ഖിഫ് ഫുട്ബാള്‍ കിരീടം കെ.എം.സി.സി മലപ്പുറത്തിന്
text_fieldsദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഒമ്പതാമത് എഡിഷന്‍ സമാപിച്ചപ്പോള്‍ കെ.എം.സി.സി മലപ്പുറം ഏകപക്ഷീയമായ ഒരു ഗോളിന് ടി.വൈ.സി തൃശൂരിനെ തോല്‍പിച്ച് കിരീടം സ്വന്തമാക്കി. ആക്രമണവും പ്രത്യാക്രമണവുമായി അത്യന്തം ആവേശകരമായ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് കെ.എം.സി.സി വിജയം നേടിയത്.
കളി തുടങ്ങി ആദ്യമിനുട്ടില്‍ തന്നെ കെഎം.സി.സി താരം തൃശൂരിന്‍െറ ഗോള്‍കീപ്പറെ പരീക്ഷിച്ചു. ഉടന്‍ തന്നെ മലപ്പുറം ഗോള്‍മുഖം ലക്ഷ്യമാക്കി ടി.വൈ.സി.യുടെ പ്രത്യക്രമണം. ഗ്യാലറി ആര്‍ത്തുവിളിച്ച നിമിഷങ്ങള്‍. 12ാം മിനുട്ടിലും 17ാം മിനുട്ടിലും മലപ്പുറത്തിന്‍െറ ഹെഡിങ് പരീക്ഷണം ഗ്യാലറിയിലെ മഞ്ഞപ്പടയെ ആവേശംകൊള്ളിച്ചെങ്കിലും ലക്ഷ്യംകാണാന്‍ 20ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു.
കെ.എം.സി.സിയുടെ ഏഴാം നമ്പര്‍ താരം സുധീഷ് മനോഹരമായ ഹെഡിലൂടെ തശൂരിന്‍്റെ വലകുലുക്കിയപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ (1-0) തെളിഞ്ഞു.
ദോഹ സ്റ്റേഡിയത്തിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന ഫൈനല്‍ മത്സരത്തില്‍ ഗ്യാലറിയിലെ ഫുട്ബാള്‍ പ്രേമികള്‍ ആര്‍ത്തുവിളിച്ചു. ഇരുപക്ഷത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
തിരിച്ചടിക്കാനുള്ള ആവേശത്തില്‍ ടി.വൈ.സി.സി താരങ്ങള്‍ ചടുല നീക്കങ്ങളിലൂടെ കെ.എം.സി.സി ഗോള്‍മുഖത്ത് നിരന്തരം ആക്രമണമഴിച്ചുവിട്ടെങ്കിലും ഒന്നും ഗോളാക്കാനായില്ല. മലപ്പുറത്തിന്‍െറ ഒരു ഗോള്‍ ലീഡില്‍ ആദ്യപകുതി അവസാനിച്ചു. 39ാം മിനുട്ടിലും 49ാം മിനുട്ടിലും ടി.വൈ.സി താരം ഷമീര്‍ ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ പരുക്കന്‍ അടവുകള്‍ പയറ്റിയതിന് ടി.വൈ.സിയുടെ 14ാം നമ്പര്‍ താരം ഷഫീഖും നാലാം നമ്പര്‍ താരം ജാഫറും ചുവപ്പ് കാര്‍ഡ് കാണേണ്ടി വന്നു. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ കെ.എം.സി.സി മലപ്പുറം കപ്പ് സ്വന്തമാക്കിയ ആരവങ്ങളോടെ ഒമ്പതാമത് ഖിഫ് ടൂര്‍ണമെന്‍റിന് സമാപ്തിയായി.
വിജയികള്‍ക്കുള്ള സമ്മാന വിതരണം സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദും ഖിഫ് പ്രസിഡന്‍റ് ശംസുദ്ദീന്‍ ഒളകരയും ചേര്‍ന്ന് നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.