എണ്ണ വിലയിടിവ് വ്യവസായ നിക്ഷേപങ്ങളെ ബാധിക്കും –ഊര്‍ജ മന്ത്രി
text_fieldsദോഹ: എണ്ണയിവിലയിലെ അസ്ഥിരത ദീര്‍ഘകാലം തുടരുന്നത് വ്യവസായമേഖലക്കുള്ള നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഉല്‍പാദകരിലും ഉപഭോക്താക്കളിലും ഇത് പ്രതിസന്ധിക്ക് കാരണമായേക്കുമെന്നും ഖത്തര്‍ ഊര്‍ജ-വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ പറഞ്ഞു. ആറാമത് ഏഷ്യന്‍ രാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരുടെ സമ്മേളനം (അമെര്‍-6) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോള എണ്ണ വിലയിലെ പ്രതിസന്ധി ഉല്‍പാദക രാജ്യങ്ങളുടെ ബജറ്റില്‍ കമ്മി സൃഷ്ടിക്കുകയും ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്തിട്ടുണ്ട്. എണ്ണ-പ്രകൃതി വാതകങ്ങളുടെ വിലക്കുറവ് വിവിധ പദ്ധതികളിലെ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുകയും ഇവയുടെ സംഭരണത്തില്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്നു. 2014 മധ്യത്തില്‍ തുടങ്ങിയ താഴ്ച ഇതിനകം എണ്ണമേഖലയിലെ വിവിധ പദ്ധതികളിലേക്കുള്ള 130 ബില്യന്‍ അമേരിക്കന്‍ ഡോളറിന്‍െറ നിക്ഷേപങ്ങളെയാണ് ബാധിച്ചത്.
എണ്ണവിലയിടിവ് വന്‍കരയിലെ സാമ്പത്തികമേഖലക്ക് മാത്രമല്ല ഭീഷണിയാവുക, മറിച്ച് ഭാവിയില്‍ നിക്ഷേപങ്ങളില്‍നിന്ന് പിന്മാറാനും രാജ്യങ്ങളെ ഇതിന് പ്രേരിപ്പിക്കും. ഏഷ്യന്‍ രാജ്യങ്ങളിലെ പല എണ്ണപ്പാടങ്ങളിലെയും ഉല്‍പാദനം ഇപ്പോള്‍ മന്ദഗതിയിലാണ്. ഇത് ഭാവിയില്‍ ഉല്‍പാദന-വിതരണത്തെയും ബാധിക്കും.
ഉല്‍പാദകരില്‍ പ്രത്യക്ഷമായും പ്രതികൂലമായും വിലയിടിവിന്‍െറ പ്രത്യാഘാതങ്ങള്‍ പ്രതിഫലിക്കുമെന്നും ഉപഭോഗ രാജ്യങ്ങളെ ഇത് ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കും ബാധിക്കുകയെന്നും അദ്ദേഹം തുടര്‍ന്നു. ആഗോളതലത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ ഉല്‍പാദകരും ഉപഭോക്താക്കളും ഏഷ്യന്‍ രാജ്യങ്ങളാണെന്നത് കൊണ്ട് ഊര്‍ജ സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഉല്‍പാദകര്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകള്‍ ഉപഭോക്താക്കളുമായി പങ്കുവെക്കാനും ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഊര്‍ജ സുരക്ഷയെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാമെന്നതുമാണ് ‘അമെര്‍-6’ സമ്മേളനത്തിന്‍െറ പ്രത്യേകത. ഖത്തര്‍ ഊര്‍ജ-വ്യവസായ മന്ത്രാലയവും രാജ്യാന്തര എനര്‍ജി ഫോറവുമാണ് (ഐ.ഇ.എഫ്) സമ്മേളനം സംഘടിപ്പിച്ചത്.
ആഗോളമേഖലയിലുണ്ടാകുന്ന സാമ്പത്തിക മാന്ദ്യവും ഊര്‍ജ കമ്പോളത്തിലുണ്ടാകുന്ന അസ്ഥിരതയും കണക്കിലെടുത്താണ് സംഘടന സമ്മേളനം സംഘടിപ്പിച്ചത്.
അടുത്തകാലത്തായി നിരവധി ദേശീയ അന്തര്‍ ദേശീയ എണ്ണ കമ്പനികള്‍ ഉല്‍പാദനം കൂട്ടാനുള്ള വിവിധ പദ്ധതികളുടെ നിക്ഷേപങ്ങള്‍ കുറക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. ഇത് വരുംകാലങ്ങളില്‍ അനിവാര്യമായ ഊര്‍ജ ആവശ്യങ്ങളെ സാരമായി ബാധിക്കാനിടയുണ്ടെന്ന് അല്‍ സാദ ചൂണ്ടിക്കാട്ടി.
ഏഷ്യന്‍ മേഖലയിലെ 30 ഓളം വരുന്ന ഏറ്റവും വലിയ ഊര്‍ജ ഉല്‍പാദക, ഉപഭോക്തൃ രാജ്യങ്ങളുടെ ഊര്‍ജ മേഖലയിലെ സന്തുലിതത്വം ഉറപ്പുവരുത്താനുള്ള ഉപായങ്ങളും സഹകരിക്കേണ്ട മേഖലകളും ചര്‍ച്ച ചെയ്തു. രണ്ട് ദിവസം നീണ്ട ആറാമത് രാജ്യാന്തര ഊര്‍ജ മന്ത്രിമാരുടെ സമ്മേളനം നേരത്തെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ഉദ്ഘാടനം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.