അഞ്ചാം ലോക കേരളസഭക്ക് ഖത്തറിൽനിന്ന് 16 പേർ
text_fieldsദോഹ: കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദിയായ ലോക കേരളസഭയുടെ പുതിയ പ്രവാസി അംഗങ്ങളെ തെരഞ്ഞെടുത്തു. പുതിയ കാലയളവിലേക്കുള്ള അംഗങ്ങളിൽ രണ്ട് വനിതകൾ ഉൾപ്പെടെ 16 പേരെ ഖത്തറിൽനിന്ന് തെരഞ്ഞെടുത്തിട്ടുണ്ട്. നോർക്ക ഡയറക്ടർമാരായ ജെ.കെ. മോനോൻ, സി.വി. റപ്പായി, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ സെക്രട്ടറി ബിജു പി. മംഗലം, സംസ്കൃതി ഭാരവാഹികളായ സാബിത്ത് സഹീർ, ഷംസീർ അരിക്കുളം, സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗവും വനിത വേദി പ്രസിഡന്റുമായ ജസിത നടപ്പിരയിൽ, അഹമ്മദ് കുട്ടി, യുവകലാ സാഹിതി കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി സിറാജുദ്ദീൻ, ഭാരവാഹിയായ ബിനു ഇസ്മാഈൽ, കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീൻ ഷാഫി, ഇൻകാസ് ഖത്തർ സെക്രട്ടറി ജുട്ടാസ് പോൾ, സാമൂഹിക പ്രവർത്തകരായ റഹൂഫ് കൊണ്ടോട്ടി, ഷൈനി കബിർ, ഖത്തർ ഐ.എം.സി.സി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂർ, ഇന്ത്യൻ മൈനോറിറ്റീസ് കൾച്ചറൽ സെന്റർ പ്രതിനിധി പി.പി. സുബൈർ എന്നിവരാണ് ഖത്തറിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ ഷൈനി കബീർ, മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവയൺമെന്റൽ ഡിപ്പാർട്മെന്റിൽ സീനിയർ പ്രോഗ്രാം അനലിസ്റ്റാണ്. ലോക കേരളസഭയിൽ നിലവിൽ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണിത്. പ്രവാസികളിൽ ഇന്ത്യക്ക് പുറത്തുള്ളവർ 104 പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് 36 പേരും തിരിച്ചെത്തിയവർ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ പ്രമുഖർ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാകും. കൂടാതെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക സെക്രട്ടറി അനുപമ, നോർക്ക റൂട്ടസ് വൈസ് ചെയർമാൻ യൂസുഫലി, നോർക്ക റൂട്ടസ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവർ അടങ്ങിയ 10 അംഗ സെക്രട്ടേറിയറ്റ് മെംബർമാരും ഉണ്ട്.
ലോക കേരളസഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും 30, 31 തീയതികളിൽ നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രതിനിധി സമ്മേളനവും നടക്കും. പ്രവാസി മലയാളികളുടെ സജീവപങ്കാളിത്തം ഫലപ്രദമായി ഉപയോഗിച്ച് കേരളത്തിന്റെ സമ്പൂർണ വികസനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക കേരളസഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്റെ വികസനത്തിനു വേണ്ടി പ്രവര്ത്തിക്കുകയുമെന്ന ലക്ഷ്യത്തോടെ കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

