വൈകല്യം കൂസാതെ നാരായണ ലോകം ചുറ്റുന്നു
text_fieldsദോഹ: അപകടത്തെതുടര്‍ന്ന് ശരീരത്തിനുണ്ടായ വൈകല്യം വകവെക്കാതെ ലോകം ചുറ്റുകയാണ് ബംഗളൂരു സ്വദേശിയായ ബി.വി. നാരായണ. യുവത്വം മുതല്‍ കൂടെയുള്ള സഞ്ചാരപ്രിയവും സാഹസികതയും 54ാം വയസിലും തുടരുകയാണ്. അപകടത്തില്‍ പെട്ട് കാലുകള്‍ക്ക് ശേഷി കുറഞ്ഞിട്ടും യാത്രകളില്‍ നിന്ന് അദ്ദേഹത്തിന് പിന്തിരിയാന്‍ തോന്നിയിട്ടില്ല. നാല് വര്‍ഷം മുമ്പ് വീടിന് സമീപത്തുണ്ടായ അപകടത്തെതുടര്‍ന്നാണ് കാലിന് പരിക്കേറ്റതും വൈകല്യമുണ്ടായതും. ഇപ്പോഴത്തെ യാത്ര വൈകല്യങ്ങള്‍ തടയാനുള്ള ബോധവല്‍കരണ സന്ദേശമുയര്‍ത്തിയാണ്.
മുന്‍കരുതലുകളിലൂടെ തടയാന്‍ കഴിയുന്ന ശാരീരിക വൈകല്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുകയാണ് ലക്ഷ്യം. പ്രത്യേകം സജ്ജീകരിച്ച ബൈക്കില്‍ ഒറ്റക്ക് 25 രാജ്യങ്ങളിലായി 35,000 കിലോമീറ്ററാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഖത്തറിലത്തെിയ നാരായണ ലോകയാത്രക്കിടെ മുഖാമുഖം കണ്ട സാഹസിക അനുഭവങ്ങള്‍ ഐ.സി.സിയില്‍ വെച്ച് മാധ്യമങ്ങളുമായി പങ്കുവെച്ചു. കലാപങ്ങളും രോഗവും ഇഴജന്തുക്കളുമെല്ലാം കണ്‍മുന്നില്‍ വന്നിട്ടും യാത്രകള്‍ തുടരുകയാണ്. ഫെബ്രവരി 25നാണ് ബംഗളൂരുവില്‍നിന്ന് യാത്രപുറപ്പെട്ടത്. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച ശേഷമാണ് ലോകസഞ്ചാരത്തിനിറങ്ങിയത്. മുംബൈയില്‍ നിന്ന് ദുബൈയിലത്തെിയ നാരായണ കപ്പലിലാണ് ബൈക്ക് അവിടെയത്തെിച്ചത്.
യു.എ.ഇ.യില്‍നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഖത്തറിലത്തെിയത്. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചാണ് യാത്ര. ദോഹയില്‍ എട്ടുദിവസമാണ് തങ്ങുന്നത്. ഇതിനിടെ ബൈക്കില്‍ സഞ്ചരിച്ച് വൈകല്യങ്ങള്‍ തടയുന്നതിനുള്ള സന്ദേശങ്ങള്‍ കൈമാറും. പത്ത് വര്‍ഷം പഴക്കമുള്ള ബൈക്കാണ് യാത്രക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ബൈക്കിന്‍െറ ഇരുവശത്തും രണ്ട് ചക്രങ്ങള്‍ അധികമായി ഘടിപ്പിച്ചിട്ടുണ്ട്.
പത്താം ക്ളാസ് വരെ മാത്രം പഠിച്ച അദ്ദേഹം ബംഗളൂരുവില്‍ സ്വന്തമായി വാഹന ഗ്യാരേജ് നടത്തുകയാണ്. യാത്രക്ക് ഉപയോഗിക്കുന്ന ബൈക്കിലെ അധിക സംവിധാനങ്ങള്‍ സ്വന്തം തന്നെ രൂപകല്‍പന ചെയ്താണ് ഘടിപ്പിച്ചത്. വൈകല്യമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഇലക്ട്രിക് വീല്‍ചെയറും സ്വന്തമായി രൂപകല്‍പന നടത്തിയിരുന്നു. പോളിയോ പ്രതിേരാധ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുക, മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക, വാഹനമോടിക്കുമ്പോഴും നടക്കുമ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക, കുട്ടികളെ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ സമ്മതിക്കാതിരിക്കുക, റോഡ് സുരക്ഷ നിയമങ്ങള്‍ കൃത്യമായി പാലിക്കുകയും ട്രാഫിക് സിഗ്നലുകളെ വകവെക്കുകയും ചെയ്യുക തുടങ്ങിയവയാണ് അദ്ദേഹം ഉയര്‍ത്തുന്ന പ്രധാന കാര്യങ്ങള്‍. ഈ ആഹ്വാനങ്ങളടങ്ങിയ വിവിധ ഭാഷകളിലുള്ള പോസ്റ്ററുകള്‍ വാഹനത്തില്‍ കരുതുന്ന നാരായണ, ഇവ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാറാണ് പതിവ്. ദോഹയില്‍ നിന്ന് ബഹ്റൈനിലേക്കാണ് യാത്ര തിരിക്കുന്നത്.
തുടര്‍ന്ന് കുവൈത്ത്, തുര്‍ക്കി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. അവയവദാനസന്ദേശം പ്രചരിപ്പിക്കാന്‍ 90,000 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര നടത്തിയ ചരിത്രവും നാരായണക്കുണ്ട്. 1979 മുതല്‍ 80 വരെയായിരുന്നു 59 രാജ്യങ്ങളിലൂടെ യാത്ര നടത്തിയത്. 90,000 കിലോമീറ്റര്‍ അന്ന് പിന്നിട്ടതായി അദ്ദേഹം പറയുന്നു. 15 ലക്ഷം രൂപയാണ് അദ്ദേഹം യാത്രക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടത്തൊനാവുമെന്നാണ് നാരായണ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.