Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2015 3:28 PM IST Updated On
date_range 18 Oct 2015 3:28 PM ISTസ്വകാര്യവാഹനങ്ങളില്‍ ഉംറക്ക് പോകുന്നതിനുള്ള വിലക്ക് നീക്കി
text_fieldsbookmark_border
ദോഹ: ഖത്തര്‍ ഉള്‍പ്പെടെ ജി.സി.സി രാജ്യങ്ങളില്‍ നിന്ന് സ്വകാര്യ വാഹനങ്ങളില്‍ ഉംറ യാത്രക്കത്തെുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷം സൗദി ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. ഉംറ യാത്രക്ക് പോകുന്നവര്‍ അംഗീകൃത ഉംറ ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേന തന്നെ പോകണമെന്നതടക്കം നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അംഗീകൃത ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ സൗദി മന്ത്രാലയത്തിലും തീര്‍ഥാടകരുടെ പേര് രജിസ്റ്റര്‍ ചെയ്യപ്പെടും. ഇത് പ്രകാരം ഉംറ വിസ ലഭിക്കണമെങ്കില്‍ സൗദി മന്ത്രാലയത്തിന്‍െറ അംഗീകാരമുള്ള ഏജന്‍സി മുഖേന തന്നെ അപേക്ഷിക്കണം. തീര്‍ഥാടകരുടെ മുഴുവന്‍ വിവരവും എഴുതിയ പട്ടിക യാത്ര സംഘടിപ്പിക്കുന്ന കമ്പനി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
സ്വകാര്യ വാഹനങ്ങളിലെ യാത്രക്ക് കഴിഞ്ഞ വര്‍ഷം വിലക്കേര്‍പ്പെടുത്തിയതിനാല്‍, യാത്രക്കാര്‍ കുറഞ്ഞിരുന്നു. ഇതുകാരണം ഖത്തറിലെ പല ഉംറ യാത്ര ഏജന്‍സികള്‍ക്കും വലിയ നഷ്ടം സംഭവിച്ചിരുന്നു.
എന്നാല്‍, പുതിയ നിയമങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് കരുതുന്നതെന്ന് ഉംറ യാത്ര ഏജന്‍സി അധികൃതര്‍ പ്രാദേശിക പത്രത്തോട് പ്രതികരിച്ചു. വിസിറ്റ് വിസയിലത്തെുന്നവര്‍ക്ക് ഖത്തറില്‍ നിന്ന് ഉംറ വിസ ലഭിക്കാതിരുന്നതിനാലാണ് കഴിഞ്ഞ വര്‍ഷം യാത്രക്കാര്‍ തീരെ കുറയാന്‍ കാരണം. ഈ നിയന്ത്രണം ഇത്തവണ സൗദി പുന:പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു. പ്രവാസികള്‍ പലരും മാതാപിതാക്കളെയും ബന്ധുക്കളെയും വിസിറ്റ് വിസയില്‍ ഖത്തറില്‍ കൊണ്ടുവന്ന്, അവരോടൊപ്പമാണ് ഉംറക്ക് പോയിരുന്നത്. ചെലവ് കുറഞ്ഞ യാത്ര എന്നതും ബന്ധുക്കള്‍ക്ക് തങ്ങളെ സന്ദര്‍ശിക്കാമെന്നതുമായിരുന്നു ഈ രീതിയെ ആകര്‍ഷകമാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഉംറ യാത്രക്ക് തയാറെടുത്ത് വന്ന നൂറുകണക്കിന് മലയാളികള്‍ അടക്കമുള്ളവര്‍ നിരാശരായി മടങ്ങേണ്ടി വന്നു.
സ്വകാര്യ വാഹനങ്ങളില്‍ ഉംറ തീര്‍ഥാടനത്തിനത്തെുന്നത് വിലക്കിയതോടെ ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം ഉംറക്ക് പോകുന്നവര്‍ക്ക് അംഗീകൃത ടൂര്‍ ഓപറേറ്റര്‍മാരുടെ ബസുകളില്‍ മാത്രമാണ് പോകാന്‍ കഴിഞ്ഞിരുന്നത്. പുതിയ നിയമമറിയാതെ കാറുകളില്‍ യാത്ര പുറപ്പെട്ട നിരവധി പേരെ രാജ്യാതിര്‍ത്തിയായ അബൂ സംറയില്‍ നിന്നും കഴിഞ്ഞ വര്‍ഷം തിരിച്ചയച്ചിരുന്നു. ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ രീതിയെന്ന നിലയില്‍ ധാരാളം പേര്‍ ഖത്തറില്‍ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നും സ്വന്തം കാറുകളിലാണ് ഉംറക്ക് പോയിരുന്നത്. ഉംറ തീര്‍ഥാടകര്‍ക്ക് മെനിഞ്ചൈറ്റിസ് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു.
വാക്സിനേഷന്‍ എടുക്കാതെ യാത്രക്കൊരുങ്ങിയ ഏതാനും തീര്‍ഥാടകരും രാജ്യാതിര്‍ത്തിയായ അബൂസംറയില്‍ നിന്ന് തിരിച്ചുപോരേണ്ടിവന്നിട്ടുണ്ട്. ഇതിന് പുറമെ, ഉംറ കഴിഞ്ഞ് സ്വന്തം രാജ്യത്തേക്ക് മടങ്ങാനും ഇപ്പോള്‍ അനുവദിക്കുന്നില്ല. ഖത്തറില്‍ നിന്ന് ഉംറക്ക് പോകുന്നവര്‍ ഖത്തറിലേക്ക് തന്നെ മടങ്ങണമെന്നാണ് ഇപ്പോഴത്തെ നിയമം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story