ഖിഫ് ഫുട്ബാള്‍: കെ.എം.സി.സി മലപ്പുറവും ടി.വൈ.സി തൃശൂരും സെമിയില്‍
text_fieldsദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ഖിഫ് ട്രോഫിക്കായുള്ള ഒമ്പതാമത് ഖത്തര്‍ കേരള അന്തര്‍ ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കെ.എം.സി.സി മലപ്പുറം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കെ.എം.സി.സി കാസര്‍കോടിനെ തോല്‍പ്പിച്ച് സെമിയില്‍ പ്രവേശിച്ചു. ടൂര്‍ണമെന്‍റിലെ രണ്ട് പ്രബല ശക്തികള്‍ തമ്മിലുള്ള തീപാറുന്ന പോരാട്ടം പ്രതീക്ഷിച്ചത്തെിയ ആയിരങ്ങളുടെ മുന്നില്‍ സമ്മര്‍ദത്തോടെയാണ് ഇരുടീമുകളും കളിയാരംഭിച്ചത്. ഗോളടിക്കുന്ന ടീം കിട്ടിയ ഗോളില്‍ പിടിമുറുക്കി സര്‍വശക്തിയും പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയാണ് ആദ്യപകുതിയില്‍ കളിച്ചത്.
ഗോള്‍മണമുള്ള ഒരു ഫ്രീ കിക്ക് പോലും കാണാന്‍ 17ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. കിട്ടിയ പെനാല്‍ട്ടി അവസരം മലപ്പുറത്തിന്‍െറ 30ാം നമ്പര്‍താരം നസ്റുദ്ദീന്‍ പാഴാക്കി. രണ്ടാം പകുതിയില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെയാണ് കെ.എം.സി.സി മലപ്പുറം കളത്തില്‍ തിരിച്ചത്തെിയത്. 7ാം മിനുട്ടില്‍തന്നെ അതിന്‍െറ ഫലം കണ്ടു. മലപ്പുറം താരം സുധീഷ് നടത്തിയ മനോഹരമായ മുന്നേറ്റത്തിലൂടെ അവര്‍ ആദ്യ ഗോള്‍ നേടി. ഗോള്‍ വീണതോടെ കാസര്‍കോട് ഉണര്‍ന്നു പൊരുതിയെങ്കിലും മലപ്പുറത്തിന്‍െറ പ്രതിരോധഭിത്തി ദേദിക്കാനായില്ല. അതിനിടെ, പ്രധാന കളിക്കാരാന്‍ അല്‍ഫാസും ഗോള്‍കീപ്പര്‍ ഷൗബീസും പരിക്കേറ്റ് കളം വിട്ടതിന് ശേഷവും മലപ്പുറം താരങ്ങള്‍ കാസര്‍കോടിന്‍െറ വലയിലേക്ക് രണ്ടാമത്തെ ഗോളും അടിച്ചുകയറ്റി. സുധീഷിന്‍െറ ബൂട്ടില്‍നിന്നു തന്നെയായിരുന്നു രണ്ടാമത്തെ ഗോളും. കളിയവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ മലപ്പുറത്തിന് വേണ്ടി രമേശ് ഒരു ഗോള്‍ കൂടി നേടി ലീഡ് നില ഉയര്‍ത്തി. മലപ്പുറത്തിന് വേണ്ടി മധ്യനിരയില്‍ കളം നിറഞ്ഞു കളിച്ച എട്ടാം നമ്പര്‍ താരം ഷബീര്‍ ‘മാന്‍ഓഫ് ദ മാച്ചാ'യി. ഖിഫ് വൈസ് പ്രസിഡന്‍റ് പി.കെ. ഹൈദരലി പി.കെ. സമ്മാനദാനം നിര്‍വഹിച്ചു.
രണ്ടാമത്തെ മത്സരത്തില്‍ സ്കിയ തിരുവന്തപുരത്തെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി ടി.വൈ.സി തൃശൂര്‍ സെമിയില്‍ പ്രവേശിച്ചു. ആക്രമണവും പ്രതിരോധവും ഒരു പോലെ ദര്‍ശിച്ച മത്സരത്തില്‍ ടി.വൈ.സി വ്യക്തമായ മികവ് പുലര്‍ത്തി. നാലാം മിനിട്ടില്‍തന്നെ അവര്‍ തിരുവനന്തപുരത്തിന്‍െറ വലകുലുക്കി. മുന്നേറ്റനിരയിലെ 11ാം നമ്പര്‍താരം ഷമീറാണ് ഗോള്‍നേടിയത്. ഗോള്‍ കുടുങ്ങിയ തിരുവനന്തപുരം ആക്രമിച്ച് കളിച്ചെങ്കിലും ഫലം കണ്ടില്ല.
56ാം മിനിട്ടില്‍ ഷമീര്‍ തന്നെ വീണ്ടും ഗോളടിച്ച് തൃശൂരിനെ മുമ്പിലത്തെിച്ചതോടെ തിരുവനന്തപുരം പരാജയം സമ്മതിച്ചു. ടി.വൈ.സിയുടെ 21ാം നമ്പര്‍താരം ജിഷിന്‍ മാന്‍ഓഫ് ദ മാച്ചായി. ഖിഫ് ട്രഷറര്‍ താഹിര്‍ സമ്മാനദാനം നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.