നാദിർ... കരുണയൊഴുകട്ടെ, നിനക്കുവേണ്ടി; മൂന്നുവയസ്സുകാരന്റെ ചികിത്സക്കു വേണ്ടത് 17 കോടി രൂപ
text_fieldsനാദിർ അൽകാസ് ടെലിവിഷൻ വാർത്തക്കിടെ
ദോഹ: ടെലിവിഷൻ അവതാരകന്റെ ചോദ്യങ്ങൾക്കെല്ലാം, ഓമനത്തം തുളുമ്പുന്ന പുഞ്ചിരിയോടെയാണ് ആ മൂന്നുവയസ്സുകാരന്റെ മറുപടി. ഇറാഖിൽനിന്നുള്ള നാദിർ എന്ന കുഞ്ഞുബാലന്റെ ജീവിതം പക്ഷേ, വലിയ നൊമ്പരങ്ങൾക്കുള്ളിൽ കെട്ടുപിണഞ്ഞുകിടക്കുകയാണിന്ന്. സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ച നാദിറിന്റെ അടിയന്തര ചികിത്സക്കു വേണ്ടത് 21 ലക്ഷം ഡോളറാണ് (ഏകദേശം 17 കോടി രൂപ).
വൻതുക ചെലവു വരുന്ന ചികിത്സക്ക് എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്ന നാദിറിന്റെ കുടുംബത്തിന്റെ കഥ അൽകാസ് ടി.വി സംപ്രേഷണം ചെയ്തിരുന്നു. ഇതോടെ, നാദിറിന്റെ ചികിത്സക്കുവേണ്ട ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ ഖത്തർ ചാരിറ്റി രംഗത്തെത്തുകയായിരുന്നു. സ്വിറ്റ്സർലൻഡിലും ഖത്തറിലെ സിദ്റ ആശുപത്രിയിലുമാണ് രോഗത്തിന് ചികിത്സയുള്ളതെന്നറിഞ്ഞ നാദിറിന്റെ പിതാവ് സിദ്റയിൽ ചികിത്സക്കായി ആഗ്രഹിച്ചാണ് ഖത്തറിനെ സമീപിച്ചത്.
‘വിലയേറിയ ഒരു ഇൻജക്ഷനാണ് മകന്റെ രോഗം ഭേദമാകാനുള്ള ഏകമാർഗം. ഖത്തറാണ് ഞങ്ങൾക്ക് മുന്നിലുള്ള ഒരേയൊരുവഴി. സ്വിറ്റ്സർലൻഡ് വളരെ ദൂരെയാണ്’ -പിതാവ് പറഞ്ഞു.
മകന് ഒരു വയസ്സുള്ളപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്ന് നാദിറിന്റെ പിതാവ് പറഞ്ഞു. ‘നടക്കാൻ കഴിയുമായിരുന്നു അവന്. പക്ഷേ, എഴുന്നേൽക്കാൻ ഏറെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപെട്ടു. അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ബൈറൂത്തിന്റെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ടൈപ് രണ്ട് എസ്.എം.എ ആണെന്ന് അവിടന്നാണ് സ്ഥിരീകരിച്ചത്.’
അൽകാസ് ടി.വി അവതാരകൻ ഖാലിദ് ജാസിമാണ് ഖത്തർ ചാരിറ്റി അധികൃതർക്കു മുമ്പാകെ നാദിറിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തുന്നത്. കുട്ടിയുടെ അടിയന്തര ചികിത്സക്കുവേണ്ടിയുള്ള സംഭാവന സ്വീകരിക്കാൻ ലിങ്ക് ഷെയർ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഖത്തർ ചാരിറ്റിയെ സമീപിച്ചത്. പേശികളുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന ജനിതക രോഗമാണ് സ്പൈനൽ മസ്കുലാർ അട്രോഫി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

