ദോഹ മെട്രോ തുരങ്കനിര്‍മാണം: ബോറിങ് മെഷീനുകള്‍ മാറ്റിത്തുടങ്ങി
text_fieldsദോഹ: മെട്രോ റെയിലിന്‍െറ തുരങ്ക നിര്‍മാണത്തിന്‍െറ 67 ശതമാനത്തോളം പൂര്‍ത്തിയായിരിക്കെ ബോറിങ് മെഷീനുകള്‍ പുറത്തേക്ക് മാറ്റിത്തുടങ്ങി. ആകെ മെട്രോ പാതകള്‍ക്കായുള്ള തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ 21 ടണല്‍ ബോറിങ് മെഷീനുകളാണ് (ടി.ബി.എം) ഉപയോഗിച്ചിരുന്നത്. ഒരേ സമയം ഏറ്റവും കൂടുതല്‍ എണ്ണം ടി.ബി.എമ്മുകള്‍ ഉപയോഗിച്ചതിനുളള ലോകറെക്കോര്‍ഡ് ഖത്തര്‍ റെയിലിനാണ്. മണ്ണും പാറയും ഒരു പോലെ തുരക്കാന്‍ കഴിയുന്ന എര്‍ത്ത് പ്രഷര്‍ ബാലന്‍സ്(ഇ.പി.ബി.) വിഭാഗത്തില്‍പ്പെട്ട ടണല്‍ ബോറിങ് യന്ത്രങ്ങളാണ് ദോഹ മെട്രോക്കായി ഉപയോഗിക്കുന്നത്. ഏഴ് മീറ്റര്‍ വ്യാസമുള്ള ഇവക്ക് 6.7 മീറ്റര്‍ വ്യാസത്തില്‍ തുരങ്കങ്ങള്‍ നിര്‍മിക്കാനാവും. യന്ത്രം തുരന്നുമുന്നേറുമ്പോള്‍ തന്നെ ഭൂമിയുടെ പ്രതലങ്ങളില്‍ കുമ്മായക്കൂട്ട് പൂശുന്നുണ്ട്. ഇതിലൂടെ മണ്ണ് ഇടിയാതെ ഉറപ്പിക്കാനാവും.
തുരക്കുമ്പോള്‍ ലഭിക്കുന്ന മണ്ണും മറ്റ് അവശിഷ്ടങ്ങളും കണ്‍വേയര്‍ ബെല്‍റ്റ് വഴി അതാത് സമയത്ത് തന്നെ നീക്കം ചെയ്യും. ഇങ്ങനെ നീക്കം ചെയ്യുന്ന അവശിഷ്ടങ്ങള്‍ പുനരുപയോഗിക്കുകയാണ് ചെയ്യുന്നത്. ടണല്‍ ബോറിങ് മെഷീനുകള്‍ക്ക് ഖത്തറിന്‍െറ സംസ്കാരവും സ്ഥലനാമവുമായി ബന്ധപ്പെട്ടാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. ലെബ്രിത്ത, അല്‍മായിദ, അല്‍ഖോര്‍, ലഹ്വീല, മുശൈരിബ്, ദോഹ, വഖ്റ, അല്‍ബിദഅ്, സുബാറ എന്നീ പേരുകളുള്ള യന്ത്രങ്ങളാണ് റെഡ് ലൈനില്‍ പ്രവര്‍ത്തിക്കുന്നത്. റയ്യാന്‍, ഗറാഫ, മെസില, ശീഹാനിയ, ലീതൂരിയ, ലിജ്മാലിയ എന്നിങ്ങനെ ആറ് യന്ത്രങ്ങളാണ് ഗ്രീന്‍ ലൈന്‍ തുരങ്കനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഗോള്‍ഡ് ലൈനിലും ആറ് യന്ത്രങ്ങളുണ്ട്. ലുസൈല്‍, ശര്‍ഖ്, അല്‍സദ്ദ്, അല്‍വഅബ്, അല്‍സൈലിയ, റാസ് ബൂ അബൂദ് എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍.
