Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2015 2:51 PM IST Updated On
date_range 11 Oct 2015 2:51 PM ISTഇന്ത്യന്‍ എംബസി ദഫ്നയിലേക്ക് മാറ്റുന്നു
text_fieldsbookmark_border
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ദഫ്നയിലെ ഡിപ്ളോമാറ്റിക് മേഖലയിലേക്ക് മാറുന്നു. ഒരു മാസത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നാണ് സൂചന. ഹിലാലിലെ കെട്ടിടം സ്ഥലപരിമിതികളാല്‍ വീര്‍പ്പുമുട്ടുന്നത് കാരണം, ഇന്ത്യന്‍ എംബസിക്ക് വേണ്ടി പുതിയ കെട്ടിടം വാടകക്കെടുക്കാന്‍ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. ഇതുസംബന്ധിച്ച ഒന്നിലേറെ തവണ പത്രപരസ്യങ്ങളും നല്‍കിയിരുന്നു.
ദോഹയില്‍ മിക്ക രാജ്യങ്ങളുടെയും എംബസികള്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റ്ബേയിലാണ് ഡിപ്ളോമാറ്റിക് ഏരിയ. ഈ ഭാഗത്ത് തന്നെയാണ് എംബസി പുതിയ കെട്ടിടംതേടിയിരുന്നത്. നിലവില്‍ പഴയ ഹിലാലില്‍ പാര്‍പ്പിടമേഖലയിലെ വില്ലയിലാണ് എംബസിയുടെ പ്രവര്‍ത്തനം. എംബസിയിലെ അസൗകര്യങ്ങള്‍ ഇവിടെയത്തെുന്നവരുടെ സ്ഥിരം പരാതിയായിരുന്നു.
എന്നാല്‍, എംബസി മാറുന്നത് സാധാരണക്കാര്‍ക്ക് അത്രകണ്ട് സൗകര്യപ്രദമാവില്ളെന്നാണ് സൂചന. ദിവസവും ഏതാണ്ട് ആയിരത്തോളം ആളുകള്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്ന ഇന്ത്യന്‍ എംബസി തിരക്കേറിയ വെസ്റ്റ് ബേ മേഖലയിലേക്ക് മാറുമ്പോള്‍, സ്വന്തമായി വാഹനമില്ലാത്ത സാധാരണക്കാര്‍ എത്തിപ്പെടാന്‍ പ്രയാസപ്പെടും. പാസ്പോര്‍ട്ട് പുതുക്കാനും കോണ്‍സുലര്‍ സേവനങ്ങള്‍ക്കും തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയും എംബസിയിലത്തെുന്നവരില്‍ ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളാണ്. ഇവിടെ എത്തിപ്പെടാന്‍ ഇവര്‍ വലിയ സംഖ്യ ടാക്സി വാഹനങ്ങള്‍ക്ക് നല്‍കേണ്ടിവരും.
നൂറോളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലസൗകര്യമുള്ള കെട്ടിടമാണ് എംബസി തേടിയതെങ്കിലും, ഇപ്പോള്‍ കണ്ടുവെച്ച കെട്ടിടത്തില്‍ പൊതുജനങ്ങള്‍ക്ക് വാഹന പാര്‍ക്കിങിന് കാര്യമായ സൗകര്യമില്ല. കെട്ടിടം കൂടുതല്‍ സൗകര്യപ്രദമാണെങ്കിലും, ഭരണ കാര്യങ്ങള്‍ക്കുളള സൗകര്യങ്ങള്‍ പോലെ തന്നെ എംബസിയില്‍ എത്തുന്നവരുടെ സൗകര്യം കൂടി പരിഗണിക്കണം. നിലവില്‍ എംബസി നല്‍കുന്ന വാടകയെക്കാള്‍ 70 ശതമാനത്തോളം കൂടുതല്‍ വാടക നല്‍കിയാണ് പുതിയ കെട്ടിടം എടുക്കുന്നതെന്നാണറിയുന്നത്. എന്നാല്‍ ഇത്രയും വലിയ തുകക്ക് സാധരണക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സൗകര്യത്തിലുളള കെട്ടിടം ദോഹയിലെ തിരക്കൊഴിഞ്ഞ ഭാഗങ്ങളില്‍ തന്നെ ലഭ്യമാകുമെന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തുളളവര്‍ തന്നെ പറയുന്നത്. നിരവധി മന്ത്രാലയങ്ങളും ഓഫീസുകളുമുള്ള ഭരണസിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന ദഫ്നയില്‍ പാര്‍ക്കിങ് സൗകര്യമില്ലാത്ത കെട്ടിടത്തിലേക്ക് എംബസി മാറിയാല്‍ അതിന്‍െറ പ്രയാസം ഊഹിക്കാനാവുന്നതേയുള്ളൂ.
