Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2015 5:18 PM IST Updated On
date_range 4 Aug 2015 5:18 PM ISTഅമേരിക്ക-ഗള്‍ഫ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം സമാപിച്ചു
text_fieldsbookmark_border
ദോഹ: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പങ്കെടുത്ത ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരുടെ സമ്മേളനം ദോഹയില്‍ സമാപിച്ചു. ദോഹ ഷെറാട്ടന്‍ ഹോട്ടലിലാണ് ആറ് ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത ഉച്ചകോടി നടന്നത്. ഇറാന്‍ ആണവകരാറുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടിയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ ദുരീകരിക്കുന്നതിന്‍െറ ഭാഗമായാണ് അമേരിക്ക മുന്‍കയ്യെടുത്ത് സമ്മേളനം സംഘടിപ്പിച്ചത്.
ഇറാനുമായി ഉണ്ടാക്കിയ ആണവകരാര്‍ ഗള്‍ഫ് മേഖലയില്‍ സുരക്ഷിതത്വവും സുസ്ഥിരതയും നിലനിര്‍ത്താന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങള്‍ ഇടപെടാതെയും തര്‍ക്കങ്ങളും മറ്റും സമാധാന പൂര്‍ണ്ണമായ ചര്‍ച്ചയിലൂടെ പരിഹരിക്കുകയും ചെയ്യുന്ന അയല്‍പക്ക ബന്ധമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനുമായി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മധ്യേഷ്യ ഇന്ന് നേരിടുന്ന അസ്ഥിരതയുടെയും അസമാധനത്തിന്‍െറയും അടിസ്ഥാന കാരണം ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമമാണ്. ആറ് പതിറ്റാണ്ടിന്‍െറ പഴക്കമുളള ഈ പ്രശ്നം പരിഹരിക്കുന്നതില്‍ അന്തരാഷ്ട്ര സമൂഹം പരാജയപ്പെട്ടു. ഇതിന് പരിഹാരം കാണാന്‍ അമേരിക്ക ഉള്‍പ്പെടെയുളള അന്തരാഷ്ട്ര ശക്തികള്‍ മുമ്പോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രശ്നം പരിഹരിക്കാന്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ അന്തരാഷ്ട്ര സമൂഹം പരാജയപ്പെട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ കൂട്ടായ നടപടികള്‍ ഉണ്ടാകണം. ഇറാഖ് പ്രശ്ന പരിഹാരത്തിന് ദേശീയ സമവായമാണ് ആവശ്യം. വിദേശ ശക്തികളുടെ ഇടപെടലുകളോ വംശീയ വിവേചനങ്ങളോ ഇല്ലാതെ, അതെസമയം വംശീയത അംഗീകരിച്ചുകൊണ്ടുമുളള പരിഹാരമാണ് ആവശ്യം.
ലോകം ഇന്ന് ഭീകരതയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഇപ്പോള്‍ ഗള്‍ഫ് മേഖലയെയും ബാധിച്ചതായും മെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഭീകരവാദികളുടെ പ്രവര്‍ത്തന ഫലമായി നിരവധി നിരപരാധികളാണ് കൊല്ലപ്പെടുന്നത്.
അതുകൊണ്ടു തന്നെ ലോക സുരക്ഷിതത്വത്തിനും സുസ്ഥിരതക്കും ഭീഷണിയാകുന്ന ഭീകരതയെ വേരോടെ പിഴുതെറിയാന്‍ കൂട്ടായ പരിശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുടെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുളള ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും ജി.സി.സി വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിച്ചതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ പറഞ്ഞു.
യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സൗദി വിദേശകാര്യമന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍, ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സ്വബാഹ്, ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലാവി, ജി.സി.സി കോര്‍പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
അമേരിക്ക, റഷ്യ, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളുടെ ചര്‍ച്ചകളും ദോഹയില്‍ നടന്നു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവും ഇതിനായി ഖത്തറിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