ജര്‍മന്‍ നിര്‍മിത അല്‍ റയ്യാന്‍ ടി.ബി.എം ദോഹ മെട്രോ ഗ്രീന്‍ ലൈനിന് വേണ്ടി നാല് കിലോ മീറ്റര്‍ ദൂരമാണ് തുരങ്കം തീര്‍ത്തത്. മുശൈരിബ് സെന്‍ട്രല്‍ സ്റ്റേഷന് വേണ്ടി നിര്‍ണായകമായ പല പ്രവൃത്തികളും അല്‍ റയ്യാന്‍ ടി ബി എം ഉപയോഗിച്ചു നടത്തി. ഇതിന് മുമ്പ് അല്‍ മയേദ ടി.ബി.എമ്മും മുശൈരിബ് സ്റ്റേഷന്‍െറ പ്രവൃത്തികള്‍ക്കായി ഉപയോഗിച്ചിരുന്നു. ഇത് പിന്നീട് ദോഹ എക്സിബിഷന്‍ സെന്‍ററിലേക്കുളള റെഡ്ലൈന്‍ നിര്‍മാണത്തിനായി റോഡ് മാര്‍ഗം കോര്‍ണിഷ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
അല്‍ റയ്യാന്‍ ടി.ബി.എമ്മിന്‍െറ പ്രവര്‍ത്തനം അവസാനിച്ചെങ്കിലും നിരവധി ടി.ബി.എമ്മുകള്‍ തുടര്‍ന്നും തുരങ്കങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കും. അടുത്ത വര്‍ഷത്തോടെ തുരങ്കനിര്‍മാണം പൂര്‍ത്തീകരിച്ച് പാളത്തിന്‍െറ പണികള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഷനുകളുടെ മേല്‍കൂര നിര്‍മാണമടക്കമുളള പ്രവര്‍ത്തനങ്ങള്‍ക്കും കരാറുകള്‍ തയാറായി വരുന്നു. ദോഹ മെട്രോയുടെ ആകെയുള്ള 113 കിലോമീറ്ററില്‍ 67 കിലോമീറ്ററിലെ തുരങ്ക നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ 20 കൊല്ലം കൊണ്ട് പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ അഞ്ച് കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതെന്ന് ഖത്തര്‍ റെയില്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല അല്‍ സുബൈയ് അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായുളള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.
നാല് ലൈനുകളിലായി ആദ്യഘട്ടത്തില്‍ 37 സ്റ്റേഷനുകള്‍ ഉള്‍കൊളളുന്ന മെട്രോ 2019ല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ദോഹ മെട്രോക്ക് പുറമെ ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് നെറ്റ്വര്‍ക്കിന്‍െറ നിര്‍മാണവും ഖത്തര്‍ റെയില്‍ നടത്തുന്നുണ്ട്. 37 സ്റ്റേഷനുകളും നാലു ലൈനുകളും ഉള്‍കൊളളുന്നതാണ് ലുസൈലില്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് നെറ്റ്വര്‍ക്ക്. ഈ പദ്ധതിയുടെ തുരങ്ക നിര്‍മാണം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, ദീര്‍ഘദൂര അതിവേഗ യാത്രാ, ചരക്ക് റെയില്‍ പാതയുടെ നിര്‍മാണം മുമ്പോട്ട് നീങ്ങിയിട്ടില്ല. എജുക്കേഷന്‍ സിറ്റിയില്‍ നിന്ന് സൗദി അറേബ്യ അതിര്‍ത്തി വരെ നീളുന്ന ഈ റെയില്‍ ജി.സി.സി റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനാണ് പദ്ധതി. ഈ പദ്ധതിക്കായി ആഗസ്തിലാണ് ഖത്തര്‍ റെയില്‍ കരാറുകള്‍ ക്ഷണിച്ചത്. മറ്റ് ജി.സി.സി രാജ്യങ്ങളിലും മന്ദഗതിയിലാണ് മുമ്പോട്ടുപോകുന്നത്. പ്രതീക്ഷിച്ച പോലെ 2018ല്‍ ഇതിന്‍െറ ഉദ്ഘാടനം നടക്കാനിടയില്ളെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
