അല്‍ വക്റ സ്റ്റേഡിയം: പ്രധാന കരാറുകാരെ പ്രഖ്യാപിച്ചു
text_fieldsദോഹ: 2022ല്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ അല്‍ വക്റ സ്റ്റേഡിയത്തിന്‍െറ നിര്‍മാണച്ചുമതല മിഡ്മാകും പോര്‍ ഖത്തറുമടങ്ങിയ സംയുക്ത കമ്പനിക്ക്. അല്‍ ബിദ ടവറില്‍ നടന്ന ചടങ്ങിലാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി ഇരുകമ്പനികളുമടങ്ങിയ സംയുക്ത സംരംഭകര്‍ക്ക് നിര്‍മാണ ചുമതല കൈമാറിയത്.
തലസ്ഥാന നഗരിയായ ദോഹയില്‍ നിന്ന് തെക്ക് ഭാഗത്തായി 15 കിലോമീറ്റര്‍ ദൂരത്തായാണ് 40,000 സീറ്റുകളുള്‍ക്കൊള്ളുന്ന അല്‍ വക്റ സ്റ്റേഡിയം ഉയരാന്‍ പോകുന്നത്. ചാമ്പ്യന്‍ഷിപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലടക്കമുള്ള പ്രധാന മത്സരങ്ങള്‍ അല്‍ വക്റ സ്റ്റേഡിയത്തിലാണ് നടക്കുക. പൂര്‍വികര്‍ മുത്തുവാരാന്‍ ഉപയോഗിച്ചിരുന്ന പായക്കപ്പലിന്‍െറ രൂപത്തിലുള്ള അല്‍ വക്റ സ്റ്റേഡിയം ഖത്തറിന്‍െറ പാരമ്പര്യം നിലനിര്‍ത്തിയാണ് നിര്‍മിക്കാനൊരുങ്ങുന്നത്. ചടങ്ങില്‍ സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി, സുപ്രീം കമ്മിറ്റി ടെക്നിക്കല്‍ ഡെലിവറി ഓഫീസ് ചെയര്‍മാന്‍ ഹിലാല്‍ അല്‍ കുവാരി, വൈസ് ചെയര്‍മാന്‍ യാസിര്‍ ജമാല്‍, മത്സര സ്ഥലങ്ങളുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഗാനിം അല്‍ കുവാരി, സുപ്രീം കമ്മിറ്റി പ്രോഗ്രാം സര്‍വീസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫൈസല്‍ അല്‍ കഅ്ബി, അല്‍ വക്റ സ്റ്റേഡിയം പ്രോജക്ട് മാനേജര്‍ ഥാനി അല്‍ സറ തുടങ്ങിയവരും കരാറുകാരെ പ്രതിനിധീകരിച്ച് മിഡ്മാക് ജനറല്‍ മാനേജര്‍ റഗിബ് കുബ്ളാവി, പോര്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാനേജിങ് ഡയറക്ടര്‍ മാര്‍ക് ക്രൂസ് എന്നിവരും പങ്കെടുത്തു. ഈ വര്‍ഷാവസാനത്തോടെ നിര്‍മാണം ആരംഭിക്കുന്ന സ്റ്റേഡിയം 2018ല്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാരംഭ പ്രവൃത്തികള്‍ പൂര്‍ത്തിയായ സ്റ്റേഡിയത്തിന്‍െറ സ്ഥലത്ത് നിന്ന് ഏകദേശം 460,000 ക്യൂബിക് മീറ്റര്‍ സ്ഥലം കുഴിയെടുത്തിട്ടുണ്ട്. കൂടാതെ സ്റ്റേഡിയത്തിന്‍െറ നിരപ്പാക്കല്‍ പ്രവൃത്തിയും കോണ്‍ക്രീറ്റ് സബ് സ്ട്രക്ചറും പൂര്‍ത്തിയായിട്ടുണ്ട്. 84 കോണ്‍ക്രീറ്റ് തൂണുകളാണ് 1.2 ഡയമീറ്ററിലും 19 മീറ്റര്‍ ആഴത്തിലും സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. 5,60,000ചതുരശ്ര മീറ്ററില്‍ 40,000 സീറ്റുകളുള്‍ക്കൊള്ളുന്നതാണ് നിലവില്‍ പായക്കപ്പലിന്‍െറ രൂപത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റേഡിയം. കളി സ്ഥലത്തിന് പുറമേ വിശാലമായ പാര്‍ക്ക്, പള്ളി, സ്കൂള്‍, ഹോട്ടല്‍, വെഡ്ഡിങ് ഹാള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയും ഇവിടെ നിര്‍മിക്കുന്നുണ്ട്. ലോകകപ്പിന് ശേഷം സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ 20,000 ആക്കിക്കുറക്കും.
അല്‍ വക്റ സ്റ്റേഡിയത്തിന്‍െറ നിര്‍മാണ ചുമതല പ്രധാന കരാറുകാര്‍ക്ക് നല്‍കിയതിലൂടെ പുതിയൊരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. വക്റയിലെ സാമൂഹിക പൈതൃകം നിലനിര്‍ത്തി തന്നെയാകും സ്റ്റേഡിയവും അതിന്‍്റെ ചുറ്റുപാടും ക്രമീകരിക്കുക. കരാറുകാരില്‍ ഒരു ഖത്തര്‍ കമ്പനിയെ കൂടി ഉള്‍പ്പെടുത്തി സാമ്പത്തിക മേഖലക്ക് നേട്ടം കൊയ്യാനായതായും ഹസന്‍ അല്‍ തവാദി കൂട്ടിച്ചേര്‍ത്തു.
സ്റ്റേഡിയത്തിന്‍െറ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചതായും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മിഡ്മാക് കോണ്‍ട്രാക്ടിങ് ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി വ്യക്തമാക്കി. അല്‍ വക്റ സ്റ്റേഡിയത്തിന്‍െറ നിര്‍മാണ ചുമതല നല്‍കുന്നതില്‍ ആത്മവിശ്വാസം കാണിച്ച സുപ്രീം കമ്മിറ്റിക്ക് ഈയവസരത്തില്‍ നന്ദിയര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തിന്‍െറ പ്രധാന കരാറുകാര്‍ എന്ന പദവി ലഭിച്ചത് ഞങ്ങള്‍ക്കും കൂടെയുള്ള ഖത്തരി കമ്പനിക്കും കിട്ടിയ ആദരവാണെന്നും ഇത് അഭിമാന നിമിഷമാണെന്നും മിഡ്മാക് ജനറല്‍ മാനേജര്‍ റഗിബ് കുബ്ളാവി പറഞ്ഞു.
ആസ്പയര്‍ സോണിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മാണത്തിനെറ പ്രധാന കരാറുകാരിലൊരാളാണ് മിഡ്മാക് കോണ്‍ട്രാക്ടിങ് കമ്പനി. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ അഭിമാനിക്കുന്നതായും സുപ്രീം കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും അത് വിജയകരമാക്കുന്നതിനുമായിരിക്കും ഇനിയുള്ള ലക്ഷ്യമെന്നും 34 മാസത്തെ കരാറാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്നും പോര്‍ ഖത്തര്‍ മാനേജിങ് ഡയറക്ടര്‍ തോമസ് സ്ടെയിഗ്ളര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
