ദരിദ്രരാജ്യങ്ങൾക്ക് ഖത്തറിന്റെ കൈത്താങ്ങ്
text_fieldsഖത്തർ ധനമന്ത്രി അലി അൽ കുവാരി ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റീന ജോർജീവക്കൊപ്പം
ദോഹ: ലോകത്തെ ദരിദ്രരാജ്യങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന് പദ്ധതികൾ ആവിഷ്കരിച്ച് ഖത്തർ. അന്താരാഷ്ട്ര നാണയനിധിയിലെ ഖത്തറിന്റെ ആസ്തിയുടെ 20 ശതമാനം ദരിദ്രരാജ്യങ്ങളുടെ വികസനത്തിനായി ചെലവഴിക്കുമെന്ന് ധനകാര്യമന്ത്രി അലി അൽ കുവാരി പ്രഖ്യാപിച്ചു.
ദോഹ സാമ്പത്തിക ഫോറത്തിന്റെ രണ്ടാം ദിനത്തിൽ ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റീന ജോർജീവയുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാന പ്രഖ്യാപനം നടത്തിയത്. ലോക രാജ്യങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുമാണ് പണം ചെലവഴിക്കുക.
ലോക സമ്പദ്ഘടന അതി സങ്കീര്‍ണമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഇക്കാലത്ത് ദരിദ്രരാജ്യങ്ങള്‍ക്ക് സാമ്പത്തികനില മെച്ചപ്പെടുത്താനും ദാരിദ്ര്യത്തിനെതിരെ പോരാടാനും തൊഴിൽ സൃഷ്ടിക്കാനുമാണ് ഖത്തര്‍ അവസരമൊരുക്കുന്നതെന്ന് ധനകാര്യമന്ത്രി പറഞ്ഞു. ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്ന് ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ജോര്‍ജീവ വ്യക്തമാക്കി.
ഖത്തറിന്റെ ഉദാരതയിലൂടെ ഐ.എം.എഫ് അതിനെ നേരിടാന്‍ പോവുകയാണ്. പാവപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാജ്യമാണ് ഖത്തറെന്നും അവര്‍ പ്രശംസിച്ചു. 96 രാജ്യങ്ങള്‍ക്ക് നിലവില്‍ സഹായമെത്തിക്കുന്നതായി ഐ.എം.എഫ് വ്യക്തമാക്കി.ചൊവ്വാഴ്ച തുടക്കം കുറിച്ച ദോഹ സാമ്പത്തിക ഫോറം വ്യാഴാഴ്ച സമാപിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി രണ്ടായിരത്തോളം പ്രതിനിധികളാണ് സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നത്. വിവിധ രാഷ്ട്ര നേതാക്കളും സംബന്ധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