പല രാജ്യങ്ങളുടെ എംബസികളും ദഫ്നയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും സ്വന്തം കെട്ടിടങ്ങളിലാണ്. ഇവയിലെല്ലാം സേവനങ്ങള്‍ക്കായി പരിമിതമായ ആളുകള്‍ മാത്രമാണ് എത്തുന്നത്. ഖത്തറിലെ ഏറ്റവും തിരക്കുള്ള എംബസിയാണ് ഇന്ത്യയുടേത്. ആറ് ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളാണ് ഖത്തറിലുള്ളത്. നിരവധി വന്‍കിട കമ്പനികളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ദഫ്ന ഭാഗത്ത് വന്‍ ഗതാഗതകുരുക്കാണ് ഓഫീസ് സമയങ്ങളില്‍ അനുഭവപ്പെടാറുളളത്.
പാര്‍ക്കിങ് സൗകര്യത്തിന് പുറമെ ചുറ്റുമതില്‍, പൂന്തോട്ടം, റിസപ്ഷന്‍ ഏരിയ എന്നിവക്ക് പുറമേ എംബസിയിലെ കോണ്‍സുലര്‍, ലേബര്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേക പ്രവേശന കവാടത്തോടെയുള്ള വിശാലമായ ഹാള്‍, ഓഫീസ് സ്ഥലം, റെസ്റ്റ് റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള കെട്ടിടം വേണമെന്നാണ് പരസ്യം നല്‍കിയപ്പോള്‍ ആവശ്യപ്പെട്ടിരുന്നത്. നിലവിലുള്ള കെട്ടിടത്തിന് ഒന്നര വര്‍ഷം മുമ്പ് 75,000 റിയാലാണ് വാടക. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 13.25 ലക്ഷം രൂപയോളം വരുന്ന സംഖ്യയാണ് മാസംതോറും കെട്ടിടവാടക കൊടുക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടിയായി ഡല്‍ഹിയിലെ വിദേശകാര്യ വകുപ്പ് അറിയിച്ചിരുന്നു.
ഇതിന്‍െറ ഇരട്ടിയിലേറെ സംഖ്യയാണ് പുതിയ എംബസിക്ക് നല്‍കാന്‍ പോകുന്നത്. ഖത്തര്‍ സര്‍ക്കാര്‍ ഇന്ത്യന്‍ എംബസിക്ക് പ്രവര്‍ത്തിക്കാനായി സ്ഥലമനുവദിച്ചിട്ടുണ്ടെന്നും വിവരാവകാശം വഴി ലഭിച്ച മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.
ദഫ്നയില്‍ നിരവധി രാജ്യങ്ങളുടെ എംബസികളും മറ്റുമുള്ള ഡിപ്ളോമാറ്റിക് ഏരിയയിലാണ് ഇന്ത്യന്‍ എംബസിക്ക് സ്ഥലമനുവദിച്ചത്. പുതുതായി കെട്ടിടം പണിയാന്‍, ഇപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷം വാടക കൊടുക്കുന്ന തുക തന്നെ മതിയാവും. എന്നാല്‍, ഇതിന് തയാറാവാത്തത് എന്താണെന്ന് വ്യക്തമല്ല.
നേരത്തെ ഹിലാല്‍ വെസ്റ്റിലുള്ള വില്ലയിലാണ് എംബസി പ്രവര്‍ത്തിച്ചിരുന്നത്. മുന്‍ അംബാസിഡറായിരുന്ന ദീപ ഗോപാലന്‍ വാദ്വയുടെ കാലത്താണ് നിലവിലെ കെട്ടിടത്തിലേക്ക് എംബസി മാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story