അല്‍ ബയ്ത്ത് സ്റ്റേഡിയം നിര്‍മാണം അതിവേഗം
text_fieldsദോഹ: 2022 ഫിഫ ലോകകപ്പ് സെമിഫൈനല്‍ മത്സര വേദിയായ അല്‍ ഖോര്‍ ‘അല്‍ ബയ്ത്ത്’ സ്റ്റേഡിയത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുന്നു. ഖത്തറിന്‍െറ പൈതൃകം വിളിച്ചോതുന്ന പാരമ്പരാഗത തമ്പിന്‍െറ മാതൃകയിലാണ് നിര്‍ദിഷ്ട സ്റ്റേഡിയം. സ്റ്റേഡിയത്തിന്‍െറ പ്രതലവും ചുറ്റുപാടുകളും ഉയര്‍ത്തി ചെറിയ കുന്നുകളാക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ദൂരെനിന്ന് നോക്കിയാല്‍ ചെറിയ മലപോലെ തോന്നിപ്പിക്കുകയും എളുപ്പത്തില്‍ കാണുകയും ചെയ്യുന്ന പരമ്പരാഗത തമ്പുകളുടെ പശ്ചാത്തലം ഒരുക്കുന്നതിനയാണിത്. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന വസ്തുക്കളാണ് സ്റ്റേഡിയത്തിന്‍െറ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്്.
സെ്പ്തംബറില്‍ നിര്‍മാണം ആരംഭിച്ച ശേഷം നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ട സ്റ്റേഡിയം ഇതിനകം വാര്‍ത്തകളില്‍ ഇടംപിടിച്ചുകഴിഞ്ഞു. 60,000 പേര്‍ക്ക് സ്റ്റേഡിയത്തില്‍ ഇരിപ്പിടമൊരുക്കുന്നുണ്ട്. 2018 സെപ്തംബറില്‍ സ്റ്റേഡിയം പൂര്‍ണ സജ്ജമാകും. അപകടങ്ങളൊന്നുമില്ലാതെ നിര്‍മാണമപ്രവര്‍ത്തികള്‍ക്ക് കോട്ടംവരാതെയുള്ള മനുഷ്യപ്രയത്നത്തിന്‍െറ ഒരുദശലക്ഷം മണിക്കൂറുകളാണ് ഇതിനകം സ്റ്റേഡിയം പ്രവര്‍ത്തിയില്‍ പിന്നിട്ടതെന്ന് സ്റ്റേഡിയത്തിന്‍െറ പ്രോജക്ട് ഡയറക്ടര്‍ ഡോ. നാസര്‍ ഹമദ് അല്‍ ഹാജരി ആസ്പയര്‍ സോണില്‍ നടന്ന ചടങ്ങില്‍ വ്യക്തമാക്കി. സ്റ്റേഡിയത്തിന്‍െറ കോണ്‍ക്രീറ്റ് പണികള്‍ അടുത്തമാസത്തോടെ ആരംഭിക്കും. മ്യൂണിക്കിലെ ‘അലിയന്‍സ് അരീന’, ബ്രസീലിലെ മാറക്കാന സ്റ്റേഡിയം എന്നിവയുടെ നിര്‍മാണവേളയില്‍ നടത്തിയ പല പരിശോധനകളും ‘അല്‍ ബയ്ത്തി’ന്‍െറ സാങ്കേതിക വിദഗ്ധര്‍ നടത്തിവരുന്നുണ്ട്. സ്റ്റേഡിയം നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ഖത്തറിലെ പരിസ്ഥിതിക്ക് ഇണങ്ങുമോ എന്നതാണ് ഇതില്‍ പ്രധാനം. സ്റ്റേഡിയത്തോടൊപ്പമുള്ള സ്ഥലത്തുതന്നെ പച്ചപ്പ് നിലനിര്‍ത്താനും സൈക്കിളിങ്, കുതിരസവാരി, വ്യായാമത്തിനായുള്ള സ്ഥലം, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള കളിസ്ഥലം എന്നിവ നിര്‍മിക്കുകയും പുറത്തുള്ള പരമാവധി സ്ഥലം പാര്‍ക്കിങിനായി നീക്കിവെക്കാനുമാണ് ഉദ്ദേശിക്കുന്നത്.
നാടോടികള്‍ താമസിക്കുന്ന ടെന്‍റിന്‍െറ മാതൃകയിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. ബൈത് അല്‍ ശഹറിന്‍െറ കറുപ്പും വെളുപ്പും നിറത്തിലുള്ള ടെന്‍റാണ് മാതൃകയാക്കുന്നത്. മരുഭൂ സഞ്ചാരികള്‍ക്കിടയില്‍ ആതിഥേയത്തിന്‍െറ പ്രതീകമാണ് ഇത്തരം ടെന്‍റുകള്‍. സ്റ്റേഡിയത്തിന്‍െറ പുറം ഭാഗം കറുപ്പും അകത്ത് ചുവപ്പും വെളുപ്പും നിറങ്ങളുമായിരിക്കും. സ്റ്റേഡിയത്തിലെ മുന്തിയ ഇനം ഇരിപ്പിടങ്ങള്‍ ലോകകപ്പിന് ശേഷം നീക്കം ചെയ്യും. ഇത് കായിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രയാസപ്പെടുന്ന വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കും. അതോടെ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളുടെ എണ്ണം 32,000 ആയി കുറയും. ഒരു ദശലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഡിയം കേംപ്ളക്സിന്‍െറ പരിസരത്ത് മാള്‍, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. 2022ന് ശേഷവും ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് സ്റ്റേഡിയം വിഭാവനചെയ്തിരിക്കുന്നത്. അല്‍ഖോറിലെയും അല്‍ ദഖീറയിലേയും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കലും സ്റ്റേഡിയം നിര്‍മാണത്തിന്‍െറ ലക്ഷ്യമാണെന്ന് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഹിലാല്‍ അല്‍ കുവാരി നേരത്തേ വ്യക്തമാക്കിയിരുന്നു.
സലീനി ഇംപ്രഗിലോ ഗ്രൂപ്പ് 3.11 ബില്യന്‍ റിയാലിനാണ് സ്റ്റേഡിയത്തിന്‍െറ നിര്‍മാണ കരാര്‍ സ്വന്തമാക്കിയത്. ഇറ്റാലിയന്‍ കമ്പനിയായ സിമൊലായിയുടെയും ഒമാന്‍ കേന്ദ്രമായ ഗള്‍ഫാര്‍ ഗ്രൂപ്പിന്‍െറയും സംയുക്ത സംരംഭമാണ് സലീനി ഇംപ്രഗിലോ. അല്‍ഖോര്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണവും നടത്തിപ്പും അറ്റകുറ്റപ്പണികളും കമ്പനിയുടെ ചുമതലയാണ്.
നിര്‍മാണത്തിനായി 2.89 ബില്യനും നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കുമായി 214 ദശലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.