അട്ടിമറി നീക്കം, പരാജയം
text_fieldsദോഹ: 1996ൽ ഖത്തർ ഗവൺമെൻറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്നും പാഴായ ശ്രമങ്ങൾക്ക് പിന്നിൽ സൗദി അറേബ്യയും യു എ ഇയും ബഹ്റൈനുമാണെന്നും അൽ ജസീറയുടെ വെളിപ്പെടുത്തൽ. ഞായറാഴ്ച പുറത്തുവിട്ട അൽ ജസീറയുടെ അന്വേഷണ ഡോക്യുമെൻററിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഡോക്യുമെൻററിയുടെ ഒന്നാം ഭാഗമാണ് സംേപ്രഷണം ചെയ്തിരിക്കുന്നത്.
അട്ടിമറി ശ്രമങ്ങളിൽ തങ്ങളുടെ പങ്കെന്താണെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. അട്ടിമറി ശ്രമങ്ങളുമായി ബന്ധപ്പെട്ട് സൗദി ഇൻറലിജൻസുമായും സൗദി രാജാവുമായും ബന്ധമുള്ള രേഖകളിലേക്കും അൽ ജസീറയുടെ ഡോക്യുമെൻററി വെളിച്ചം വീശുന്നുണ്ട്. 1996 റമദാൻ മാസത്തിൽ ഫെബ്രുവരി 14നാണ് ഓപറേഷൻ അബൂ അലി എന്ന് പേരിട്ട അട്ടിമറി ശ്രമം നടന്നിരിക്കുന്നതെന്നും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയെയും ഭരണകൂടത്തെയും അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഇതെന്നും അൽ ജസീറ വ്യക്തമാക്കുന്നു. അന്നത്തെ പോലീസ് മേധാവിയും പിതാവ് അമീറിെൻറ ബന്ധുവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഡോക്യുമെൻററിയിൽ സൂചിപ്പിക്കുന്നു. ഭരണകൂടത്തെ അട്ടിമറിക്കുന്നതിൽ പങ്കെടുത്ത മുൻ ഖത്തരി ഇൻറലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ഫഹ്ദ് അൽ മലികി ഉൾപ്പെടെയുള്ളവരുടെ അഭിമുഖങ്ങളും ഡോക്യുമെൻററിയിലുണ്ട്.
അൽ മലികിയെ പിന്നീട് തടവിലാക്കുകയും കഴിഞ്ഞ വർഷം മാപ്പ് നൽകി മോചിപ്പിക്കുകയും ചെയ്തിരുന്നു. നാല് രാജ്യങ്ങൾ ഒത്തുചേർന്ന് അട്ടിമറി ആസൂത്രണം ചെയ്യുന്നതിന് ഒരു സമിതി തന്നെ രൂപീകരിച്ചിരുന്നതായി ഫഹ്ദ് അൽ മലികി ഡോക്യുമെൻററിയിൽ വ്യക്തമാക്കുന്നുണ്ട്. അന്നത്തെ യു എ ഇ സായുധസേന ചീഫ് ഓഫ് സ്റ്റാഫും നിലവിലെ അബൂദാബി കിരീടവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ്, മുൻ ബഹ്റൈൻ കിരീടവകാശിയായിരുന്ന ശൈഖ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ, സൗദി മുൻ പ്രതിരോധമന്ത്രി ശൈഖ് സുൽതാൻ ബിൻ അബ്ദുൽ അസീസ്, ഈജിപ്ഷ്യൻ ഇൻറലിജൻസ് മേധാവിയും വൈസ് പ്രസിഡൻറുമായിരുന്ന ഉമർ സുലൈമാൻ എന്നിവരായിരുന്നു സമിതിയെ നയിച്ചിരുന്നതെന്ന് ഡോക്യുമെൻററിയിൽ പറയുന്നു. അൽ റയ്യാനിലുള്ള ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വീട് ഉപരോധിച്ച് റെയ്ഡ് നടത്തിയതിന് ശേഷം അദ്ദേഹത്തെ തടവിലാക്കാനും ഒരു സംഘത്തിന് നിർദേശം നൽകിയിരുന്നതായി ഇതിന് പിന്നിൽ പ്രവർത്തിച്ചവർ അൽ ജസീറയോട് വ്യക്തമാക്കി.
ഫെബ്രുവരി 16ന് രാവിലെ അഞ്ചിന് ഓപറേഷൻ നടത്താനാണ് ഇന്നത്തെ യു എ ഇ അമീർ ശൈഖ് ഖലീഫ ബിൻ സായിദ് നിർദേശിച്ചിരുന്നതെങ്കിലും പദ്ധതി പൊളിയാതിരിക്കുന്നതിന് രണ്ട് ദിവസം മുന്നേ ഓപറേഷൻ നടത്താൻ അദ്ദേഹത്തിെൻറ നേതൃത്വത്തിൽ തീരുമാനിക്കുകയായിരുന്നെന്ന് ഡോക്യുമെൻററിയിൽ വ്യക്തമാക്കുന്നു.
സൈന്യത്തിെൻറയും സുരക്ഷാ സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്താൽ സൗദി അതിർത്തിയിലൂടെ സൈന്യത്തെ ഖത്തറിലേക്ക് പ്രവേശിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ പദ്ധതി പുറത്താകുകയും പരാജയപ്പെടുത്തുകയുമായിരുന്നു.
അവർ നിയന്ത്രണം പിടിച്ചെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ സ്ഥിതി ഇതാകുമായിരുന്നില്ല, കണ്ണിൽ കണ്ടവരെയൊക്കെ വധിക്കുന്നതിൽ അവർക്ക് ഒരു പ്രശ്നവുമില്ല. അവർക്കൊന്നും നഷ്ടപ്പെടാനില്ലായിരുന്നു. വിരമിച്ച ബ്രിഗേഡിയർ ജനറൽ ഷഹീൻ അൽ സുലൈതി അൽ ജസീറയോട് പറഞ്ഞു. ഖത്തറിനെതിരായ ഉപരോധം എട്ട് മാസം പിന്നിടുന്ന സാഹചര്യത്തിലാണ് ഡോക്യുമെൻററി പുറത്തുവിടുന്നത്. ഡോക്യുമെൻററി പുറത്തുവിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
