദേഹത്തിന്‍െറ ജോലിക്കാരും ചേര്‍ന്നാണ് ഈ അലങ്കാര കോഴി ഫാം പരിപാലിക്കുന്നത്. സ്ഥാപനത്തിന്‍െറ സ്റ്റോറിനോട് ചേര്‍ന്നാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 
കോഴികളില്‍ പലതും ഏറെ വിലപിടിപ്പുള്ളവയാണ്. സില്‍ക്കി, റൂമി, ആദി, ഗിനി തുടങ്ങിയ ഇനങ്ങളിലായി പല രാജ്യങ്ങളില്‍ നിന്നുമുള്ള വൈവിധ്യമാര്‍ന്ന ഒട്ടേറെയിനം കോഴികളെ ഇവിടെ കാണാം. സ്പെഷ്യല്‍ എന്ന പേരില്‍തന്നെയുള്ള താരതമ്യേന വലുപ്പമുള്ള കോഴികളുടെ വിലയും സ്പെഷ്യലാണ്. ഇവ ജോഡിക്ക് 4,000 റിയാല്‍ വരെ വിലവരുമെന്നാണ് ഫാമിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി താര ബഹദൂര്‍ പറഞ്ഞു. 2,000ത്തിലധികം പ്രാവുകളും കാടക്കോഴികളും ഇവിടെയുണ്ട്. പ്രാവുകളിലും വൈവിധ്യമാര്‍ന്ന ഇനങ്ങളും ഏറെ വിലപിടിപ്പുള്ളവയും കാണാം. ശാസ്ത്രീയ രീതിയില്‍ മുട്ട വിരിയിച്ചെടുത്ത് വേര്‍തിരിച്ച് പ്രത്യേകം ചുറ്റുപാടുകളില്‍ വളര്‍ത്തിയാണ് രോഗങ്ങളില്‍ നിന്ന് ഇവയെ രക്ഷിക്കുന്നത്. 
അലിയുടെ സ്പോണ്‍സറായ അലി മുഹമ്മദ് സഅദ് മന്‍സൂര്‍ അല്‍ കഅബി മൂന്ന് വര്‍ഷം മുമ്പ് വെറും കൗതുകത്തിന് വേണ്ടി തുടങ്ങിയതാണിത്. ആദ്യം വീട്ടില്‍ പ്രാവുകളെ വളര്‍ത്തി തുടങ്ങിയ അദ്ദേഹത്തിന്‍െറ താല്‍പര്യം പിന്നീട് അലങ്കാര കോഴികളിലായി. സൗദി അറേബ്യയില്‍ നിന്നും മറ്റും കൊണ്ടുവന്ന വിവിധയിനം മുട്ടകള്‍ വിരിയിച്ചാണ് അലങ്കാരകോഴികളുടെ ഒരു ചെറിയ ശേഖരം ഉണ്ടാക്കിയത്. പിന്നീട് ഇതില്‍ കമ്പം കയറിയ ഖത്തരി പൗരന്‍ കോഴി വളര്‍ത്തലിന്‍െറ പ്രാഥമിക പാഠങ്ങള്‍ മുതല്‍ ഇവയുടെ ശാസത്രീയ ചികിത്സകള്‍ വരെ ഗൂഗിളില്‍ നിന്ന് മനസ്സിലാക്കി. പെട്ടെന്നുതന്നെ ഇത് വലിയൊരു സംരംഭമായി വളര്‍ത്തിയെടുക്കുകയും ചെയ്തു. എന്നാല്‍, വാണിജ്യാടിസ്ഥാനത്തില്‍ ഇതിനെ സമീപിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. എണ്ണം വല്ലാതെ പെരുകുമ്പോള്‍ സൂഖ് വാഖിഫിലും മറ്റും കൊണ്ടുപോയി വില്‍ക്കാറുണ്ടെന്ന് മാത്രം. സ്പോണ്‍സറുടെ വീട്ടിലെ മലയാളി ജീവനക്കാരനായ റഷീദ് ബാബുവാണ് കോഴികളെ വില്‍ക്കുന്ന ചുമതല. കഫീലിന്‍െറ താല്‍പര്യത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇത് വിപുലീകരിച്ചതും ഇപ്പോള്‍ നിലനിര്‍ത്തുന്നതും അലിയും സഹപ്രവര്‍ത്തകരുമാണ്. കോഴികള്‍ക്ക് വസിക്കാനായി വലിയ ഷെഡുകളും ആധുനിക മെഷീനുകളും സ്ഥാപിച്ച് സ്പോണ്‍സറുടെ സ്വപ്നം ഇവര്‍ സാക്ഷാത്കരിച്ചു. ഫാമിന്‍െറ സുഗമമായ നടത്തിപ്പിനാണ് യന്ത്രസംവിധാനങ്ങള്‍ ഒരുക്കിയത്. ഇതിനായി ആദ്യഘട്ടത്തില്‍ 25ഓളം തൊഴിലാളികള്‍ ഇവിടെ ജോലിചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോഴികളുടെ പരിചരണത്തിന് വേണ്ടി മാത്രം നേപ്പാള്‍ സ്വദേശികളായ രണ്ട് ജീവനക്കാരുമുണ്ട്. ഫാമിന്‍െറ മേല്‍നോട്ട ചുമതല രണ്ടത്താണി സ്വദേശിയായ മുഹമ്മദിനാണ്. 
കൊടുംചൂടിലും അതിശൈത്യത്തിലും ഇവയുടെ അതിജീവനത്തിനായി കൂടാരത്തിനകത്തെചൂട് ക്രമീകരിക്കാറുണ്ട്. ചൂട് കാലത്ത് എയര്‍കണ്ടീഷണര്‍ ഉപയോഗിക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഇതിനെല്ലാം ഉപയോഗിക്കുന്നത്.  ഇന്‍റര്‍നെറ്റില്‍ നിന്ന് മനസിലാക്കിയെടുക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ റോയല്‍ ഗേറ്റിലെ തൊഴിലാളികള്‍ പ്രാവര്‍ത്തികമാക്കുകയാണ്. 
മൂന്ന് കൂറ്റന്‍ കൂടാരങ്ങള്‍ പണിത് അവയ്ക്കകത്താണ് പക്ഷികളെ പാര്‍പ്പിച്ചിരിക്കുന്നത്. ചൈനയില്‍ നിലവിലുള്ള ഡോവ് ഫീഡിങ് ടെക്നോളജിയാണ് പ്രാവുകള്‍ക്ക് തീറ്റ കൊടുക്കാനായി ഉപയോഗിക്കുന്നത്. കൂടാരത്തിനകത്തെ വലിയ ടാങ്കില്‍ നിക്ഷേപിക്കുന്ന ധാന്യങ്ങള്‍ വിവിധ കൂടുകളില്‍ കഴിയുന്ന പ്രാവുകള്‍ക്ക് മുമ്പിലേക്ക് കൃത്യമായ അളവില്‍ എത്തിച്ചുനല്‍കുന്നതാണ് ഈ വിദ്യ. കോഴിപ്രേമിയായ സ്പോണ്‍സര്‍ക്ക് വേണ്ടിയാണ് തുടങ്ങിയതെങ്കിലും അലിയും തൊഴിലാളികളുമിപ്പോള്‍ ഈ സംരംഭം വളരെ താല്‍പര്യത്തോടെയാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്. കോഴികളെയും പ്രാവുകളെയും പരിചരിക്കാന്‍ മാത്രമായി ഇതിനകം 10 ലക്ഷം റിയാലെങ്കിലും കഫീല്‍ ചെലവഴിച്ചിട്ടുണ്ടാവുമെന്നാണ് ഇവര്‍ പറയുന്നത്. ഇവയുടെ വിപണനസാധ്യത കൂടി കണ്ടത്തെി വിപുലീകരിക്കാനുള്ള ആലോചനയുണ്ടെന്ന് പോക്കാട്ട് അലി പറഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story