Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2015 4:30 PM IST Updated On
date_range 26 Aug 2015 4:30 PM ISTഓണത്തെ വരവേല്‍ക്കാന്‍ പ്രവാസികളൊരുങ്ങി
text_fieldsbookmark_border
ദോഹ: മരുഭൂമിയിലെ മലയാളികള്‍ ഏറിയ ഗൃഹാതുരതയോടെ ആവുംമട്ടില്‍ ഓണം ആഘോഷിക്കാനൊരുങ്ങി. ഓണപ്പൊട്ടനും പുലികളിയുമില്ളെങ്കിലും ഓണക്കോടിയുടുത്തും ഓണസദ്യയൊരുക്കിയും ആഘോഷം കെങ്കേമമാക്കാനുളള തയ്യാറെടുപ്പിലാണ് ഖത്തറിലെ പ്രവാസി മലയാളികള്‍. പ്രവാസി മലയാളികളുടെ ഓണാഘോഷത്തെ വരവേല്‍ക്കാന്‍ പൂക്കളും ഓണപ്പുടവയും കേരളത്തിന്‍െറ തനത് ഓണ വിഭവങ്ങളുമായി വിപണിയും ഒരുങ്ങി. ഓണ വസ്ത്രങ്ങളുടെയും വിവിധ തരം ഓണ വിഭവങ്ങളുടെയും പരസ്യങ്ങളുമായി ഹൈപ്പര്‍മാര്‍റ്റുകളും ഹോട്ടലുകളും ദിവസങ്ങള്‍ക്ക് മുമ്പേ രംഗത്തുണ്ട്.
ഓണം പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കും കച്ചവട സ്ഥാപനങ്ങളില്‍ അനുഭവപ്പെട്ടു. മലയാളി മാനേജ്മെന്‍റിലുളള ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഓണം വിഭവങ്ങള്‍ക്ക് പ്രത്യേക വിലക്കിഴവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളികളെ ആകര്‍ഷിക്കാന്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണ മല്‍സരങ്ങളും ഓണാഘോഷ പരിപാടികളുമുണ്ട്. മല്‍സര വിജയികള്‍ക്ക് വിലയേറിയ സമ്മാനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട് പലരും. ഇന്നും നാളെയുമായി മാവേലി വരവേല്‍പ്പ്, പൂക്കള മത്സരം, പായസ മല്‍സരം തുടങ്ങിയ വിവിധ പരിപാടികള്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നടക്കുന്നുണ്ട്.
ഈ വര്‍ഷത്തെ ഓണം അവധിദിനമായ വെളളിയാഴ്ചയായതിനാല്‍ പല ബാച്ചിലര്‍ ഫ്ളാറ്റുകളിലും സ്വന്തമായി ഓണ ഓണസദ്യയുണ്ടാക്കാനുളള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. ഓണം പ്രമാണിച്ച് സെറ്റ് സാരികളും പുരുഷന്‍മാര്‍ക്കുളള മുണ്ടുകളും, പട്ട് പാവാടകളും പല സ്ഥാപനങ്ങളും പ്രത്യേകമായി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ചില ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഓണഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ഈ വര്‍ഷം മധ്യവേനലവധി അവസാനിക്കാത്തതിനാല്‍ കൂടുതല്‍ കടുംബങ്ങളും നാട്ടില്‍ ഓണം ആഘോഷിക്കാനുളള തയ്യാറെടുപ്പിലാണ്. അടുത്ത മാസം ആദ്യത്തോടെയാണ് ഖത്തറില്‍ സ്കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് തുറക്കുക. ഓണം കഴിഞ്ഞ് അടുത്തയാഴ്ച മുതലാണ് അധിക കുടുംബങ്ങളും തിരിച്ച് വരുന്നത്. ഓണക്കാലത്ത് വിമാന കമ്പനികളുടെ ആകാശ കൊളള മാത്രമാണ് പ്രവാസികളെ അലട്ടുന്നത്. വിമാനക്കൂലി പത്തിരട്ടിയോളം വര്‍ധിച്ചെങ്കിലും നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഓണമഘോഷിക്കാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയാണ് പലരും.
പ്രവാസ ലോകത്തെ സംഘടനകള്‍ക്കിടയില്‍ ഏത് ആഘോഷവും പോലെ ഇനി വരും മാസങ്ങള്‍ ഓണാഘോഷ ചടങ്ങുകളുടേതായിരിക്കും. മാവേലി വരവേല്‍പ്പ്, പൂക്കള മല്‍സരം, പുലിക്കളി, വിവിധ കലാ പരിപാടികള്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളാണ് വിവിധ സംഘടനകള്‍ ഒരുക്കുന്നത്. ഒപ്പം വിഭവസമൃദ്ധമായ സദ്യയും. ചില സംഘടനകള്‍ സദ്യ സ്വയം ഒരുക്കുമ്പോള്‍ മറ്റ് ചിലര്‍ ഹോട്ടലുകളെയാണ് ഓണസദ്യക്കായി ആശ്രയിക്കുന്നത്. അടുത്ത മാസം ഈദ് കൂടി കടന്നുവരുന്നതോടെ തലക്കെട്ടുകള്‍ ഈദ് ഓണം ആഘോഷങ്ങളായി മാറും. ഒപ്പം കേരളത്തിന്‍െറ മാനവസൗഹ്യദത്തിന്‍െറ വിളമ്പരം കൂടിയാകും മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ ആഘോഷങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
